26.1 C
Kollam
Tuesday 22nd September, 2026 | 09:50:32 AM
Home News National പോലീസുകാരെന്ന് പറഞ്ഞു എത്തിയവർ 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

പോലീസുകാരെന്ന് പറഞ്ഞു എത്തിയവർ 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം. പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ച് തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പോലീസുകാരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി 17-കാരനായ സുഹൃത്തിനൊപ്പം കൽക്കാജി ക്ഷേത്രദർശനത്തിനെത്തിയപ്പോഴായിരുന്നു പീഡനം.

ഇരുവരും കൽക്കാജി ക്ഷേത്രത്തിൽ പോയ ശേഷം അടുത്തുള്ള പാർക്കിലേക്ക് പോയി. ഇതിനിടെ പൊലീസുകാരാണെന്ന് അവകാശപ്പെട്ട് എത്തിയ 25-നും 30-നും ഇടയിൽ പ്രായമുള്ള മൂന്നംഗ സംഘം ഇരുവരെയും ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

രാത്രി 8.45-ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് സന്ദേശം ലഭിക്കുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ ഡൽഹി പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘവുമായുള്ള വെടിവെപ്പിന് ശേഷമാണ് ഒരു പ്രതി പിടിയിലായത്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here