24.7 C
Kollam
Wednesday 5th August, 2026 | 09:09:43 AM
Home News National പവര്‍ ബാങ്കിന് തീപിടിച്ചു….ഇന്‍ഡിഗോ വിമാനത്തില്‍ അടിയന്തര ഒഴിപ്പിക്കല്‍

പവര്‍ ബാങ്കിന് തീപിടിച്ചു….ഇന്‍ഡിഗോ വിമാനത്തില്‍ അടിയന്തര ഒഴിപ്പിക്കല്‍

ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഡിലേക്ക് എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചതിനെത്തുടര്‍ന്ന് അടിയന്തര ഒഴിപ്പിക്കല്‍ നടത്തി. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. തീപിടുത്തത്തെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. പരിക്കേറ്റ അഞ്ചോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് ഹൈദരാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ 6 108 വിമാനത്തില്‍ അപകടമുണ്ടായത്. ലാന്‍ഡിങിന് ശേഷം വിമാനം നിര്‍ത്തിയിട്ടിരുന്ന സമയത്താണ് യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചതെന്ന് ഇന്‍ഡിഗോ അധികൃതര്‍ സ്ഥിരീകരിച്ചു. സുരക്ഷ കണക്കിലെടുത്ത് യാത്രക്കാരെ ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുമെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്തിന് പുറത്തേക്ക് ഓടിമാറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഉഏഇഅ) 2026ല്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിമാന യാത്രക്കിടയില്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ, പവര്‍ ബാങ്കുകളും സ്‌പെയര്‍ ബാറ്ററികളും വിമാനത്തിലെ ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിക്കാനും അനുവാദമില്ല. ഇത്തരം സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായാല്‍ അത് കണ്ടെത്താനും നിയന്ത്രിക്കാനും പ്രയാസമാണെന്നതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.