28.7 C
Kollam
Wednesday 23rd September, 2026 | 06:54:03 PM
Home News Breaking News ലോകകപ്പ് മത്സരങ്ങൾക്കിടെ മെസിയെ വധിക്കാൻ ബോംബാക്രമണ പദ്ധതി? ഞെട്ടിക്കുന്ന സുരക്ഷാ വെളിപ്പെടുത്തൽ

ലോകകപ്പ് മത്സരങ്ങൾക്കിടെ മെസിയെ വധിക്കാൻ ബോംബാക്രമണ പദ്ധതി? ഞെട്ടിക്കുന്ന സുരക്ഷാ വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും വിവിധ രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ ‘ഇൻഫോർമേഷൻ.എസ്’ ആണ് വിവരം പുറത്തുവിട്ടത്.
ടൂർണമെന്റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരങ്ങളിൽ മെസിയും ഉൾപ്പെട്ടിരുന്നതായി സുരക്ഷാ രേഖകളിൽ വ്യക്തമാക്കുന്നു.

Also Read:


അർജന്റീനയും ജോർദാനും തമ്മിലുള്ള മത്സരം ഡാളസിൽ നടക്കുന്നതിന് തൊട്ടുമുമ്പാണ് ആദ്യ പ്രധാന ഭീഷണി ലഭിച്ചത്. ഡാളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച സന്ദേശത്തിൽ, താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള എആർ-15 തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് പോകുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും താരങ്ങളെയും ആക്രമിക്കുമെന്നും ഒരാൾ അവകാശപ്പെട്ടു.
അറ്റ്ലാന്റയിൽ ഈജിപ്തിനെതിരായ അർജന്റീനയുടെ മത്സരത്തിന് മുന്നോടിയായും സമാനമായ ഭീഷണിയുണ്ടായി. സ്വന്തം ശരീരത്തിൽ നാല് ബോംബുകൾ ഘടിപ്പിച്ച് സ്റ്റേഡിയത്തിൽ പ്രവേശിച്ച് മെസിയെ ആക്രമിക്കുമെന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിലെ ഒരു അക്കൗണ്ടിൽ നിന്നുള്ള മുന്നറിയിപ്പ്.
ഇതിന് പിന്നാലെ സ്റ്റേഡിയത്തിനുള്ളിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശവും പൊലീസിന് ലഭിച്ചു. തുടർന്ന് കെ-9 യൂണിറ്റുകളെയും ബോംബ് സ്ക്വാഡ് വിദഗ്ധരെയും വിന്യസിച്ച് സ്റ്റേഡിയത്തിൽ വ്യാപക പരിശോധന നടത്തി. സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കി.
മെസിക്ക് പുറമെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ടൂർണമെന്റിനിടെ സുരക്ഷാ ഭീഷണിയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഹൂസ്റ്റണിൽ പോർച്ചുഗൽ ടീം താമസിച്ചിരുന്ന ഹോട്ടലിനെയും റൊണാൾഡോയുടെ മുറിയെയും കുറിച്ച് സംശയകരമായ രീതിയിൽ വിവരങ്ങൾ ശേഖരിച്ച ഒരാളെ ജൂൺ 16ന് ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രമുഖ ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറിന് വാട്സാപ്പിലൂടെ 6,000ത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടിലുണ്ട്.
ലോകകപ്പ് പോലെയുള്ള ആഗോള കായികമേളയിൽ താരങ്ങളുടെയും ടീമുകളുടെയും സുരക്ഷ ഉറപ്പാക്കാൻ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.