27.6 C
Kollam
Monday 21st September, 2026 | 04:27:44 PM
Home News International ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദുബായ് ഭരണാധികാരിയുടെ കാര്യാലയമാണ് മരണവിവരം അറിയിച്ചത്.
ഷെയ്ഖ് അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുബായില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ദുഃഖാചരണ കാലയളവില്‍ ദുബായിലെ ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വിയോഗത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി. ”ഞങ്ങളുടെ കണ്‍മുന്നില്‍നിന്ന് മറഞ്ഞെങ്കിലും പ്രാര്‍ഥനകളിലും ഹൃദയങ്ങളിലും അങ്ങ് എന്നും ഉണ്ടാകും” എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെയും അല്‍ മക്തൂം കുടുംബത്തെയും അനുശോചനം അറിയിച്ചു. ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദിന്റെ നേട്ടങ്ങളും രാജ്യത്തിനായുള്ള സംഭാവനകളും ഓര്‍മയില്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അനുശോചനം രേഖപ്പെടുത്തി. ഷെയ്ഖ് അഹമ്മദ് ഹൃദയങ്ങളിലും ഓര്‍മകളിലും പ്രാര്‍ഥനകളിലും എന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് പൊലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയര്‍മാനായും അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാനായും ഷെയ്ഖ് അഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here