തിരുവനന്തപുരം. സിഎംആര്‍എല്‍എക്സാലോജിക് മാസപ്പടി കേസില്‍ ഹവാല ഇടപാടിനു തെളിവ് ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണ ടി ദുബൈയിലേക്ക് 85 ലക്ഷം രൂപ അയച്ചതായും അതിന്റെ രേഖകള്‍ ഡയറിയില്‍ നിന്ന് കണ്ടെത്തിയതായും ഇഡി അറിയിച്ചു. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാട് നടത്തിയതായും ഇരുപത് കോടിയുടെ ഇടപാട് വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയതായും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹവാല ഇടപാട് നടന്നെന്നും തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചതായും ഇത് ഇന്റര്‍നെറ്റ് കോളുകള്‍ വിളിക്കാന്‍ വേണ്ടിയെന്നുമാണ് ഇഡി സംശയിക്കുന്നത്. സിം നല്‍കിയ ആളും അന്വേഷണ പരിധിയിലുണ്ട്. മറ്റ് വരുമാനമില്ലാത്ത വീണയ്ക്ക് കോടികളുടെ ഇടപാടെന്നും വീണയുടെ പണമിടപാടുകാരെ കേന്ദ്രീകരിച്ചാണ് ഈ ദിവസങ്ങളില്‍ റെയ്ഡ് നടന്നതെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
കേസില്‍ വീണ വിജയന്റെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം 9 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

































