28.9 C
Kollam
Sunday 20th September, 2026 | 02:39:00 PM
Home News Breaking News സിപിഎം സംഘടനാ തലത്തില്‍ ആറ് ജില്ലകളിലെങ്കിലും വലിയ അഴിച്ചുപണി നടക്കുമെന്ന് സൂചന

സിപിഎം സംഘടനാ തലത്തില്‍ ആറ് ജില്ലകളിലെങ്കിലും വലിയ അഴിച്ചുപണി നടക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വരുത്തിയ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് പിന്നാലെ, ജില്ലാ ഘടകങ്ങളിലും സമഗ്രമായ പുനഃസംഘടനയ്ക്ക് കളമൊരുക്കി സിപിഎം. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഉടന്‍ ചേരാനിരിക്കെ, കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ട കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉള്‍പ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തില്‍ വലിയ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

കോട്ടകള്‍ വീണ കണ്ണൂരില്‍ അതൃപ്തി പുകയുന്നു
പാര്‍ട്ടി കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും കൈവിട്ടുപോയ കണ്ണൂരിലെ പുനഃസംഘടനയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. പ്രാദേശിക നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതും ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ അഭാവവും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും കണ്ണൂരില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം ശക്തമാണ്. പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ കണ്ണൂരിലെ സംഘടനാ സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും ഇവിടുത്തെ അഴിച്ചുപണിയെ സ്വാധീനിക്കും.

തിരുവനന്തപുരത്തും കൊല്ലത്തും അടിത്തറ ഇളകി; നേതൃത്വത്തിന് വിമര്‍ശനം
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ 13 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ വെറും 5 സീറ്റിലേക്ക് കൂപ്പുകുത്തിയതും രണ്ട് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതും പാര്‍ട്ടി നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന യോഗത്തില്‍ ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ആരംഭിക്കുന്ന രണ്ടുദിവസത്തെ ജില്ലാ യോഗത്തില്‍ പരാജയകാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

കൊല്ലത്ത് കഴിഞ്ഞ തവണത്തെ 11 സീറ്റുകളില്‍ നിന്ന് എല്‍ഡിഎഫ് വെറും 2 ലേക്ക് ഒതുങ്ങിയത് പരമ്പരാഗത തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. സമാനമായി കോഴിക്കോട്ട് കഴിഞ്ഞ തവണത്തെ 11-ല്‍ നിന്ന് ഒരു സീറ്റിലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. ഈ ജില്ലകളിലും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി ശക്തമാണ്.

മേല്‍നോട്ടത്തിന് പിണറായിയും ഗോവിന്ദനും വിജയരാഘവനും
ജില്ലാതല യോഗങ്ങളുടെ മേല്‍നോട്ടത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എ. വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സമിതികള്‍ നാല് ജില്ലകളില്‍ വീതം മേല്‍നോട്ടം വഹിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ഓരോ ഏരിയ കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയും ഒരു വനിതാ നേതാവും ഉള്‍പ്പെടെ നാല് പ്രതിനിധികള്‍ വീതം വിപുലീകരിച്ച യോഗങ്ങളില്‍ പങ്കെടുക്കും. യുവാക്കള്‍ക്ക് സംഘടനയുടെ മുന്‍നിരയിലേക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും താഴെത്തട്ടിലെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ച് പരിഹരിക്കാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here