28 C
Kollam
Sunday 27th September, 2026 | 08:33:21 PM
Home News Kerala പോലീസ് സ്റ്റേഷനിലെ ഫോണിലേക്ക് വിളിച്ച് അസഭ്യവർഷവും വധഭീഷണിയും ഒടുവില്‍ നടന്നത്

പോലീസ് സ്റ്റേഷനിലെ ഫോണിലേക്ക് വിളിച്ച് അസഭ്യവർഷവും വധഭീഷണിയും ഒടുവില്‍ നടന്നത്

മലപ്പുറം. സ്റ്റേഷനിലെ ഫോണെടുക്കാന്‍ പൊലീസുകാര്‍ക്ക് പേടിയായി, എടുത്താല്‍ പൊലീസുകാരുപോലും കേള്‍ക്കാത്ത പച്ചത്തെറി, അതിന് ആണെന്നും പെണ്ണെന്നും വ്യത്യാസമില്ല, പലപ്പോഴും ഫോണെടുത്ത് മാറ്റി വയ്ക്കേണ്ട നില, മാസങ്ങളായി ചങ്ങരംകുളം പോലീസിന്റെ സമാധാനം കളഞ്ഞ പ്രതി ഒടുവിൽ പോലീസിന്റെ പിടിയിൽ. പോലീസ് സ്റ്റേഷനിലെ ഫോണിലേക്ക് വിളിച്ച് അസഭ്യവർഷവും വധഭീഷണിയും സ്ഥിരമാക്കിയ വിരുതനാണ് അറസ്റ്റിലായത്. മൈസൂരിൽ നിന്നാണ് ചങ്ങരംകുളം ഒതളൂർ സ്വദേശിയായ പ്രതി പോലീസിന്റെ പിടിയിലായത്.


രാത്രിയായാൽ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ ഫോണിന് വിശ്രമമില്ലായിരുന്നു. ഫോണെടുത്താൽ കേൾക്കുന്നതാകട്ടെ കേട്ടാൽ അറക്കുന്ന അസഭ്യ വർഷവും ഭീഷണിയും. ഈ ശല്യം മസങ്ങൾ പിന്നിട്ടതോടെ രാത്രികാലങ്ങളിൽ മറ്റ് ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി പോലീസ് ഉദ്യോഗസ്ഥർ. ഇതോടെയാണ് അജ്ഞാതനായ ശല്യക്കാരനെ തപ്പി പോലീസ് ഇറങ്ങിയത്.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൈസൂരിലെത്തി പ്രതിയെ പിടികൂടിയത്.
ചങ്ങരംകുളം പാവിട്ടപ്പുറം ഒതളൂർ സ്വദേശി പ്രേമരാജനാണ് പിടിയിലായത്. മൈസൂരിലെ ഒരു ഫർണിച്ചർ കടയിൽ മരപ്പണി ചെയ്തുവരികയായിരുന്നു ഇയാൾ. വർഷങ്ങൾക്ക് മുൻപ് ഇയാളുടെ ബന്ധുക്കൾ നൽകിയ മറ്റൊരു കേസിൽ ചങ്ങരംകുളം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രതി സ്റ്റേഷനിൽ വിളിച്ചുനിരന്തരം തെറിയഭിഷേകം നടത്തിയത്. മാസങ്ങളായി തലവേദനയായി മാറിയ പ്രതിയെ അഴികൾക്കുള്ളിലാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചങ്ങരംകുളം പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here