ശാസ്താംകോട്ട:കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനും പദ്ധതികളുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമായി കൊടിക്കുന്നിൽ സുരേഷ് എം.പി ശനിയാഴ്ച മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂരും എം.പിയോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും.
എൻ.എച്ച്.പി.സിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ എൻ.എച്ച്.പി.സി കല്ലട ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടിന്റെ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. പദ്ധതികളുടെ പുരോഗതി, പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ എന്നിവ സംബന്ധിച്ച് എം.പി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
രാവിലെ 11ന് വെസ്റ്റ് കല്ലട ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ എൻ.എച്ച്.പി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യപരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം എൻ.എച്ച്.പി.സിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
തുടർന്ന് രാവിലെ 11.30ന് വെസ്റ്റ് കല്ലട പഞ്ചായത്ത് ഹാളിൽ എൻ.എച്ച്.പി.സിയുടെ സി.എസ്.ആർ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ എം.പി പങ്കെടുക്കും. പ്രദേശത്തിന്റെ സാമൂഹിക വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
ഉച്ചയ്ക്ക് 12ന് എസ്.എൻ. പബ്ലിക് സ്കൂളിന് സമീപമുള്ള വെസ്റ്റ് കല്ലട ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ ലോഞ്ചിംഗ് പാഡ് പ്രദേശം എം.പി സന്ദർശിക്കും. തുടർന്ന് 12.30ന് പദ്ധതിയുടെ സ്വിച്ച്‌യാർഡ് സ്ഥലം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തുകയും വൃക്ഷത്തൈ നടീൽ കർമ്മത്തിൽ പങ്കെടുക്കുകയും ചെയ്യും. എൻ.എച്ച്.പി.സി കല്ലട ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടിന്റെ ജനറൽ മാനേജറും മറ്റ് ഉദ്യോഗസ്ഥരും സന്ദർശനത്തിൽ എം.പിയോടൊപ്പം ഉണ്ടാകും.
ഉച്ചയ്ക്ക് ഒന്നിന് ഹോസ്റ്റൽ വിജയ കാസിൽ മീറ്റിംഗ് ഹാളിൽ എൻ.എച്ച്.പി.സി പദ്ധതികളുടെ അവലോകന യോഗം നടക്കും. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ പുരോഗതി, നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രദേശവാസികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ആവശ്യമായ നടപടികളും വിലയിരുത്തും.
തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് മൈനാഗപ്പള്ളി ആർ.ഒ.ബി പദ്ധതിയുടെ സ്ഥലം കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിക്കും. മേൽപ്പാലം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും സ്ഥലത്തെ വിവിധ പ്രായോഗിക വിഷയങ്ങളും എം.പി നേരിട്ട് വിലയിരുത്തും.
റെയിൽവേയുമായി ബന്ധപ്പെട്ട പരിപാടികളിൽ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും മേൽപ്പാലം നിർമ്മാണത്തിന്റെ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള, കെ.എസ്.ഇ.ബി അധികൃതരും പങ്കെടുക്കും. പദ്ധതിയുടെ നിർമാണ പുരോഗതി, ഭൂമി-സാങ്കേതിക വിഷയങ്ങൾ, വൈദ്യുതി സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആവശ്യമായ ക്രമീകരണങ്ങൾ എന്നിവ ഉദ്യോഗസ്ഥരുമായി എം.പി ചർച്ച ചെയ്യും.
ഉച്ചയ്ക്ക് 2.30ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ വികസന പ്രവർത്തനങ്ങളുടെയും ആർ.ഒ.ബി പദ്ധതിയുടെയും അവലോകന യോഗം നടക്കും. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാരുടെ സൗകര്യങ്ങൾ, സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ, ആർ.ഒ.ബി പദ്ധതിയുടെ പുരോഗതി എന്നിവ യോഗത്തിൽ വിശദമായി പരിശോധിക്കും.
റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ, RBDCK, കെ.എസ്.ഇ.ബി അധികൃതർ എന്നിവരിൽ നിന്ന് പദ്ധതികളുടെ നിലവിലെ സ്ഥിതിയും തുടർനടപടികളും സംബന്ധിച്ച വിശദാംശങ്ങൾ എം.പി തേടും. നിർമാണ പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന തടസ്സങ്ങൾ പരിഹരിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ ഏകോപനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുന്നത്തൂർ മണ്ഡലത്തിലെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം ശക്തമാക്കുന്നതിനാണ് സന്ദർശനങ്ങൾ നടത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എൻ.എച്ച്.പി.സി, റെയിൽവേ, ആർ.ബി.ഡി.സി.കെ, കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കുമെന്നും എം.പി വ്യക്തമാക്കി.


































