26.6 C
Kollam
Saturday 12th September, 2026 | 03:59:25 AM
Home News Local ഓപ്പറേഷന്‍ സൈ-ഹണ്ട് യുവാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ-ഹണ്ട് യുവാവ് അറസ്റ്റില്‍

കൊല്ലം: ഓപ്പറേഷന്‍ സൈ-ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ യുവാവ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായി. പാരിപ്പള്ളി വേളമാനൂര്‍ രമ്യാ സദനത്തില്‍ രാഹുല്‍ (37) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. സൈബര്‍ സമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി
നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ സൈ-ഹണ്ട്.
കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി പതിനാറിടത്താണ് പരിശോധന നടന്നത്. ഇരുപത്തിമൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പാരിപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ രാഹുലിന്റെ പക്കല്‍ നിന്നും പതിനൊന്ന് ബാങ്ക് പാസ്ബുക്കുകളും എട്ട് ചെക്ക് ബുക്കുകളും പത്ത് സിം കാര്‍ഡുകളുടെ രേഖകളും ആറ് എടിഎം കാര്‍ഡുകളും ഒരു മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംശയാസ്പദമായ ആറ് ലക്ഷം രൂപയുടെ ഇടപാടുകളും കണ്ടെത്താന്‍ കഴിഞ്ഞു.
രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎമ്മിലൂടെയും പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മീഷന്‍ പറ്റിയവര്‍ക്കെതിരെയാണ് കൂടുതല്‍ അന്വേഷണത്തിനായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കാര്യമായ പണം കൈമാറ്റം നടക്കാത്തവയും, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടുകളിലും ഒരുദിവസം തന്നെ ലക്ഷക്കണക്കിന് പണം എത്തുന്നതില്‍ അസ്വഭാവികത തോന്നിയതോടെയാണ് അന്വേഷണം ശക്തമാക്കിയത്. ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് മനസിലാക്കിയാണ് തട്ടിപ്പുകാരിലേക്ക് എത്തിയത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കകുകയും ഇത് ഇത്തരത്തിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തു പണം പിന്‍വലിക്കുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ രീതി.
പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വിഷ്ണു സജീവ്, അഖിലേഷ്, എഎസ്‌ഐ മേരി മെറ്റില്‍ഡ, സിപിഒമാരായ രഞ്ജിത്ത്, നിദ, ജോസ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.