26.9 C
Kollam
Friday 4th September, 2026 | 10:46:29 PM
Home News Breaking News സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വന്ദേമാതരത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തത്. സ്‌കൂളുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് സര്‍ക്കുലറിലുള്ളത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂളുകളിലും ഇത് പാലിക്കേണ്ടി വരുമെന്ന് അഭ്യൂഹമുഹമുണ്ടായിരുന്നു. പുതിയ സര്‍ക്കുലര്‍ വന്നതോടെ ഇതിന് വിരമമായി.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ദേശീയപതാക ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന ആവശ്യവും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ ഓഫിസറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയത്.

ചീഫ് സെക്രട്ടറി സര്‍ക്കുലറിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൈമാറുക മാത്രമായിരുന്നുവെന്നും സര്‍ക്കാരിന് ഇത്തരം നിലപാടുകളില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നയമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്‌കൂളുകള്‍ക്കായി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.