കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല്മരണം.മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ആണ് അപകടം.
ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ അലവിൽ സ്വദേശിയും നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവിൽ സ്വദേശി ഷാൻ സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നു വരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.
വഴിയരികിലെ തണൽമരത്തിലിടിച്ചാണ് അപകടം. കാർ പൂർണമായും തകർന്നു. കാറിൽ അകപ്പെട്ട യാത്രക്കാരെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

































