ഇടുക്കി :കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം അടച്ചുപൂട്ടി. ആറുമാസമായി ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് അടച്ച്പൂട്ടാൻ തീരുമാനമെടുത്തത്.
ശമ്പളവും ഓണറേറിയവും മുടങ്ങി. പഞ്ചായത്തിലെ 14 ജീവനക്കാർക്ക് (8 സ്ഥിരം ജീവനക്കാരും 6 താൽക്കാലിക ജീവനക്കാരും) കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ 14 പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയവും മുടങ്ങിക്കിടക്കുകയാണ്.
സർക്കാരിൽ നിന്നുള്ള ജനറൽ പർപ്പസ് ഗ്രാന്റ് (GPG) മാത്രമാണ് പഞ്ചായത്തിന്റെ ഏക ആശ്രയം. മുമ്പ് പ്രതിമാസം 10 മുതൽ 12 ലക്ഷം രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 87,500 രൂപ മാത്രമാണ് അനുവദിക്കുന്നത്. ശമ്പളത്തിന് മാത്രം പ്രതിമാസം 5 ലക്ഷത്തോളം രൂപയും ഓണറേറിയത്തിന് 1.29 ലക്ഷം രൂപയും ആവശ്യമാണ്.
ആദിവാസി വീടുകൾക്ക് കെട്ടിടനികുതി ഇളവുള്ളതിനാലും വാണിജ്യ സ്ഥാപനങ്ങൾ ഇല്ലാത്തതിനാലും മറ്റ് പഞ്ചായത്തുകളെപ്പോലെ തനത് വരുമാനം കണ്ടെത്താൻ ഇടമലക്കുടിക്ക് കഴിയില്ല. ജീവനക്കാരുടെ പ്രൊഫഷണൽ ടാക്സും മറ്റ് ചെറിയ നികുതികളും ഉൾപ്പെടെ പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ആകെ വരുമാനമുള്ളത്.
ദേവികുളത്ത് പ്രവർത്തിക്കുന്ന പഞ്ചായത്ത് ക്യാമ്പ് ഓഫീസിന്റെ വാടക, വൈദ്യുതി ബിൽ, ഇന്റർനെറ്റ്, വാഹനങ്ങളുടെ ഇന്ധനം എന്നിവയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയാണ്.
സർക്കാർ അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാതെ പഞ്ചായത്ത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.






























