വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും കേള്‍ക്കണമെന്ന് സുപ്രീം കോടതി
ഡല്‍ഹി ജന്തല്‍ മന്തറില്‍ സമരം നയിച്ച കോക്റോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ആശങ്കകള്‍ പരിഹരിക്കാനാണ് അധികാരികള്‍ ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് കോക്റോച്ച് ജനതാ പാര്‍ട്ടി
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് കോക്റോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു. എന്നാല്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന സമ്മര്‍ദ ശക്തിയായി തുടരും. മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ യോഗം അഭിജിത് ദീപ്കെയുടെ വസതിയില്‍ നടന്നു. സൗരവ് ദാസിന്റെ വീട്ടിലേക്ക് ഓണ്‍ലൈന്‍ മീഡിയ അതിക്രമിച്ചു കയറിയ സംഭവത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ മഴക്കെടുതി: മരണം 28 ആയി
കേരളത്തിലെ മഴക്കെടുതികളില്‍ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ അടക്കം ഇതുവരെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നു പേരെ കാണാതായി. ദുരന്തത്തില്‍ സംസ്ഥാനത്തെ 58 വീടുകള്‍ പൂര്‍ണ്ണമായും 687 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി ഇരുപത്തിയേഴായിരത്തോളം ആളുകളുണ്ട്.
വാഹനങ്ങളുടെ രൂപമാറ്റം: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം
വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കി.
സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും; മൂന്നു ദിവസം കൂടി ഓറഞ്ച് അലര്‍ട്ട്
ഇന്നു മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്നു ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും. ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ ഇന്നു രാത്രി 11.30 വരെ ഒരു മീറ്ററിലേറെ ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ്
പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും 6 ശതമാനം പലിശനിരക്കില്‍ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നു നിര്‍വഹിക്കും.
ശബരിമല മില്‍മ നെയ്യ് അഴിമതി: അന്വേഷണ സംഘത്തിന്റെ പട്ടിക കൈമാറി
ശബരിമല മില്‍മ നെയ്യ് അഴിമതി അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥ സംഘത്തിന്റെ പട്ടിക സര്‍ക്കാര്‍ ഹൈക്കോടതിക്കു കൈമാറി. അന്വേഷണ സംഘം രൂപീകരിക്കാന്‍ പട്ടിക ഉടനടി തരണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘത്തില്‍ വിജിലന്‍സിലെ അഞ്ച് ഇന്‍സ്പെക്ടര്‍മാരാണ് ഉള്ളത്. മേല്‍നോട്ടത്തിന് എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് വിജിലന്‍സ് മേധാവി മനോജ് അബ്രഹാം നല്‍കിയത്. എസ്.ഐ.ടി തലവന്‍ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും.
ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലക്ഷദ്വീപില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ വിലക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തതു ചോദ്യം ചെയ്ത് ദ്വീപു നിവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനെന്ന പേരിലുള്ള സര്‍ക്കാരിന്റെ നടപടികള്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ആലപ്പുഴ ജില്ലയില്‍ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ആലപ്പുഴ ജില്ലയില്‍ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ആണ് അവധി.
പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം
പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കേരളം
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം രംഗത്ത്. തമിഴ്നാട് സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതിയില്‍നിന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ പിന്മാറി
പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതിയില്‍നിന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ പിന്മാറി. ഇന്നു മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ലെന്ന് ബെവ്‌കോ എം.ഡി ഉത്തരവിറക്കി. തിരുവനന്തപുരത്തും കണ്ണൂരിലുമായി 20 മദ്യശാലകളില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ പദ്ധതിയാണിത്. ബെവ്കോ മദ്യശാലകളിലെ ഷിഫ്റ്റ് സമ്പ്രദായവും നിര്‍ത്തലാക്കി.
മംഗളൂരു ശ്രീനിവാസ കോളജില്‍ റാഗിംഗ്: ആറു മലയാളികള്‍ അറസ്റ്റില്‍
മംഗളൂരു ശ്രീനിവാസ കോളജില്‍ റാഗിംഗ് നടത്തിയതിന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ആറു മലയാളികളെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മലയാളി വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ആക്രമിച്ചത്. ഇവരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേടിപ്പിച്ചു.
