26.4 C
Kollam
Thursday 17th September, 2026 | 06:52:15 AM
Home News Breaking News ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയം അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി

ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയം അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി

കണ്ണൂര്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയ്ക്ക് പിടി വീണത്. ഓട്ടോറിക്ഷയിലാണ് അര്‍ജുന്‍ ഫ്ലാറ്റിലെത്തിയത്. ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് നിഗമനം.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

ഡിഐജി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സാഹസികമായി അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. പൊലീസില്‍ നിന്നും രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. അര്‍ജുന്‍ ആയങ്കിയ്ക്ക് ഒളിയിടം ഒരുക്കിയവരും സഹായം നല്‍കിയവരും ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും. ഒളിവിലിലിരുന്നുകൊണ്ട് തന്നെ പിടിക്കാനായി പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ചിരുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ മൂന്ന് കേസുകളാണുള്ളത്.

പൊലീസ് കസ്റ്റഡിയിലും സര്‍ക്കാരിനെതിരെ വിമര്‍ശനം അര്‍ജുന്‍ ആയങ്കി തുടര്‍ന്നു. കടലില്‍ കാണാതായവരെ കിട്ടിയോ? എന്നായിരുന്നു അര്‍ജുന്‍ ആയങ്കി ചോദിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അര്‍ജുന്റെ പരിഹാസം.