28 C
Kollam
Sunday 27th September, 2026 | 07:51:55 PM
Home News Local മൈനാഗപ്പള്ളിയുടെ ആശങ്ക ഒഴിയുന്നു;റെയിൽവേ മേൽപ്പാല നിർമ്മാണം മൂന്നു മാസത്തിനകം,നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി കൊടിക്കുന്നിൽ സുരേഷ്...

മൈനാഗപ്പള്ളിയുടെ ആശങ്ക ഒഴിയുന്നു;റെയിൽവേ മേൽപ്പാല നിർമ്മാണം മൂന്നു മാസത്തിനകം,നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി

ശാസ്‌താംകോട്ട:ശാസ്താംകോട്ട– കരുനാഗപ്പള്ളി പാതയിൽ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം മൂന്ന് മാസത്തിനകം ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ നിർവഹണ ഏജൻസിയായ റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരളയ്ക്ക് നിർദ്ദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലെത്തിയതായും ശേഷിക്കുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മേൽപ്പാല നിർമ്മാണത്തിനാവശ്യമായ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്.പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയായിട്ടുണ്ട്.സ്ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു കഴിഞ്ഞു.ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനായി ഉടമകൾക്ക് താമസിയാതെ നോട്ടീസ് നൽകും.കെട്ടിടങ്ങൾ പൊളിച്ചുനീക്കി നിർമ്മാണത്തിനാവശ്യമായ സ്ഥലം പൂർണമായും സജ്ജമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും എം.പി നിർദ്ദേശം നൽകി.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മൂന്ന് കുടുംബങ്ങൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി അടുത്ത ആഴ്ച കൊല്ലം കളക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭൂവുടമകളുടെയും യോഗം വിളിച്ചുചേർക്കും.ഈ വിഷയങ്ങൾ പരിഹരിച്ച് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.60 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല പദ്ധതിയുടെ ആകെ ചെലവിന്റെ പകുതിയോളം തുക ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചിട്ടുണ്ട്.പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട പ്രധാന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് ഇനി കാലതാമസം ഉണ്ടാകരുതെന്നും എം.പി നിർദ്ദേശം നൽകി.

മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമാണ്. ട്രെയിനുകൾ കടന്നുപോകുന്നതിനായി ഗേറ്റ് അടയ്ക്കുമ്പോൾ പ്രാദേശിക റോഡുകളിലെ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും വിദ്യാർഥികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.അടിയന്തര ചികിത്സയ്ക്കായി പോകുന്ന രോഗികളെയും ആംബുലൻസുകളെയും ഉൾപ്പെടെ ഈ ഗതാഗതക്കുരുക്ക് ബാധിക്കുന്നുണ്ട്.റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ശാസ്താംകോട്ട– കരുനാഗപ്പള്ളി മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.

നിർദ്ദിഷ്ട മേൽപ്പാല നിർമ്മാണ സ്ഥലം കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ ശേഷിക്കുന്ന നടപടികൾ,ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ,കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ എന്നിവ സംബന്ധിച്ചാണ് ചർച്ച നടത്തിയത്.

ഉല്ലാസ് കോവൂർ എംഎൽഎ,റെയിൽവേ,റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള ഉദ്യോഗസ്ഥർ,പ്രാദേശിക ജനപ്രതിനിധികൾ,പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here