30.3 C
Kollam
Tuesday 6th October, 2026 | 06:22:12 PM
Home News Breaking News ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.

Also Read: രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്‍റേത്, 12 വർഷമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം; രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്

ഓഗസ്റ്റ് 23-ന് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കും.

പത്തനംതിട്ടയിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ ആഘോഷങ്ങളില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും, ഓണം മാറ്റിവയ്ക്കേണ്ടതില്ലെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് വിപുലമായ ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് പ്രേരണയായതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് സ്വാഗതവും മുന്‍ എം.എല്‍.എയും ട്രേഡ് ഫെയര്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ എം.എ. വാഹിദ് നന്ദിയും രേഖപ്പെടുത്തി.