ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് സേവനനിരക്ക് ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. ദൈനംദിന യുപിഐ ഇടപാടുകൾക്ക് യാതൊരു നിരക്കും ബാധകമാകില്ലെന്നും ഭാവിയിൽ ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നാമമാത്രമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ചില വിഭാഗം വ്യാപാരികൾക്ക് മാത്രമായിരിക്കും എംഡിആർ ബാധകമാകുക. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും യുപിഐ നയത്തിൽ മാറ്റം വരുത്തുന്നതിന് പിന്നിൽ യാതൊരു ബാഹ്യസമ്മർദവുമില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
Also Read:
യുപിഐ ഇടപാട് തുകയെത്രയായാലും ഉപഭോക്താക്കൾ ഒരു രൂപ പോലും സേവനനിരക്കായി നൽകേണ്ടിവരില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയും വ്യക്തമാക്കി. ചെറുകിട വ്യാപാരികളെയും പുതിയ സംവിധാനം ബാധിക്കില്ല. വൻകിട വ്യാപാരികളും പേയ്മെന്റ് സേവനദാതാക്കളും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം മാത്രമാണ് ഇതെന്നും കൗൺസിൽ വിശദീകരിച്ചു.
എന്നാൽ ‘ചെറുകിട വ്യാപാരി’ എന്ന വിഭാഗത്തിൽ ഉൾപ്പെടാനുള്ള വരുമാനപരിധി എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിരക്കിൽ നിന്ന് ഇളവ് ലഭിക്കുന്ന ഇടപാടുകളുടെ പരിധിയും വ്യക്തമല്ല. സേവനനിരക്ക് ബാധകമായ വ്യാപാരികൾ യുപിഐ പേയ്മെന്റുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയോ നിരക്കിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് മാറ്റുകയോ ചെയ്താൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വ്യക്തതയില്ല.
രാജ്യത്ത് യുപിഐ ഇടപാടുകൾ വ്യാപകമായതോടെ യുഎസ് ആസ്ഥാനമായ വിസ, മാസ്റ്റർകാർഡ്, പേപാൽ തുടങ്ങിയ പണമിടപാട് സ്ഥാപനങ്ങൾക്ക് തിരിച്ചടിയുണ്ടായതായി നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യം മറികടക്കുന്നതിനായി യുഎസിന്റെ സമ്മർദത്തിന് വഴങ്ങിയാണ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് യുപിഐ സേവനങ്ങളെക്കുറിച്ച് ധനമന്ത്രാലയം വിശദീകരണം നൽകിയത്.




























