പണ്ടാരത്തുരുത്ത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ആദ്യ ഡിജിറ്റൽ സ്ക്വയർ ഗവൺമെന്റ് എൽ. പി. സ്കൂൾ പണ്ടാരത്തുരുത്തിൽ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. സി. ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു.
കേരള സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനം കൂടുതൽ ആകർഷകവും ആനന്ദകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചിരിക്കുന്നത്.
20 ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, എയർ കണ്ടീഷനിംഗ് സൗകര്യം എന്നിവ ഉൾപ്പെടുന്ന ആധുനിക കമ്പ്യൂട്ടർ ലാബിലാണ് ഡിജിറ്റൽ സ്ക്വയർ ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പഠിക്കാനും പാഠഭാഗങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാനും ഇതിലൂടെ അവസരമൊരുങ്ങും. സാങ്കേതികവിദ്യയും സർഗാത്മകതയും സമന്വയിപ്പിച്ച് പഠനം കൂടുതൽ രസകരമാക്കുന്നതിനൊപ്പം കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക പരിജ്ഞാനവും വളർത്താനും ഈ സംരംഭം സഹായകമാകും.
ആലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സജി സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എ.എ. കബീർ സ്വാഗതവും ജില്ലാ പഞ്ചായത്ത് കുലശേഖരപുരം ഡിവിഷൻ അംഗം . വരുൺ ആലപ്പാട് മുഖ്യപ്രഭാഷണവും നിർവഹിച്ചു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ജോയ്, ആലപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം . ഉല്ലാസ്, വാർഡ് അംഗങ്ങളായ അശ്വതി,. ശ്രീലാൽ,ഐആർഇ മാനേജ്മെൻറ് പ്രതിനിധി ദിനു ,സ്കൂൾ ഐടി കോഡിനേറ്റർ അൻജിഷ് എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി സൂരജ് ആർ നന്ദിയും പറഞ്ഞു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ . അജയകുമാർ, ബി.ആർ.സി. കോർഡിനേറ്റർമാരായ രശ്മി, അഞ്ജു എസ്. പണിക്കർ, കരയോഗം ഭാരവാഹികളായ . ഋഷീന്ദ്രൻ,. സിദ്ധാർത്ഥ് സ്കൂൾ എസ്.എം.സി. ചെയർപേഴ്സൺ സിനി ദാസ്, മാതൃസമിതി പ്രസിഡന്റ് പ്രവീണ പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു
പൊതുവിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള വിദ്യാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ സ്ക്വയർ യാഥാർഥ്യമായത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനും പഠനപ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യവും പങ്കാളിത്തവും ഉറപ്പാക്കാനും ഈ പദ്ധതി വഴിയൊരുക്കും.
“വ്യത്യസ്ത വിദ്യാലയം, വിശ്വസ്ത വിദ്യാലയം” എന്ന ആശയം ഉയർത്തിപ്പിടിച്ച് പഠനത്തിൽ പുതുമയും പ്രവർത്തനത്തിൽ മികവും കുട്ടികളുടെ സമഗ്രവികസനവും ലക്ഷ്യമിട്ട് മുന്നേറുന്ന ജി. എൽ. പി. എസ്. പണ്ടാരത്തുരുത്തിന്റെ വിദ്യാഭ്യാസ യാത്രയിലെ ശ്രദ്ധേയമായ നേട്ടമായി ഡിജിറ്റൽ സ്ക്വയർ മാറി.


































