സംസ്ഥാനത്തെ ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മൂന്നാർ തുടങ്ങിയ മലയോര മേഖലകളിൽ ഇന്നലെയും കനത്ത മഴയുണ്ടായിരുന്നതിനാൽ നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

































