25.6 C
Kollam
Wednesday 19th August, 2026 | 09:11:25 AM
Home News Breaking News രണ്ട് കൊലപാതകക്കേസിലെയും ഒരു വധശ്രമക്കേസിലെയും പ്രതി… വിവാഹം കഴിച്ചു സുഖ ജീവിതം… 22 വർഷത്തിനുശേഷം പിടിയിൽ

രണ്ട് കൊലപാതകക്കേസിലെയും ഒരു വധശ്രമക്കേസിലെയും പ്രതി… വിവാഹം കഴിച്ചു സുഖ ജീവിതം… 22 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് കൊലപാതകക്കേസിലെയും ഒരു വധശ്രമക്കേസിലെയും പ്രതി 22 വർഷത്തിനുശേഷം പോലീസ് പിടിയിൽ. കണ്ണൂർ താവക്കര വലിയവളപ്പ് കാവിന് സമീപം കണ്ടിക്കൽ ഹൗസിൽ രാഗേഷിനെ (49) ആണ് തിങ്കളാഴ്ച അർധരാത്രിയോടെ പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡിയുടെയും കണ്ണൂർ എ.സി.പി. എം.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കർണാടകയിലെ തർബനഹള്ളിയിൽ വച്ച് പ്രതിയെ പിടികൂടിയത്.


മുൻപ് രാഗേഷിന്റെ വീട്ടിൽ പലതവണ അന്വേഷിച്ചെങ്കിലും ഇയാളെ കുറിച്ച് തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട്, രാഗേഷ് ബെംഗളൂരുവിൽ ജോലിചെയ്തിരുന്നതായി പോലീസിന് വിവരം കിട്ടി. സുഹൃത്തിൽനിന്ന് പഴയ ഒരു ഫോട്ടോയും. ഈ വിവരങ്ങളാണ് ഇയാളെ പിടികൂടുന്നതിൽ നിർണായകമായത്.


വീട്ടിലുണ്ടായിരുന്ന ഫോട്ടോകൾപോലും പ്രതി മാറ്റിയിരുന്നു. സിനിമാനടനാകണമെന്നും അതിന് ഫോട്ടോ അയച്ചുകൊടുക്കണമെന്നും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയായിരുന്നു രാഗേഷ് ഫോട്ടോ കൊണ്ടുപോയത്. അന്വേഷണത്തിനിടയിൽ പോലീസ് സംഘടിപ്പിച്ച അവ്യക്തമായ ഫോട്ടോ വിദഗ്ധരായ പ്രൊഫഷണലുകളെ ഉപയോഗിച്ച് മാറ്റംവരുത്തി. ഇത്‌ ഉപയോഗിച്ചുള്ള അന്വേഷണമാണ് നിർണായകമായത്. ബെംഗളൂരുവിനടുത്ത് മലയാളി നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിൽ ഇയാളെ കണ്ടെന്ന് രാഗേഷിന്റെ ഒരു സുഹൃത്ത് പോലീസിനെ അറിയിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷിച്ചു. അടുത്തടുത്ത് വീടുകളുള്ള സ്ഥലത്ത് വാടകവീട്ടിൽ രാഗേഷ് ഉണ്ടെന്ന ഫോൺ ലൊക്കേഷൻ വിവരം ലഭിച്ചു. ഇതോടെ പോലീസ് വീട്ടിൽക്കയറി പിടികൂടുകയായിരുന്നു.

23 വർഷമായി സാബു എന്ന പേരിൽ, തൃശ്ശൂർ സ്വദേശിനിയെ വിവാഹംചെയ്ത് ജീവിക്കുകയായിരുന്നു. സാബു എന്ന പേരിൽ കാറ്ററിങ് ജോലിചെയ്യുന്ന രാഗേഷിനെക്കുറിച്ച് നാട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയുമായിരുന്നില്ല. ഇയാൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ വിവരങ്ങൾ തിരഞ്ഞ് കണ്ടുപിടിച്ചപ്പോഴാണ് സാബു, രാഗേഷ് തന്നെയാണെന്ന് വ്യക്തമായത്. ഈ വാഹനത്തിന്റെ ആർ.സി. വിവരങ്ങൾ പരിശോധിച്ചപ്പോൾ ഫോൺനമ്പർ ലഭിച്ചു. അന്വേഷണത്തിൽ അത് രാഗേഷിന്റെ പേരിലുള്ളതാണെന്ന് തെളിഞ്ഞു.


2001-ൽ കണ്ണൂരിനെ നടുക്കിയ കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ സി.പി.എം. പ്രവർത്തകനായ രവീന്ദ്രന്റെ കൊലപാതകം, സുഹൃത്തായ യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ്. ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here