ലഖ്‌നൗ: ആറുമാസത്തിനിടെ 23 പേര്‍ക്ക് വധശിക്ഷ വിധിച്ച ഉത്തര്‍ പ്രദേശിലെ ജഡ്ജിയെ സ്ഥലംമാറ്റി. മുസാഫര്‍ നഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന രവികുമാര്‍ ദിവാകറിനെ കുടുംബ കോടതിയിലേക്കാണ് മാറ്റിയത്. മുസാഫര്‍നഗര്‍ കുടുംബകോടതിയിലേക്കാണ് അലഹാബാദ് ഹൈക്കോടതി രവികുമാര്‍ ദിവാകറിനെ മാറ്റി നിയമിച്ചത്.
അതിവേഗ കോടതിയിലെ ജഡ്ജിയായിരുന്ന രവികുമാറിന് കുടുംബകോടതി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജിയായാണ് നിയമനം. രവികുമാര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി ശിവകുമാരി ചുമതലയേല്‍ക്കും. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 11 കേസുകളിലായി 23 പേര്‍ക്കാണ് രവി കുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചത്.
മൊത്തം 16 മാസത്തിനിടെ 36 വധശിക്ഷാ വിധികളാണ് ജഡ്ജി രവികുമാര്‍ പുറപ്പെടുവിച്ചത്. ഓഗസ്റ്റില്‍ തന്റെ കോടതിയില്‍ നിന്ന് കൊലപാതകവും മറ്റ് കുറ്റകൃത്യങ്ങളും അടക്കമുള്ള 97 കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ജില്ലാ സെഷന്‍സ് ജഡ്ജി ബി കെ സിങ്ങിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് രവികുമാര്‍ രംഗത്തെത്തിയിരുന്നു. 2022-ല്‍ വാരാണസി സിവില്‍ ജഡ്ജിയായിരിക്കെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ വീഡിയോഗ്രാഫിക് സര്‍വേയ്ക്ക് ഉത്തരവിട്ടത് രവികുമാര്‍ ദിവാകറായിരുന്നു.



































