പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ സിപിഎം വാട്സ്ആപ് നമ്പർ പുറത്തിറക്കി
എല്ലാവരേയും കേള്‍ക്കാന്‍ വാട്സ്ആപ് നമ്പരുമായി സിപിഎം. പൊതുജനങ്ങള്‍ക്കു പാര്‍ട്ടി നയങ്ങളില്‍ തിരുത്തലും പുതിയ കര്‍മപദ്ധതികളും നിര്‍ദേശിക്കാമെന്ന പേരില്‍ 7999477716 എന്ന വാട്സ് ആപ് നമ്പര്‍ സിപിഎം പുറത്തിറക്കി. ഇ മെയില്‍ ഐഡിയും സജ്ജമാക്കിയിട്ടുണ്ട്. പുതുവഴികള്‍ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഒരുക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല, സംഘടനാ ദൗർബല്യമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി
ഭരണ വിരുദ്ധ വികാരമല്ല, പാര്‍ട്ടി സംഘടനാ ദൗര്‍ബല്യംമൂലമാണു തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റായിപ്പോയി. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ പദ്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായി. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ പരാമര്‍ശങ്ങളെ വിമര്‍ശിക്കാത്തതും വിനയായി. തളിപറമ്പില്‍ തന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പിഴവാണ്. 40,000 പാര്‍ട്ടി ഘടകങ്ങളില്‍നിന്ന് അഭിപ്രായം തേടി. വിപുലീകൃത സംസ്ഥാന സമിതി ഓഗസ്റ്റില്‍ ചേരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വധശ്രമക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ സംഘർഷം; പോലീസ് ആകാശത്തേക്ക് വെടിവെച്ചു
തിരുവനന്തപുരത്ത് വധശ്രക്കേസില്‍ ഒളിവിലായിരുന്ന ബിജെപിയുടെ കോര്‍പറേഷന്‍ കൗണ്‍സിലറായ പ്രതി സുഗതനെ പോലീസ് പിടികൂടുന്നതിനിടെ സംഘര്‍ഷം, ആകാശത്തേക്കു വെടിവയ്പ്. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചു. വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍, എസ്ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സിഐ വിപിന്‍ സര്‍വീസ് റിവോള്‍വര്‍ ഉയര്‍ത്തി ആകാശത്തേക്കു വെടിവെച്ച ശേഷമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഹണി എം വര്‍ഗീസ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല
മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരിശോധിച്ച ശേഷം അപ്പീല്‍ പോകണമെങ്കില്‍ പോകും. അഡ്വക്കേറ്റ് ജനറലും ഡിജിപിയുമായും ആലോചിച്ച് തീരുമാനമെടുക്കും എന്ന് ചെന്നിത്തല പറഞ്ഞു.
തൃശൂരിൽ നഴ്സുമാരുടെ മാർച്ചിന് നേരെ ലാത്തിച്ചാർജ്; ഇന്ന് ജില്ലയിൽ സൂചനാ പണിമുടക്ക്
നേഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ലേബര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനു പൊലീസ് ലാത്തി വീശി. സംഭവത്തില്‍ പ്രതിষেധിച്ച് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഇന്നു നഴ്സുമാരുടെ സൂചനാ പണിമുടക്ക്. സ്വകാര്യ ആശുപത്രികളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ ജോലിക്കെത്തൂവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരത്തിന്റെ വികസനത്തിനായി കേന്ദ്രമന്ത്രിമാരെ കാണുമെന്ന് മേയർ വി.വി. രാജേഷ്
തിരുവനന്തപുരത്തെ വികസനത്തിന് കേന്ദ്രമന്ത്രിമാരെ കാണുമെന്ന് മേയര്‍ വി.വി. രാജേഷ്. ഓരോ മന്ത്രാലയത്തിനും സഹായങ്ങള്‍ തേടി അപേക്ഷ സമര്‍പ്പിക്കും. കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ ഇന്നു കാണും. ഇ- ബസ് പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിനു 950 ബസ്സുകള്‍ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ഗതാഗത മന്ത്രിയുമായി സംസാരിക്കുമെന്ന് മേയര്‍ പറഞ്ഞു.
