കാസർകോട്: ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും റാഗിങ് പരാതി. ഷൂ ധരിച്ചതിനും ഷർട്ടിന്റെ ആദ്യ ബട്ടൺ തുറന്നിട്ടതിനും പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി.
ഉച്ചകഴിഞ്ഞ് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനിടെ പടിക്കെട്ടിന് സമീപം സീനിയർ വിദ്യാർഥികൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് വിദ്യാർഥി പറഞ്ഞു. കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളത്ത് അടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായും വിദ്യാർഥി വെളിപ്പെടുത്തി.
സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ 14 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. നാല് വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്കൂളിൽ നേരത്തെയും റാഗിങ് പരാതികൾ ഉയർന്നിരുന്നു. സമാന സംഭവങ്ങളിൽ വിദ്യാർഥികൾക്കെതിരെ മാനേജ്മെന്റ് പലതവണ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും വീണ്ടും റാഗിങ് പരാതി ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.




























