മലപ്പുറം. കാളികാവിൽ ഭാര്യയെ കെട്ടിയിട്ട് കത്രികകൊണ്ട് കുത്തി കൊല്ലാൻ ശ്രമം. ഭർത്താവ് വണ്ടൂർ സ്വദേശി ഷാഹുൽ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് യൂണിഫോം ധരിച്ച് ആൾമാറാട്ടം,പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷാഹുൽ ഹമീദ്
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഷാഹുൽ ഹമീദ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്.ഷാഹുൽ ഹമീദിൻ്റെ പരസ്ത്രീ ബന്ധങ്ങളെ ഭാര്യ എതിർത്തതും വിരോധത്തിനു കാരണമാണ്.
ഭാര്യയെ കൈകാ ലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി ശബ്ദം പുറത്ത് വരില്ലെന്ന് ഉറപ്പിച്ചാണ് ഇയാൾ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.വീട്ടിൽ വച്ചുള്ള ആക്രമണം കണ്ട കുട്ടികൾ ബഹളം വച്ചതോടെ ഷാഹുൽ ഹമീദ് രക്ഷപെട്ടു. ഭാര്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഷാഹുൽ ഹമീദിനെതിരെ കാപ്പാ നിയമം കൂടി ചുമത്തി.
ഒട്ടേറെ കേസുകളിൽ പ്രതിയായതിനാലാണ് ഷാഹുൽ ഹമീദിനെതിരെ കാപ്പ ചുമത്തിയത്.
അടുപ്പത്തിലുള്ള പെൺ സുഹൃത്തിൻ്റെ എട്ടു വയസുകാരി മകളെ ലൈംഗികാ തിക്രമത്തിനി രയാക്കിയതിൽ ഷാഹുൽ ഹമീദിനെതിരെ പൂക്കോട്ടും പാടത്ത് പോക്സോ കേസുണ്ട്.
വണ്ടൂർ പൊലീസ് സ്റ്റേഷനിൽ വേറൊരു പോക്സോ കേസുമുണ്ട്.ഇതിനു പുറമേ ലഹരി ഉപയോഗിച്ചുള്ള അടിപിടി അടക്കം വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഷാഹുൽ ഹമീദിനെതിരെ നിരവധി കേസുകളുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു കാപ്പ ചുമത്തൽ.ഇതോടെ നാടുവിട്ട ഷാഹുൽ ഹമീദ് കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരം കിട്ടിയ പൊലീസ് കൊണ്ടോട്ടിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത ഷാഹുൽ ഹമീദിനെ കോടതി തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.


