കെഎസ്ആർടിസി വിദ്യാർത്ഥി പാസ് ഓൺലൈൻ ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് എസ്എഫ്ഐ
കെഎസ്ആര്‍ടിസി ബസ്സുകളിലെ വിദ്യാര്‍ത്ഥി പാസ്സ് പുതുക്കാനുള്ള ഓണ്‍лайн ചാര്‍ജ് 10 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് എസ്എഫ്ഐ. പുതിയ നീക്കം വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്ന് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ പ്രതികരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യ ഉത്തരവില്‍ അന്വേഷണത്തിനെതിരേ കൊല്ലം വിജിലന്‍സ് കോടതി നടത്തിയ എല്ലാ പരാമര്‍ശവും കോടതി നീക്കി.
ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ
ടിനി ടോമിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. സ്വന്തമായി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യേണ്ട സംഭവമാണെന്നാണു അന്‍സിബയുടെ മൊഴി രേഖപ്പെടുത്തിയ കടവന്ത്ര പൊലീസിന്റെ അഭിപ്രായം.
പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു
പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് മുതല്‍ 10 വരെയുള്ള പ്രതികളെയാണ് ഇന്നലെ വൈകിട്ട് അഞ്ചു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ബില്ല് പാസ്സാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ പിടിയിൽ
പൂര്‍ത്തീകരിച്ച റോഡുപണികളുടെ ബില്ല് പാസ്സാക്കാന്‍ പി.ഡബ്ല്യു.ഡി കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സീയര്‍ പിടിയില്‍. കോഴിക്കോട് ഓടമ്പ്ര സ്വദേശിയും, ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയറുമായ നവീന്‍ രവി (47) യെ ആണ് വിജിലന്‍സ് സംഘം പിടികൂടിയത്.
വി ജോയി എംഎൽഎ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്‍എ തുടരാന്‍ ധാരണയായി. പിണറായിയും എം വിയും ഗോവിന്ദനും പങ്കെടുത്ത സംസ്ഥാന സെന്റര്‍ യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും.
ഇടുക്കിയിൽ എച്ച് 1 എൻ 1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ഇടുക്കിയില്‍ എച്ച് 1 എന്‍ 1 പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍ സ്വദേശി പൂങ്കുടിയില്‍ മറിയാമ്മ ആണ് മരിച്ചത്. 82 വയസ്സായിരുന്നു.
അബദ്ധത്തിൽ കൂടുതൽ പണം നൽകി: നഷ്ടപ്പെട്ട 17 ലക്ഷം രൂപ അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള വിസി ഉത്തരവ്
വിദേശ പ്രഭാഷകക്ക് ഇരുപതിനായിരം രൂപക്ക് പകരം 20000 ഡോളര്‍ നല്‍കിയ സംഭവത്തില്‍ നഷ്ടപ്പെട്ട 17 ലക്ഷം രൂപ അധ്യാപകനില്‍ നിന്ന് ഈടാക്കാന്‍ കേരള വിസിയുടെ ഉത്തരവ്. ലാറ്റിനമേരിക്കന്‍ പഠനകേന്ദ്രം ഡയറക്ടറില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദേശം. ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയതിനാണ് പണം നല്‍കിയത്.
കേന്ദ്രമന്ത്രി പദവി സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ച് കെ. സുരേന്ദ്രൻ
കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിനുത്തരവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തയെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തയും മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതും നോക്കിയിട്ടല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. നടേശന്‍ രണ്ട് തോണിയില്‍ കാലുവക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകന്‍ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദര്‍ശനത്തിനു വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ എസ്എന്‍ഡിപി തലപ്പത്തുള്ളവര്‍ക്കെന്നും ജയരാജന്‍ ആരോപിച്ചു.
ഐഎസ്ആർഒയുടെ അഭിമാനമായ എൽവിഎം-3 റോക്കറ്റിന്റെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്നു
ചന്ദ്രയാന്‍ മൂന്ന് അടക്കം ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യങ്ങള്‍ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ് എല്‍വിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നു. ആദ്യ പടിയായി ഇന്‍സ്പേസ് സ്വകാര്യ കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഏഴ് വര്‍ഷം ബഹിരാകാശമേഖലയില്‍ പ്രവൃത്തി പരിചയമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാന്‍ അനുമതിയില്ല.
