പാലക്കാട്: കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയമുണ്ടെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംഭവത്തിൽ ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുൻ മന്ത്രി മാത്യു ടി തോമസിന്റെ പേര് പരാമർശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസ്ന്ദേശമാണ് ഇന്ന് രാവിലെ മാത്യു കുഴൽനാടൻ പുറത്തുവിട്ടത്.
കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്‌പിൽവെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപ്പെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.’തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആരോപണമാണ് ഇത്. തോമസിനെ മോശക്കാരനാക്കാനാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കിൽ എന്തുകൊണ്ട് കുഴൽനാടൻ അത് സഭയിൽ ഉന്നയിച്ചിരുന്നില്ല.
ഇത് ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണ്. മാത്യു കുഴൽനാടനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രഭാത് എന്റെ സ്റ്റാഫംഗം ആയിരുന്നില്ല. ചില അനാവശ്യ കാര്യങ്ങൾ പ്രഭാത് ആവശ്യപ്പെട്ടു. കിട്ടാതായപ്പോൾ പാർട്ടിയോട് ഇടഞ്ഞ് പുറത്തുപോയി. ഇത്തരം കാര്യങ്ങൾ എനിക്ക് ഭയമില്ല. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്’- കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.





































