കന്നിവെയിലിന് വിടചൊല്ലി സന്ധ്യയിറങ്ങിയപ്പോൾ പടനിലം ഉണർന്നത് കെട്ടുകാഴ്ചയുടെ വിസ്മയക്കാഴ്ചകളിൽ. ആകാശംമുട്ടെ തലയുയർത്തിയ കെട്ടുകാളകളും അവയ്ക്കൊപ്പമെത്തിയ വാദ്യമേളങ്ങളും കലാരൂപങ്ങളും ചേർന്നപ്പോൾ ഓണാട്ടുകരയുടെ മണ്ണ് ഉത്സവത്തിമിർപ്പിലായി. തലപ്പൊക്കത്തിൽ ഒന്നാമനായ വിശ്വപ്രജാപതി കാലഭൈരവൻ ഉൾപ്പെടെയുള്ള കെട്ടുകാളകൾ പടനിലത്തേക്ക് എത്തിയതോടെ ആവേശം പാരമ്യത്തിലെത്തി.
ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യവും വിശ്വാസവും കലാസംസ്കാരവും ഒത്തുചേരുന്ന കാളകെട്ടുത്സവത്തിന് സാക്ഷ്യം വഹിക്കാൻ ജനലക്ഷങ്ങളാണ് പടനിലത്തേക്ക് ഒഴുകിയെത്തിയത്. ഓണാട്ടുകരയിലെ 52 കരകളിൽനിന്നായി ചെറുതും വലുതുമായ ഇരുനൂറോളം കെട്ടുകാളകളാണ് ഇത്തവണ എഴുന്നള്ളിച്ചത്. വെള്ളയിലും ചുവപ്പിലും അണിഞ്ഞൊരുങ്ങിയ കെട്ടുകാളകൾ പടനിലത്തെത്തിയതോടെ ഉത്സവനഗരം വർണാഭമായി.
പുലർച്ചെ മുതൽ കാളമൂട്ടിൽനിന്നാണ് കെട്ടുകാളകളെ എഴുന്നള്ളിക്കാൻ തുടങ്ങിയത്. പഞ്ചവാദ്യവും ചെണ്ടമേളവും വിവിധ കലാരൂപങ്ങളും അകമ്പടിയായെത്തിയ കെട്ടുകാഴ്ചകൾ വഴിനീളെ ആവേശം പകർന്നു. വനിതാ കാളകെട്ട് സമിതികളും ഇത്തവണ സജീവമായി പങ്കെടുത്ത് തങ്ങളുടെ കെട്ടുകാഴ്ചകൾ വാശിയോടെ എഴുന്നള്ളിച്ചു.
രാത്രി വൈകിയും കെട്ടുകാളകൾ പടനിലത്തേക്ക് എത്തിക്കൊണ്ടിരുന്നു. കൂറ്റൻ കെട്ടുകാളകളെ നാളെവരെ പടനിലത്ത് പ്രദർശിപ്പിക്കും. കെട്ടുകാഴ്ചയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ വരും ദിവസങ്ങളിലും വൻജനാവലി പടനിലത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.




