മധ്യപ്രദേശിൽ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. കേസ് വിവരങ്ങള്‍ മറച്ചുവച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. ഏകപക്ഷീയ നടപടിയെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പത്രിക തള്ളിയതോടെ മൂന്നു സീറ്റിലും ബിജെപിക്ക് വിജയിക്കാനാകും.
പത്രിക തള്ളിയതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ ഡൽഹി പോലീസ് തടുത്തു
മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസില്‍ പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു തടഞ്ഞത്. വിവരമറിഞ്ഞ് കെ.സി. വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ എത്തുകയും കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു.
ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ-മിലിട്ടറി വിമാനത്താവളം വരുന്നു
ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ 13,000 കോടി രൂപ ചെലവിട്ട് പുതിയ ഗ്രീന്‍ഫീല്‍ഡ് സിവില്‍ -മിലിട്ടറി വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെ 81,000 കോടി രൂപയുടെ ബൃഹദ് വികസന പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ വാഗ്വാദം മുറുകുന്നതിനിടെയാണ് പുതിയ നീക്കം. തെക്കുകിഴക്കന്‍ തീരത്ത് ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക – സിവിലിയന്‍ ആവശ്യങ്ങള്‍ക്കായുള്ള സംയുക്ത വിമാനത്താവളം സ്ഥാപിക്കുക.
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട് വളഞ്ഞ് സിഐഡി റെയ്ഡ്
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ വീട് വളഞ്ഞ് സിഐഡി സംഘം റെയ്ഡ് നടത്തി. പ്രതിപക്ഷ നേതാവിനെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ കത്തിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമെന്ന പരാതിയിലാണ് സിഐഡിയുടെ അന്വേഷണം.
സ്വീകരണത്തിനിടെ കടിച്ച ആപ്പിളുകൾ ആരാധകർക്ക് വലിച്ചെറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ; വിമർശനം
സ്വന്തം മണ്ഡലമായ കനകപുരയിലെ സ്വീകരണത്തിനിടെ കടിച്ച ആപ്പിളുകള്‍ ആരാധകര്‍ക്കു വലിച്ചെറിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍വിമര്‍ശനം.
കർണാടകയിൽ 41 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേർ അറസ്റ്റിൽ
കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ 41 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ 10 പേര്‍ അറസ്റ്റില്‍. ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ‘സിങ്കപ്പെൺ’ ദൗത്യസേന നിലവിൽ വന്നു
തമിഴ്നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക സിങ്കപ്പെണ്‍ ദൗത്യസേന നിലവില്‍ വന്നു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം നിര്‍വഹിച്ചു. സിങ്കപ്പെണ്‍ ലോഗോ പ്രകാശനം ചെയ്ത വിജയ്, സേനയ്ക്കായി പ്രത്യേകം തയാറാക്കിയ വാഹനങ്ങള്‍ ഓടിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ് അധികാരമേറ്റതോടെ അഴിമതി കുറഞ്ഞുവെന്ന് അൻപുമണി രാമദാസ്
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഴിമതി കുറഞ്ഞെന്ന് എന്‍ഡിഎ നേതാവും പിഎംകെ അധ്യക്ഷനുമായ അന്‍പുമണി രാമദാസ്. ഒരു മാസം കൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണെന്നും അദ്ദേഹം വിവരിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഡിഎംകെ
ഇന്ത്യ സഖ്യ യോഗത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് തങ്ങളാണെന്ന് ഡിഎംകെ. പാര്‍ട്ടി മുഖപത്രമായ മുരശൊലിയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍. പ്രവര്‍ത്തകരുടെ വികാരം അറിയിച്ചതാണെന്നും ഡിഎംകെ വ്യക്തമാക്കി.
നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിച്ച എംപി കങ്കണ റണാവത്തിനെതിരെ സ്പീക്കർക്ക് പരാതി
നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിച്ച നടിയും എംപിയുമായ കങ്കണ റണാവത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി പ്രദേശ് മുന്‍ വക്താവായ വിനീത് തോമസാണ് സ്പീക്കര്‍ക്ക് കത്തയച്ചത്.
വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് കോടികൾ തട്ടിയ യൂത്ത് കോൺഗ്രസ് ഭാരവാഹി അറസ്റ്റിൽ
വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത് രണ്ട് വര്‍ഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റിലായി. ദക്ഷിണ കന്നഡയിലെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നിസാം ഇബ്രാഹിം, ഇയാളുടെ കൂട്ടാളി ജിതേഷ് എന്നിവരെയാണ് ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ മണിക്കൂറിൽ 111 കി.മീ വേഗതയിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഡല്‍ഹിയില്‍ പൊടിക്കാറ്റ്. മണിക്കൂറില്‍ 111 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. ഇവിടങ്ങളില്‍ മിതമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് കടലിനടിയിലൂടെ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കേന്ദ്ര നീക്കം
ഒമാനില്‍ നിന്ന് അറബിക്കടലിനടിയിലൂടെ ഗുജറാത്തിലേക്ക് ഏകദേശം 2,000 കിലോമീറ്റര്‍ നീളമുള്ള വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മുപ്പതു വര്‍ഷമായി ചര്‍ച്ചകള്‍ നടക്കുന്ന പദ്ധതിയാണിത്.
ഒമാൻ തീരത്ത് അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഇറാന് നേരെ സൈനിക നീക്കം തുടങ്ങി
ഒമാന്‍ തീരത്ത് അമേരിക്കന്‍ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഇതിനു പിറകേ, ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചു.
വിദേശ സേനകൾ അതിർത്തി വിട്ടില്ലെങ്കിൽ ആളപായത്തിന് സാധ്യതയെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഇറാന്‍ അതിര്‍ത്തിക്കു സമീപമുള്ള വിദേശ സേനകള്‍ സ്ഥലംവിട്ടില്ലെങ്കില്‍ ആളപായത്തിനു സാധ്യതയെന്ന മുന്നറിയിപ്പുമായി ഇറാന്‍. എത്രയും വേഗം ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നു പിന്‍വാങ്ങണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
പാക് അധീന കശ്മീരിൽ ജനകീയ കൂട്ടായ്മയും സുരക്ഷാ സേനയും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ; 30 മരണം
പാക് അധീന കശ്മീരിലെ റാവലകോട്ടില്‍ നിരോധിച്ച ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും പാകിസ്ഥാന്‍ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു.
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ തിരുവനന്തപുരത്ത്
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ തിരുവനന്തപുരത്ത് നടക്കും. താരലേലം ജൂലായ് ആദ്യവാരം നടത്താനും ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തില്‍ തീരുമാനമായി.
