ചെന്നൈ: തമിഴ്നാട്ടിലെ മാടമ്പാക്കത്ത് 17 തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ. മാടമ്പാക്കം സ്വദേശിയായ ഫ്രാൻസിസ് ജെബരാജാണ് പൊലീസിന്റെ പിടിയിലായത്. തന്റെ വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് കൃത്യം നടത്തിയതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
സെപ്റ്റംബർ ആറിനാണ് മാടമ്പാക്കത്തെ യശ്വന്ത് നഗർ, ഭുവനേശ്വരി നഗർ, എഎൽഎസ് നഗർ, പത്മാവതി നഗർ എന്നീ പ്രദേശങ്ങളിൽ കൂട്ടത്തോടെ തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ചോര ഛർദിച്ച നിലയിലായിരുന്നു നായ്ക്കളുടെ ജഡങ്ങൾ. പ്രദേശത്ത് ഇത്തരത്തിൽ ഒരേപോലെ നായ്ക്കൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ താമ്പരം കോർപറേഷൻ അധികൃതർക്ക് സംശയം തോന്നി. തുടർന്ന് ജഡങ്ങൾ പോസ്റ്റുമോർട്ടത്തിനായി വെറ്ററിനറി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് വിഷം ഉള്ളിൽച്ചെന്നാണ് നായ്ക്കൾ ചത്തതെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് താമ്പരം കോർപറേഷൻ അധികൃതർ സെലയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിസിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ക്രൂരത പുറത്തുവന്നത്.
വീട്ടിൽ കോഴി, ആട്, പ്രാവ് തുടങ്ങിയവയെ വളർത്തിയിരുന്ന ഫ്രാൻസിസ്, ഇവയെ തെരുവുനായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കോഴിയിറച്ചിയിൽ വിഷം കലർത്തി റോഡിൽ വിതറിയാണ് പ്രതി നായ്ക്കൾക്ക് നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി.


































