29.2 C
Kollam
Friday 4th September, 2026 | 05:08:39 PM
Home News Breaking News ഒമ്പതു ദിവസം തുരങ്കത്തിൽ; ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ‘ഹരേ കൃഷ്ണ’ മന്ത്രം

ഒമ്പതു ദിവസം തുരങ്കത്തിൽ; ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ‘ഹരേ കൃഷ്ണ’ മന്ത്രം

കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒമ്പതു ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ദുരന്തമുഖത്ത് താൻ അനുഭവിച്ച ഭയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുമ്പോൾ സഞ്ജയ് സാഹ എന്ന മുപ്പതുകാരന്റെ ശബ്ദം ഇടറുകയായിരുന്നു. ഇരുണ്ട തുരങ്കത്തിനുള്ളിൽ കഴിഞ്ഞ ഒമ്പതു ദിവസവും തന്റെ ജീവൻ നിലനിർത്തിയത് ‘ഹരേ കൃഷ്ണ’ മന്ത്രമാണെന്ന് സാഹ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തന്നെ പുറംലോകത്തേക്ക് തിരിച്ചെത്താനായതും അദ്ദേഹം ദൈവാനുഗ്രഹമായാണ് കാണുന്നത്.

മധേഷ് പ്രവിശ്യയിലെ സപ്താരി ജില്ലക്കാരനായ സഞ്ജയ് സാഹ ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിലെ ഫോർമാനാണ്. അപകടം നടക്കുമ്പോൾ കൺട്രോൾ റൂമിലായിരുന്നു ജോലി. അപകടത്തിന്റെ സൂചന ലഭിച്ചയുടൻ മറ്റുള്ളവരോട് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ സാഹ ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതമായി പുറത്തുകടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനിടെ അദ്ദേഹത്തിന് തുരങ്കത്തിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം നഷ്ടമായി. മറ്റുള്ളവരുടെ ജീവന് മുൻഗണന നൽകിയ സാഹ ഒടുവിൽ ആഴമേറിയ തുരങ്കത്തിനുള്ളിൽ ഒറ്റപ്പെടുകയായിരുന്നു.

കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്നയാളെന്ന നിലയിൽ എല്ലാവരുടെയും ജീവൻ രക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്ന് സാഹ പറഞ്ഞു. തുരങ്കത്തിനുള്ളിൽ കഴിഞ്ഞ ഒമ്പതു ദിവസവും ഒരിക്കൽപ്പോലും പ്രതീക്ഷ കൈവിട്ടില്ലെന്നും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

രക്ഷാപ്രവർത്തകർ എത്തുമോ എന്ന ആശങ്കയും ഇരുട്ടിനുള്ളിലെ ഏകാന്തതയും അതിജീവിക്കാൻ നിരന്തരം ‘ഹരേ കൃഷ്ണ’ മന്ത്രം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു സാഹ. പുറംലോകവുമായി ബന്ധമില്ലാതെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിലും മന്ത്രജപം മനസ്സിന് ധൈര്യം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

ഒടുവിൽ രക്ഷാപ്രവർത്തകർ തുരങ്കത്തിനുള്ളിൽനിന്ന് സാഹയെ പുറത്തെടുത്തപ്പോൾ അത് അദ്ദേഹത്തിന് മാത്രമല്ല, രക്ഷാപ്രവർത്തകർക്കും ആശ്വാസത്തിന്റെ നിമിഷമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ അതിജീവനം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നും സഞ്ജയ് സാഹ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here