അമൃതപുരി : ലോകത്തിന്റെ ഒരു ചെറുപതിപ്പായി അമൃതപുരി മാറി. ഇനിയുള്ള രണ്ട് ദിവസം അമൃതപുരിയില്‍ അമൃതോത്സവം. വിശ്വസേവാദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് പരിപാടി നടക്കുന്ന അമൃതപുരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശ്രമത്തില്‍ നിന്നും പരിപാടികള്‍ നടക്കുന്ന അമൃത സര്‍വ്വകലാശാല ക്യാംപസില്‍ എത്തുന്ന അമ്മയെ ഭക്തിയാദരപൂര്‍വ്വം സ്വീകരിക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും. നാല് മണിയോടെ അമൃതപുരി ക്യാംപസിലെ ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അഞ്ച് മണിയോടെ പ്രത്യേകം തയ്യറാക്കിയ വേദിയിലേക്ക് എത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ മുരളീധരന്‍ എം പി മാര്‍ എം എല്‍ എമാര്‍ സാമൂഹ്യ-സാംസക്കാരിക രംഗത്തെ പ്രമുഖര്‍ എല്ലാം ചടങ്ങില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌ക്കാരം പി എസ് ശ്രീധരന്‍പിള്ളയ്ക്ക് ചടങ്ങില്‍ സമ്മാനിക്കും. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ അസാമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് മാതാ അമൃതാന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ അസാം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറും. ഔദ്യോഗിക ചടങ്ങിന് ശേഷം അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും ഭജനയും തുടര്‍ന്ന് ദര്‍ശനവും നടക്കും.
27ന് രാവിലെ ഏഴരയ്ക്ക് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഒമ്പത് മണിയ്ക്ക് വേദിയിലെത്തുന്ന അമ്മ വിശിഷ്ടവ്യക്തികള്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഗുരുപാദുക പൂജ, വിശ്വശാന്തി പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും നടക്കും. 11മണിയ്ക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വേദിയില്‍ എത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാവും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് കൈമാറും.
പരിപാടിയില്‍ പങ്കെടുക്കാനായി ദേശത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയ ആയിരങ്ങള്‍ക്ക് തുടര്‍ന്ന് അമ്മ ദര്‍ശനം നല്‍കും. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി അതിവിപുലമായ സൌകര്യങ്ങളാണ് അമൃതപുരിയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. സുഗമമായ ഗതാഗതത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കായും എത്തുന്നവര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും നല്‍കാനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.





























