തിരുവനന്തപുരം. ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കി.
മണ്ഡലം കമ്മിറ്റിയും എംഎല്‍എയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും ഇരുവരോടും കെപിസിസി നിര്‍ദേശിച്ചു. ഹസന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ നടപടി. അതേസമയം, പ്രശ്‌നപരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലോട് രവി, എം വിന്‍സെന്റ്, നെയ്യാറ്റിന്‍കര സനല്‍, കെ എസ് ശബരീനാഥന്‍ എന്നിവരാണ് സമിതിയിലുള്ളത്. ഇരുപക്ഷത്തെയും സമവായത്തില്‍ എത്തിക്കും. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടും.
പാര്‍ട്ടിക്ക് നാണക്കേടായ ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉയര്‍ന്നിട്ടും എംഎല്‍എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്‌നം ഒതുക്കുകയായിരുന്നു. എതിര്‍ചേരിയുടെ എതിര്‍പ്പ് തണുപ്പിക്കാന്‍ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിര്‍ദ്ദേശം രമ്യക്ക് നല്‍കാനും ധാരണയായി. കയ്യാങ്കളിയില്‍ രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോണ്‍ഗ്രസ് കൂന്തല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
