മലപ്പുറം പോത്തുകല്ല് മുണ്ടേരി വനത്തില്‍ ജീവനക്കാര്‍ തമ്മിലടിച്ചു
മലപ്പുറം എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. റേഷന്‍ വാങ്ങാന്‍ വന്ന ആദിവാസി കുടുംബങ്ങളുടെ മുന്നിലവച്ചാണ് അടിപിടി നടന്നത്. ഡെപ്യൂട്ടി റേഞ്ചറടക്കം പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. വൈകിവന്ന രണ്ടു ജീവനക്കാരുടെ അവധി ഹാജര്‍ ബുക്കില്‍ രേഖപ്പെടുത്തിയത് ചോദ്യംചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
പെണ്‍വേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗസംഘം പിടിയില്‍
പെണ്‍വേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗസംഘം ഗുരുവായൂരില്‍ പിടിയിലായി. യുവതിയുടെ മുന്‍ കാമുകനായ തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തില്‍ പ്രസാദ്, കൂട്ടുകാരായ ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സ്വീകരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വിമർശനം
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന് കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണം നല്‍കിയതുമൂലം രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടിനു മന്ത്രി മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
തിരുവനന്തപുരം – മിസോറി സിറ്റി സഹോദരനഗര ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍
തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മില്‍ സഹോദരനഗര ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചകളുമായി തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്. മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നു രാജേഷ് അറിയിച്ചു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2080 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,680 രൂപയായി ഉയര്‍ന്നു.
72-ാമത് നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളിയുടെ ടിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഓണ്‍ലൈനായും വിവിധ നിരക്കുകളില്‍ ലഭ്യമാണ്.
കാസര്‍കോട് പൊലീസുകാരനെ കാണാതായി
കാസര്‍കോട് പൊലീസുകാരനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍ ബേളൂര്‍ അട്ടേങ്ങാനം കപ്പണ സ്വദേശിയായ സാം സനല്‍ (27) നെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
കോഴിക്കോട് കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചു പൂട്ടാന്‍ ഉത്തരവ്
കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചു പൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. ജനങ്ങളുടെ പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഫാക്ടറി വേഗം അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.
ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം
തിരുവനന്തപുരം ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് ബസ് കെട്ടിടത്തില്‍ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവര്‍ മുരളീധരന്‍ അന്തരിച്ചു.
തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ നൃത്താധ്യാപിക കൊല്ലപ്പെട്ടു
തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ ഹോട്ടല്‍ മുറിയില്‍ സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശിനി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് നിര്‍ബന്ധിച്ചതു ചെറുത്ത സുഹൃത്ത് വിഗീഷിനെ പോലീസ് തെരയുന്നു.
എഫ്സിആര്‍എ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ നീക്കം
വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ ഭേദഗതി ബില്‍ തിരക്കിട്ട് രണ്ടു ദിവസത്തിനകം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ നീക്കം. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പ്രതിപക്ഷ ബഹളത്തിനിടയിലും ബില്‍ പാസാക്കിയെടുക്കാനാണു ശ്രമം.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തില്‍ മെറ്റ മേധാവി മാപ്പ് പറഞ്ഞു
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം തുടങ്ങിയവയ്ക്കു മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഖേദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കംചെയ്തതില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് മെറ്റ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറായ ജോയല്‍ കാപ്ലാന്‍ മാപ്പ് പറഞ്ഞു.
ഝാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള സമരം
ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരേ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോ നാലാം ദിവസം വെള്ളം കുടിച്ചു. ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ അഭ്യര്‍ഥന പ്രകാരമാണ് മഹ്തോ വെള്ളം കുടിച്ചത്. സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും സേവന കാലാവധി നീട്ടി
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും സേവന കാലാവധി ഒരു വര്‍ഷം കൂടി മോദി സര്‍ക്കാര്‍ നീട്ടി. ഈ മാസം വിരമിക്കാനിരിക്കെയാണ് കേന്ദ്ര നടപടി.
ഇന്ത്യയും മ്യാന്മാറും തമ്മില്‍ ഭൂമി കൈമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
മണിപ്പൂര്‍ അതിര്‍ത്തിയിലെ ദശകങ്ങളായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും മ്യാന്മാറും തമ്മില്‍ ഭൂമി കൈമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് രാജ്യസഭാംഗം
ജഡ്ജിമാരുടെ നിയമന നടപടികളില്‍ സുതാര്യതയില്ലെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാന്‍. രാജ്യത്തെ മികച്ച അഭിഭാഷകരെ ജുഡീഷ്യറിയിലേക്ക് ആകര്‍ഷിക്കാന്‍ ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എയര്‍ഇന്ത്യയുടെ പുതിയ സിഇഒയായി ടിവോള്‍ഡെ ഗെബ്രേമറിയത്തെ നിയമിച്ചു
എയര്‍ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി ടിവോള്‍ഡെ ഗെബ്രേമറിയത്തെ നിയമിച്ചു. ഏത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒയാണ് അദ്ദേഹം.
