Home News National ക്രൈം വെബ് സീരീസ് മാതൃകയിൽ ഭാര്യയെ കൊലപ്പെടുത്തി; തെളിവ് നശിപ്പിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ഭർത്താവ്...

ക്രൈം വെബ് സീരീസ് മാതൃകയിൽ ഭാര്യയെ കൊലപ്പെടുത്തി; തെളിവ് നശിപ്പിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ക്രൈം വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് പൊലീസ് പറയുന്ന കൊലപാതകത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഡൽഹിയിലെ കിഴക്കൻ മേഖലയിൽ ജൂലൈ 30ന് നടന്ന സംഭവത്തിൽ ഡൽഹി സ്വദേശി കമൽ സിംഗാണ് ഭാര്യ കോമൾ സിംഗിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിച്ച് രാജ്യം വിടാൻ ശ്രമിച്ച പ്രതിയെ ഡൽഹി പൊലീസ് മഥുരയിൽ നിന്ന് പിടികൂടി.

മകൻ ലൈബ്രറിയിലേക്കും മകൾ ഓഫീസിലേക്കും പോയ സമയത്തും വീട്ടുജോലിക്കാരി മടങ്ങിയതിന് പിന്നാലെയുമാണ് സംഭവം നടന്നത്. വീട്ടിന്റെ ബാൽക്കണിയിൽ തുണി വിരിക്കുകയായിരുന്ന കോമളിനെ കമൽ ആദ്യം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് അറിയിച്ചു.

പരിക്കേറ്റ് രക്ഷപ്പെടാൻ ശ്രമിച്ച കോമൾ അടുക്കളയിലേക്ക് ഓടിയെങ്കിലും പ്രതി പിന്തുടർന്ന് പിടികൂടി വീണ്ടും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കോമൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം കമൽ കുളിച്ച് വസ്ത്രം മാറ്റുകയും ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ബാഗിലാക്കി കൊണ്ടുപോയി പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടുകളിലും വീട്ടിലുമുണ്ടായിരുന്ന പണവും ഉൾപ്പെടെ ഏകദേശം 12.75 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷമാണ് ഇയാൾ കടന്നുകളഞ്ഞതെന്നും അന്വേഷണത്തിൽ വ്യക്തമായി.

പൊലീസിനെ വഴിതിരിച്ചുവിടാൻ ആദ്യം നേപ്പാളിലേക്ക് കടന്നതായി തോന്നിക്കുന്ന തരത്തിൽ ഗോരഖ്പൂരിലേക്ക് പോയ പ്രതി പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മഥുരയിലെത്തി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ മകൻ ഗൗരവ് സിംഗാണ് അമ്മയുടെ മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചത്.

അന്വേഷണത്തിനിടെ, ‘The Staircase’ എന്ന ക്രൈം വെബ് സീരീസ് കണ്ടാണ് തെളിവുകൾ മറച്ചുവെക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾക്കിടയിൽ ഗുരുതരമായ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും കമൽ സിംഗിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here