മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്‍, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്‍, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 28നാണ് കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ പ്രതികള്‍ മര്‍ദിച്ചു കൊന്നത്. മര്‍ദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി.
മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസിലെ ആറ് മുതല്‍ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നന്‍ ഷഫീഖ്, മുക്കില്‍പീടിക പറമ്പാട്ട് മന്‍സൂര്‍, അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
മങ്കട സദാചാര കൊലക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പത്ത് ശതമാനം ഡിഎ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. വര്‍ധിപ്പിച്ച ഡിഎ മാര്‍ച്ച് മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുന്നതാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ 25 ശതമാനം ക്ഷാമ ബത്ത 35 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവിറക്കിയത്. മൂന്ന് ശതമാനം ഫെബ്രുവരി മാസത്തില്‍ ഒരു ഗഡുവായി നല്‍കിയിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളില്‍ 13 ശതമാനം ഡിഎ, ഡിആര്‍ വര്‍ധനയാണ് നടപ്പാക്കിയത്.
ജീവനക്കാർക്ക് 13 ശതമാനമാണ് കുടിശ്ശികയാണ് ഉണ്ടായിരുന്നത്. മൂന്ന് ശതമാനം ഫെബ്രുവരി മാസത്തിൽ ഒരു ഗഡുവായി നൽകി. ശേഷിച്ചിരുന്ന 10 ശതമാനമാണ് ധനവകുപ്പ് ഇപ്പോൾ അനുവദിച്ചത്. ഇത് മാർച്ച് മാസത്തിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് 2021 ഫെബ്രുവരിയില്‍ 16 ശതമാനം ഡിഎ, ഡിആര്‍ ഒരുമിച്ചു നല്‍കി കുടിശ്ശിക പൂര്‍ണമായും തീര്‍ത്തത്.
രാത്രിയിൽ മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ടു, കാറുമായി കറങ്ങാനിറങ്ങിയ 14 കാരൻ ഓടിച്ച കാർ തല കീഴായ് മറിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. വിദ്യാര്‍ത്ഥിയും സഹപാഠിയുമാണ് കാറിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ മുറി പൂട്ടിയിട്ട് രാത്രിയിൽ കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്. ആര്‍സി ഓണറായ അച്ഛനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ സൂഹൃത്തിനെയും വിളിച്ചാണ് വിദ്യാര്‍ത്ഥി നൈറ്റ് ഡ്രൈവിനിറങ്ങിയത്. ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. പൊലീസെത്തി രണ്ട് വിദ്യാര്‍ത്ഥികളെയും തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, എഴുപതുകാരന് 26 വര്‍ഷം കഠിന തടവും പിഴയും
പാലക്കാട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എഴുപതുകാരന് 26 വര്‍ഷം കഠിന തടവും 2,60,000 രൂപ പിഴയും. കുനിശ്ശേരിസ്വദേശി അമ്പലവളവ് കിഴക്കേത്തറ, ശ്രീഹരി ഹൗസ്, ഹരിദാസന്‍ മേനോന്‍ ആണ് പ്രതി. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സന്തോഷ്. കെ വേണുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പിഴയുടെ പകുതി അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.
2021 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 12 വരെ പല ദിവസങ്ങളില്‍ അതിജീവിത താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ഗുരുതര ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഇതില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ ഇടയായി എന്നാണ് പ്രോസീക്യൂഷന്‍ വാദം.
ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന റിയാസ് ചാക്കേരിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ താജുദ്ദീന്‍, എഎസ്ഐ വത്സന്‍, സുലേഖ എന്നിവര്‍ അന്വേഷണം ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എസ് ബിന്ദു നായര്‍ കോടതി ഹാജരായി. പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ച്, 42 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സിപിഒ നിഷ മോള്‍ കോടതി നടപടികള്‍ ഏകോപിപ്പിച്ചു.
സ്‌കൂളിന്റെ വരാന്തയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് സ്‌കൂളിന്റെ വരാന്തയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കുന്നിലെ പ്രൈവറ്റ് കോളജില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കുണ്ടുതോട് യുപി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തൊട്ടില്‍പ്പാലം പൊലീസും കോഴിക്കോട് റൂറല്‍ ഫോറന്‍സിക്ക് യൂണിറ്റും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൈക്കൂലിക്ക് പുതിയ വഴി, അമ്പതിനായിരം രൂപ തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാന്‍ നിര്‍ദ്ദേശം, വില്ലേജ് ഓഫിസര്‍ പിടിയില്‍
തൃശൂര്‍. അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ പി വിനോദിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
ആര്‍ഒആര്‍ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും വിനോദ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ രണ്ടരലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി. അമ്പതിനായിരം രൂപ തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാനായിരുന്നു നിര്‍ദ്ദേശം.
സംഭവത്തില്‍ പരാതിക്കാരന്‍ വിജിലന്‍സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് എത്തി പിടികൂടിയത്. ഫയലില്‍ വച്ച പണവും വിജിലന്‍സ് പിടിച്ചെടുത്തു. വിനോദിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
നിയന്ത്രണംവിട്ട ലോറി പാറക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു…. ക്ലീനര്‍ ലോറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നു
മലപ്പുറം: വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കുളത്തില്‍ വീണ ലോറി പൂര്‍ണമായും മുങ്ങി.
നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്സ്, പൊലീസ് നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോറിയുടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍.
രാഹുൽ ഗാന്ധി സുൽത്താൻപൂർ കോടതിയിൽ ഹാജരായി
ന്യൂ ഡെൽഹി : അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. കേസില്‍ 2024ല്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018ല്‍ കര്‍ണ്ണാകടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. സമാന പരാമര്‍ശത്തില്‍ രാഹുലിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകളുണ്ട്. കേസ് അംഗീകാരമാണെന്നും, സത്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഇത്തരം കേസുകള്‍ സ്വാഭാവികമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു
കുണ്ടറ.കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു.വാതിൽ പടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചത്.അക്രമി കണ്ടക്ടറെ മർദിക്കുകയും ചെയ്‌തു
കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം.കണ്ടക്ടറുടെ പരാതിയിൽ മർദിച്ചയാളെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിനെ മർദിച്ചത് പ്രതി അരുൺ ആണ്.പകരം കണ്ടക്ടർ വന്ന ശേഷം ആണ് ബസ് സർവീസ് തുടർന്നത്




































