ന്യൂഡെൽഹി:രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്ത്, സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം ഡൽഹി മെട്രോയുടെ നിയന്ത്രണങ്ങൾ ഒക്ടോബർ 10 രാത്രി 10 മണി വരെ നീട്ടി. നേരത്തെ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ അടച്ചിടാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യം വിലയിരുത്തി നിയന്ത്രണം 4 മണിക്കൂർ കൂടി നീട്ടുകയായിരുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചതനുസരിച്ച് പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളുമാണ് അടച്ചിട്ടിരിക്കുന്നത്.
രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, കശ്മീരി ഗേറ്റ്, ജൻപഥ്, മണ്ഡി ഹൗസ്, ഐടിഒ, സുപ്രീംകോടതി, ഖാൻ മാർക്കറ്റ്, ഹൗസ് ഖാസ്, ലജ്പത് നഗർ തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു.
നിയന്ത്രണമുള്ള 45 സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തുകടക്കലും സാധ്യമല്ലെങ്കിലും, ന്യൂഡൽഹി മെട്രോ സ്റ്റേഷൻ ഒഴികെയുള്ള മറ്റ് പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ ട്രെയിൻ മാറി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമായിരിക്കും. മെട്രോയ്ക്ക് പുറമെ സരായ് കാലെ ഖാൻ, ന്യൂ അശോക് നഗർ എന്നീ നമോ ഭാരത് സ്റ്റേഷനുകളും രാത്രി 10 മണി വരെ അടച്ചിടും. രാത്രി 10 മണിക്ക് ശേഷം സുരക്ഷാ ഏജൻസികൾ സാഹചര്യം പുനഃപരിശോധിച്ച ശേഷമായിരിക്കും നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും സിജെപിയും (CJP) നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഡൽഹി പോലീസിന്റെ ആവശ്യപ്രകാരം ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നത്.






