നിക്ഷേപത്തട്ടിപ്പു കേസ് പ്രതി വിദേശത്തുനിന്ന് അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത 88 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ വിശാഖ റാത്തോഡിനെ യുഎഇയില്‍നിന്ന് നാടുകടത്തിച്ച് പൂണെ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു.
ഹരിയാനയില്‍ സ്‌കൂള്‍ വരാന്തയില്‍ അധ്യാപിക കൊല്ലപ്പെട്ടു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഹരിയാനയിലെ ഫരീദാബാദിലെ സ്‌കൂള്‍ വരാന്തയില്‍ വെച്ച് ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ കാര്‍ഹാന കുത്തികൊല ചെയ്യപ്പെട്ടു. പ്രതിയായ 21 കാരന്‍ അമിത് പൊലീസിന്റെ പിടിയിലായി.
ഡിസംബറില്‍ തിരികെ പോകും: ഷെയ്ഖ് ഹസീന
ഇന്ത്യയിലിരുന്ന് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും ഡിസംബറിലായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ഡാനിഷ് രാജകുമാരി സൈനികസേവനത്തിന്
ഡാനിഷ് രാജകുടുംബത്തിലെ 19 കാരിയായ ഇസബെല്ല രാജകുമാരി 11 മാസം നീളുന്ന സൈനികസേവനത്തിന് ഇറങ്ങിത്തിരിച്ചു.
ഒഎന്‍ജിസിയുടെ ആദ്യപാദ ലാഭം 112 ശതമാനം ഉയര്‍ന്നു
പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ലാഭം 112 ശതമാനം ഉയര്‍ന്ന് 17,034 കോടിയിലെത്തി.
എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് നേടി സര്‍വം എഐ
ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് നേടി ഇന്ത്യയിലെ നിര്‍മിതബുദ്ധി കമ്പനിയായ സര്‍വ്വം എഐ. എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സര്‍വം.
രാജമൗലിയുടെ ‘വാരണാസി’ ചിത്രത്തിന്റെ വിശേഷങ്ങള്‍
പൂര്‍ണ്ണമായും ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും ‘വാരണാസി’യെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. പൃഥ്വിരാജ് സുകുമാരനാണ് പ്രതിനായകൻ.
നീരജ് മാധവ് നായകനാകുന്ന ‘പ്ലൂട്ടോ’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
നീരജ് മാധവിനെ നായകനാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ ‘തിങ്കള്‍ നോക്കാതെ’ എന്നാരംഭിക്കുന്ന പുതിയ ഗാനം പുറത്തിറങ്ങി.
സ്വരാസാഹിതി സംഗീത സാഹിത്യവേദി സാംസ്‌കാരിക കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികം
സ്വരാസാഹിതി സംഗീത സാഹിത്യവേദി സാംസ്‌കാരിക കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികവും എട്ടു പുസ്തകങ്ങളുടെ പ്രകാശനവും ഓഗസ്റ്റ് 16 ന് തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടക്കും.
ഹീറോ സൂം 160 മാക്‌സി സ്‌കൂട്ടറിന്റെ വില കുറഞ്ഞ പതിപ്പ് എത്തുന്നു
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്‌സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ വിഎക്‌സ് വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു.
ജൂനിചിറോ തനിസാകിയുടെ ‘താക്കോല്‍’ നോവല്‍ മാതൃഭൂമിയിലൂടെ
ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ ‘താക്കോല്‍’ എന്ന നോവല്‍ കെ.കുഞ്ഞിക്കൃഷ്ണന്റെ പരിഭാഷയില്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നു.
ഉറക്കക്കുറവ് വ്യായാമത്തെയും പേശികളെയും ബാധിക്കുമെന്ന് പഠനം
പതിവായി മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം ഉറങ്ങിയ ശേഷമുള്ള വ്യായാമം ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്ന് ചിക്കാഗോ സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തി.































