തുടക്കത്തിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാതെ സാവധാനം ഗുരുതരമാകുന്ന ഒന്നാണ് വൃക്കരോഗങ്ങൾ. പ്രമേഹം, അമിത രക്തസമ്മർദ്ദം, അമിതവണ്ണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ക്രോണിക് കിഡ്നി ഡിസീസ് അഥവാ വിട്ടുമാറാത്ത വൃക്കരോഗം ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വൃക്ക തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും നേരത്തെയുള്ള പരിശോധനകളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
വൃക്കരോഗം കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ട്?
ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാത്തതും പ്രകടമാകുന്ന ലക്ഷണങ്ങൾ വളരെ നിസ്സാരമായതും ആയതിനാലാണ് വിട്ടുമാറാത്ത വൃക്കരോഗങ്ങൾ പലപ്പോഴും അവസാന ഘട്ടത്തിൽ മാത്രം തിരിച്ചറിയപ്പെടുന്നത്. അമിതമായ തളർച്ച, ശരീരത്തിൽ നേരിയ നീര്, മൂത്രത്തിന്റെ അളവിൽ മാറ്റങ്ങൾ എന്നിവയെല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണമാകാം. എന്നാൽ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ ആളുകൾ അവഗണിക്കാറാണ് പതിവ്.
രോഗസാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ
വൃക്കരോഗങ്ങൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ഇതിൽ പ്രധാനമെങ്കിലും അമിതവണ്ണം, ശാരീരിക അധ്വാനമില്ലായ്മ, വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം, പുകയില ഉപയോഗം, കുടുംബത്തിൽ മറ്റാർക്കെങ്കിലും വൃക്കരോഗമുള്ള പാരമ്പര്യം എന്നിവയും രോഗസാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണരീതി, ഭക്ഷണത്തിൽ ഉപ്പിന്റെ അമിത ഉപയോഗം, കുറഞ്ഞ അളവിൽ മാത്രം വെള്ളം കുടിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും കൃത്യമായി നിയന്ത്രിക്കാത്തത് തുടങ്ങിയ ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങൾ വൃക്ക രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. ഈ ഘടകങ്ങൾ വൃക്കകൾക്ക് നിരന്തരമായ സമ്മർദ്ദമാണ് നൽകുന്നത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ വാങ്ങി കഴിക്കുന്നതും വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം
നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യമായ പരിചരണത്തിലൂടെ ഭേദമാക്കാനോ നിയന്ത്രിക്കാനോ സാധിക്കും എന്നതാണ് വൃക്കരോഗങ്ങളുടെ കാര്യത്തിൽ ആശ്വാസകരമായ വശം. പലരിലും വൃക്കകളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞു വരുമ്പോഴും പുറമേക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെന്നു വരില്ല. ആരോഗ്യകരമായ ഭക്ഷണക്രമം, രക്തസമ്മർദ്ദത്തിന്റെയും പ്രമേഹത്തിന്റെയും കൃത്യമായ നിയന്ത്രണം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയിലൂടെ രോഗം വഷളാകുന്നതും വൃക്ക തകരാറിലാകുന്നതും ഒരു പരിധി വരെ തടയാൻ സാധിക്കും.
പ്രതിരോധവും പരിശോധനകളും
വൃക്കരോഗങ്ങൾ തടയുന്നതിൽ ബോധവൽക്കരണത്തിന് വലിയ പങ്കുണ്ട്. രോഗസാധ്യതകൾ മനസ്സിലാക്കുക, എപ്പോഴാണ് പരിശോധന നടത്തേണ്ടതെന്ന് അറിയുക, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ മുൻകരുതലുകൾ എടുക്കുക എന്നിവ വഴി വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകും. നിലവിൽ വൃക്കസംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ ചികിത്സയേക്കാൾ കൂടുതൽ പ്രതിരോധത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്.

































