കൊട്ടാരക്കര നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി എം.സി. റോഡിൽ വെഞ്ഞാറമൂടിന് സമാനമായ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കൊട്ടാരക്കര നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വർധിച്ചുവരുന്ന തിരക്കും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സാങ്കേതിക പഠനം നടത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ എംപി വിഷയം വിശദമായി ഉന്നയിച്ചു. കൊട്ടാരക്കര നഗരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നിലവിലുള്ള എം.സി. റോഡിന്റെ വികസനസാധ്യതകൾ കൂടി പരിഗണിച്ചുള്ള ശാസ്ത്രീയമായ പദ്ധതി വേണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
മുൻ സർക്കാർ മുന്നോട്ടുവച്ച മിനി ബൈപ്പാസ് പദ്ധതി പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരമല്ലെന്ന് എംപി ചൂണ്ടിക്കാട്ടി. നിലവിലുള്ള റോഡിന് സമാന്തരമായി ഏകദേശം 100 മീറ്റർ മാത്രം അകലത്തിൽ മറ്റൊരു റോഡ് നിർമ്മിക്കുന്നതുകൊണ്ട് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാര്യമായ പരിഹാരമുണ്ടാകില്ല. മറിച്ച്, നഗരത്തിന്റെ ദീർഘകാല വികസനവും ഗതാഗത ആവശ്യങ്ങളും പരിഗണിക്കാതെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
മിനി ബൈപ്പാസ് പദ്ധതിയുടെ പിന്നിൽ പൊതുഗതാഗത താൽപര്യങ്ങളേക്കാൾ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന ആശങ്കയും എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നഗരത്തിലെ യഥാർത്ഥ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനും പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിനും മുൻഗണന നൽകുന്ന വികസനപദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായി സാങ്കേതിക സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ വിശദമായി പരിശോധിച്ച് ആവശ്യമായ സാങ്കേതിക പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വെഞ്ഞാറമൂട് മാതൃകയിൽ എം.സി. റോഡിന് മുകളിലൂടെ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കാനായാൽ കൊട്ടാരക്കര നഗരത്തിലൂടെയുള്ള ദീർഘദൂര വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് സഹായകരമാകുന്നതിനൊപ്പം നഗരത്തിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും യാത്രക്കാർക്കും വലിയ ആശ്വാസം ലഭിക്കുമെന്നും എംപി ചൂണ്ടിക്കാട്ടി.
കൊട്ടാരക്കരയുടെ പ്രാധാന്യവും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്ത് താൽക്കാലിക പരിഹാരങ്ങൾക്കു പകരം ശാസ്ത്രീയവും ദീർഘവീക്ഷണത്തോടെയുമുള്ള വികസനപദ്ധതികൾ നടപ്പിലാക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും സാങ്കേതിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എലിവേറ്റഡ് ഫ്ലൈ ഓവർ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.






























