27 C
Kollam
Friday 25th September, 2026 | 08:42:29 PM
Home News Breaking News അറിഞ്ഞുകൊണ്ട് അബദ്ധം?,മുട്ടില്‍ മരംമുറി, പിഴവുകള്‍ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമര്‍പ്പിച്ചു

അറിഞ്ഞുകൊണ്ട് അബദ്ധം?,മുട്ടില്‍ മരംമുറി, പിഴവുകള്‍ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമര്‍പ്പിച്ചു

കല്‍പ്പറ്റ. മുട്ടില്‍ മരംമുറിക്കേസില്‍ നേരത്തെയുണ്ടായിരുന്ന പിഴവുകള്‍ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാന്‍ കാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ മാസം 17ന് സമര്‍പ്പിച്ച കുറ്റപത്രം ആവശ്യമായ അനുബന്ധ രേഖകള്‍ ഹാജരാക്കാത്തതും ഗുരുതരമായ സാങ്കേതിക പിഴവുകളുള്ളതും ചൂണ്ടിക്കാട്ടി കോടതി സ്വീകരിക്കാതെ തിരിച്ചയച്ചിരുന്നു.

മുട്ടില്‍ സംഭവവുമായി ബന്ധപ്പെട്ട കേസ് നമ്പര്‍ 1/21ല്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. മരം മുറിച്ചത് വനഭൂമിയില്‍ നിന്നാണോ പട്ടയ ഭൂമിയില്‍ നിന്നാണോ എന്ന കാര്യത്തിലും കുറ്റപത്രത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

കേസില്‍ പിടിച്ചെടുത്ത തടിയും മരം കടത്താന്‍ ഉപയോഗിച്ച ടോറസ് ലോറിയും കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് പുറമെ നിരവധി സാങ്കേതിക പിഴവുകളും കണ്ടെത്തിയതോടെയാണ് കോടതി കുറ്റപത്രം മടക്കിയത്. കുറ്റപത്രത്തിലെ പിഴവുകള്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ 2021ല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഈ മാസം എട്ടിന് ഹൈക്കോടതി നീക്കി. പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 17ന് കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിച്ചതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

മുറിച്ചുകടത്തിയ തടി, കേസില്‍ ഉപയോഗിച്ച ടോറസ് ലോറി എന്നിവ സംസ്ഥാനത്തേക്ക് കണ്ടുകെട്ടുന്നതിനായി കേരള ഫോറസ്റ്റ് ആക്ടിലെ 61 എ വകുപ്പ് പ്രകാരം വനം വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കണ്ടുകെട്ടല്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് കോടതിയെ അറിയിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ മുട്ടില്‍ മരംമുറിക്കേസിനെ രൂക്ഷമായി വിമര്‍ശിച്ച് വനം മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. കേരളം കണ്ട വലിയ അഴിമതികളിലൊന്നാണ് മുട്ടില്‍ മരം മുറിയെന്നും മുന്‍ സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും മന്ത്രി ആരോപിച്ചു. കുറ്റപത്രത്തിലെ പിഴവുകള്‍ മനഃപൂര്‍വം വരുത്തിയതാണോയെന്ന് പരിശോധിക്കാന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘തിരിച്ചയച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു. ചില പിഴവുകള്‍ അതിലുണ്ട്. അവ മനഃപൂര്‍വം വരുത്തിയതാണോയെന്ന് അന്വേഷിക്കും. വനം വകുപ്പ് പിടിച്ചെടുത്ത 108 മുറിച്ച റോസ്വുഡ് മരങ്ങളില്‍ 9 എണ്ണം പട്ടയ ഭൂമിയില്‍ നിന്നല്ല മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മുട്ടില്‍ കേസിലെ ബാക്കിയുള്ള കുറ്റപത്രങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും.’

‘മുട്ടില്‍ മരം മുറിക്കേസ് തകര്‍ന്നിട്ടില്ല. വിലപിടിപ്പുള്ള റോസ്വുഡ് മരങ്ങളാണ് മുറിച്ചു മാറ്റിയത്. ചിലരുടെ കൊള്ളയടിക്കലിന് ഇരയായത് യഥാര്‍ഥ കര്‍ഷകരാണ്. വിവാദ റവന്യൂ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ കാരണങ്ങളും അന്വേഷിക്കണം. വനം വകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here