Home News Breaking News സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ; ഗൗതം കൃഷ്ണന്റെ തിരച്ചിലിനായി നേവിയുടെ കപ്പലും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും...

സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ; ഗൗതം കൃഷ്ണന്റെ തിരച്ചിലിനായി നേവിയുടെ കപ്പലും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും കൊല്ലത്ത്

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനെ കണ്ടെത്തുന്നതിനായി കൊച്ചിയിൽ നിന്നുള്ള നേവിയുടെ കപ്പൽ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം അദ്ദേഹം മുംബൈയിലെ നേവിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ഇതിന് പുറമെ, കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിലിനായി എത്തുന്നുണ്ട്.

ഇതിനായി കരുനാഗപ്പള്ളിയിലുള്ള അമൃത എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനുള്ള പ്രത്യേക റൺവേയുടെ പ്രവർത്തനങ്ങളും പൂർത്തിയായി. രാവിലെ പത്തരയോടെ ഹെലികോപ്റ്റർ രക്ഷാദൗത്യത്തിന്റെ ഭാഗമാകും.

കൂബാ ഡൈവർമാരെ ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള ശ്രമം കടലിൽ ശക്തമായ അടിയൊഴുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേവിയുടെ കപ്പൽ കൊല്ലത്തെത്തിയിരിക്കുന്നത്. നേവിയുടെ മുങ്ങൽ വിദഗ്ധരും തിരച്ചിൽ ദൗത്യത്തിന്റെ ഭാഗമാകുകയാണ്.

ഗൗതം കൃഷ്ണനെ കണ്ടെത്തിയാൽ ഉടൻ എയർലിഫ്റ്റ് ചെയ്യുന്നതിനായാണ് ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഹെലികോപ്റ്ററിൽ ഇന്ധനം നിറയ്ക്കുന്നതിനാവശ്യമായ സൗകര്യങ്ങളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കറും കൊച്ചിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. രാവിലെ പന്ത്രണ്ട്മ ണിയോടെ ടാങ്കർ സ്ഥലത്തെത്തും.

നിലവിൽ നടക്കുന്ന തിരച്ചിൽ ശ്രമങ്ങൾ അപര്യാപ്തമാണെന്നും, വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ നേരത്തെ ചാനലുകളോട് സംസാരിക്കവെ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് സുരേഷ് ഗോപി ഫോണിലൂടെ രേഷ്മയെ ബന്ധപ്പെടുകയും, ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here