25.8 C
Kollam
Tuesday 22nd September, 2026 | 04:01:20 AM
Home News National ആർഎസി യാത്രക്കാർക്കും ഇനി കമ്പിളിപ്പുതപ്പ്; എല്ലാ സോണുകൾക്കും റെയിൽവേ ബോർഡിന്റെ നിർദേശം

ആർഎസി യാത്രക്കാർക്കും ഇനി കമ്പിളിപ്പുതപ്പ്; എല്ലാ സോണുകൾക്കും റെയിൽവേ ബോർഡിന്റെ നിർദേശം

ന്യൂഡൽഹി: ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന ആർഎസി (RAC) ടിക്കറ്റുള്ള യാത്രക്കാർക്കും ഇനി കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ അടിയന്തരമായി നടപ്പാക്കാൻ ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ റെയിൽവേ സോണുകൾക്കും സർക്കുലർ അയച്ചു.

എസി ചെയർ കാർ ഒഴികെയുള്ള എല്ലാ എസി ക്ലാസുകളിലും ആർഎസി യാത്രക്കാർക്കും പുതപ്പ് നൽകാനാണ് പുതിയ നിർദേശം. ഇതുവരെ ഒരു സീറ്റിന് ഒരു കമ്പിളിപ്പുതപ്പ് എന്ന രീതിയിലായിരുന്നു വിതരണം. എന്നാൽ, ആർഎസി യാത്രയിൽ ഒരേ സീറ്റിൽ രണ്ട് പേർ യാത്ര ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

നിലവിലെ സംവിധാനപ്രകാരം, തേർഡ് എസിയിൽ നാല് ലോവർ ബർത്തുകളിലായി എട്ട് പേർക്കും, സെക്കൻഡ് എസിയിൽ മൂന്ന് ലോവർ ബർത്തുകളിലായി ആറ് പേർക്കും ആർഎസി അടിസ്ഥാനത്തിൽ യാത്ര ചെയ്യാൻ അവസരമുണ്ട്. ഇതോടെ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ ഇരിക്കേണ്ടിവരുന്നതിനാൽ ഒരാൾക്ക് മാത്രം പുതപ്പ് ലഭിക്കുന്ന സാഹചര്യം പലപ്പോഴും പരാതിക്ക് ഇടയാക്കിയിരുന്നു.

അടുത്തിടെ, ടിക്കറ്റിനൊപ്പം കമ്പിളിപ്പുതപ്പിനുള്ള നിരക്കും ഈടാക്കിയിട്ടും പുതപ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു യാത്രക്കാരൻ നൽകിയ പരാതിയിൽ റെയിൽവേയ്‌ക്കെതിരെ ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസി യാത്രക്കാർക്കും പുതപ്പ് ഉറപ്പാക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകിയത്.