ശാസ്താംകോട്ടമുതുപിലാക്കാട്ട് ക്ഷേത്രത്തിനു നേരെയും പുറത്തും അക്രമ പരമ്പര , ഡിവൈഎഫ്ഐ – ബിജെപി പ്രവർത്തകർ റിമാൻഡിൽ.ഡിവൈഫ്ഐ നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം മണിക്കുറുകളോളം മാരകായുധങ്ങളുമായി അഴിഞ്ഞാടിയതായാണ് പരാതി.ക്ഷേത്രത്തിൻ്റെ വഞ്ചിയും അതിൽ സ്ഥാപിച്ചിരുന്ന കൃഷ്‌ണ വിഗ്രഹവും നശിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്ന കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു. സൈനികൻ്റേത് ഉൾപ്പെടെ രണ്ട് വീടുകളും അടിച്ചു തകർത്തു.ഭക്തജന കൂട്ടായ്മ സ്ഥാപിച്ചിരുന്ന ആനയുടെ പ്രതിമയും നശിപ്പിച്ചു.ശനിയാഴ്ച രാത്രി 12.30 ഓടെയാണ് ഡിവൈഎഫ്ഐ നേതാവും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അരവിന്ദിൻ്റെ നേതൃത്വത്തിൽ കാറിലും സ്‌കൂട്ടറിലുമായി എത്തിയ അക്രമി സംഘം മുതുപിലാക്കാട് പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിട്ടത്.
കൊടിതോരണങ്ങൾ നശിപ്പിച്ചു , വഞ്ചിമുക്കിൽ ക്ഷേത്രം സ്ഥാപിച്ചിരുന്ന വഞ്ചിയും അക്രമികൾ അടിച്ചു തകർത്തു.അവിടെ ഉണ്ടായിരുന്ന കൃഷ്ണ വിഗ്രഹത്തിൻ്റെ തലഭാഗവും തകർത്ത നിലയിലാണ്.തൊട്ടടുത്ത ഇടിഞ്ഞകുഴിയിൽ ഭക്തജന കൂട്ടായ്മ സ്ഥാപിച്ചിരുന്ന ആനയുടെ വലിയ പ്രതിമയും അക്രമികൾ നശിപ്പിച്ചു.അതുവഴി വന്നവർ അക്രമം നടത്തുന്നത് കണ്ട് വാഹനം നിർത്തിയെങ്കിലും വടിവാൾ വീശി അക്രമി സംഘം ഇവരെയും ഭയപ്പെടുത്തി.കൂടുതൽ ആളുകൾ വന്നതോടെ കാറിൽ രക്ഷപ്പെട്ട സംഘത്തെ നാട്ടുകാരായ ചിലരും പിന്തുടർന്നു.തുരുത്തിക്കരയിൽ ഒരു ഡിവൈഎഫ്ഐ നേതാവിൻ്റെ വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റിയ അക്രമികൾ വീട്ടിൽ ഒളിച്ചു. ഈ വീട് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
വീട്ടിനുള്ളിലും കാറിലും ഒളിപ്പിച്ച വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.പ്രദേശത്ത് രണ്ട് വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.സൈനികനായ അശോക് കുമാർ,ഇന്ദ്രജിത്ത് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.രണ്ട് വീടുകളുടെയും ജനൽ ചില്ലകളും, പുറത്തുണ്ടായിരുന്ന കസേരകളും ചെടിച്ചട്ടികളും അടിച്ചു നശിപ്പിച്ചു. അശോകിൻ്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന സ്‌കൂട്ടറും നശിപ്പിച്ച നിലയിലാണ്.സംഭവവുമായി ബന്ധപ്പെട്ട്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരവിന്ദ് ഉൾപ്പെടെ 3 ഡിവൈഎഫ്ഐ പ്രവർത്തകരെയും രണ്ട് ബിജെപി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ശാസ്താംകോട്ട പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിടുണ്ട്.
വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


































