കൊല്ലം: 101.07 ഗ്രാം എംഡിഎംഎ കൊറിയര്‍ വഴി കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കൂട്ടുപ്രതിയായ ഒരാളെകൂടി കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള ആദിത്യനഗര്‍ ശ്രീകോവില്‍ വീട്ടില്‍ വൈഷ്ണവ് (28) ആണ് അറസ്റ്റിലായത്. കൊറിയര്‍ സര്‍വീസ് മുഖേന ലഹരി വ്യാപാരം നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കൊല്ലം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസിലെ ഒന്നാം പ്രതിയായ കൊല്ലം പട്ടത്താനം സ്വദേശി വിഷ്ണുലാല്‍ (32) നേരത്തെ പിടിയിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രണവ് പ്രശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍ വൈഷ്ണവിന് വേണ്ടിയാണ് വിഷ്ണുലാലും പ്രണവ് പ്രശാന്ത് എന്നയാളും ചേര്‍ന്ന് എംഡിഎംഎ കൊറിയര്‍ വഴി കൈമാറ്റം ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മൂന്നാം പ്രതിയായ വൈഷ്ണവിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ പ്രണവ് പ്രശാന്ത് സംഭവസമയത്ത് ഗള്‍ഫിലായിരുന്നതിനാല്‍ ഇയാളെ പിടികൂടുന്നതിനായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണില്‍ നാട്ടിലെത്തിയ പ്രണവ് പ്രശാന്തിനെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസിന് കൈമാറുകയുമായിരുന്നു.




