ത്രിരാഷ്ട്ര ഏകദിന പരമ്പര: ശ്രീലങ്ക എ ടീമിനെ തകർത്ത് ഇന്ത്യ എ യ്ക്ക് ആവേശജയം
ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ക്ക് ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തപ്പോള്‍ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക എ 48.5 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി. 72 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റന്‍ സഹന്‍ ആരാച്ചിഗെയുടെ പോരാട്ടം ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 48-ാം ഓവറില്‍ സഹനെ പുറത്താക്കിയ അന്‍ഷുല്‍ കാംബോജാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ നിന്ന് ഒഴിവായി
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഒഴിവായി. ജോലിഭാരം കണക്കിലെടുത്ത് ബിസിസിഐ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് പകരക്കാരനായി ടീമിലെത്തിയത്.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തോൽവി
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം മത്സരം ഉപേക്ഷിച്ചു. പിന്നീട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് 86 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ലോകകപ്പ് ഫുട്ബോളിന്റെ 23-ാം പതിപ്പിന് വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും
ലോകകപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ന് തുടക്കമാകും. ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ജൂലായ് 19നാണ് ഫൈനല്‍
ദുബായിലെ ‘ഫസ്റ്റ് ടൈം ഹോം ബയർ പ്രോഗ്രാം’ വൻ വിജയത്തിലേക്ക്; 3200 ലധികം പ്രവാസികൾക്ക് സ്വന്തമായി വീട്
ദുബായില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി യുഎഇ ഭരണകൂടം ആവിഷ്‌കരിച്ച ‘ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം’ വന്‍ വിജയത്തിലേക്ക്. 2025 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 3,200-ലധികം പ്രവാസികള്‍ക്ക് ദുബായില്‍ സ്വന്തമായി വീട് വാങ്ങാന്‍ സാധിച്ചതായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്‍ഡ് ടൂറിസവും വ്യക്തമാക്കി. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ 500 കോടിയിലധികം ദിര്‍ഹത്തിന്റെ (ഏകദേശം 13,000 കോടി രൂപ) റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ഇതുവഴി നടന്നിട്ടുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി 9 പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ കൂടി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റുമായി കരാറുകളില്‍ ഒപ്പുവെച്ചു. ഇതോടെ ആകെ ഡെവലപ്പര്‍മാരുടെ എണ്ണം 22 ആയി ഉയര്‍ന്നു. അഞ്ച് പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക പിന്തുണയും ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കി കെഫോൺ; ഇന്റർനെറ്റ് സേവനം കൂടുതൽ വേഗത്തിലാകും
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനായി ഗൂഗിള്‍ കാഷിംഗ് സാങ്കേതികവിദ്യ പ്രവര്‍ത്തനക്ഷമമാക്കി കെഫോണ്‍. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള ആക്സസ് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതുവഴി മികച്ച വീഡിയോ നിലവാരവും തടസ്സരഹിതമായ സ്ട്രീമിംഗ് അനുഭവവും ഉറപ്പാക്കാന്‍ കെഫോണിനാകും. അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലേറ്റന്‍സി കുറയ്ക്കുന്നതിനും നെറ്റ്വര്‍ക്ക് ട്രാഫിക് കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ ബാന്‍ഡ്വിഡ്ത്ത് ഉപയോഗം കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാകും. ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തില്‍പ്പോലും ഉയര്‍ന്ന സേവന നിലവാരം നിലനിര്‍ത്തുവാനും ഈ അപ്‌ഗ്രേഡിലൂടെ കെഫോണിനു സാധിക്കും.
‘സീക്രറ്റ് ഓഫ് കലിംഗ’ സിനിമയിലെ ആദ്യ ഗാനം ‘തക തക താനെ’ പുറത്തിറങ്ങി
ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘സീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം റിലീസ് ആയി. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. ‘തക തക താനെ..’ എന്ന് തുടങ്ങുന്ന ഗാനം ഒരു ചിത്രകഥപോലെയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവിക മേനോന്‍, ഉല്ലാസ് പന്തളം, മറീന മൈക്കിള്‍, അന്‍വര്‍ ഷെരീഫ്, ആദിര്‍ഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
വിജയ് ആന്റണിയും സംവിധായകൻ ശശിയും വീണ്ടും ഒന്നിക്കുന്ന ‘നൂറു സ്വാമി’ ട്രെയിലർ പുറത്ത്
2016ലെ ഹിറ്റ് ചിത്രം ‘പിച്ചൈക്കാരനു’ ശേഷം വിജയ് ആന്റണിയും സംവിധായകന്‍ ശശിയുമൊന്നിക്കുന്ന ‘നൂറു സ്വാമി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സുപ്രധാനകഥാപാത്രമായി സ്വാസിക വിജയ്യും എത്തുന്നു. തമിഴ് ഗ്രാമീണപശ്ചാത്തലത്തിലുള്ള ‘നൂറുസ്വാമി’യിലെ സെല്‍വി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കുകയാണ് സ്വാസിക. സ്വാസികയെക്കൂടാതെ ലിജോ മോളും കരുണാസും അജയ് ദിഷനും ചിത്രത്തിലുണ്ട്. ചിത്രം ജൂണ്‍ 19ന് തിയറ്ററുകളിലെത്തും. അമ്മ-മകന്‍ ബന്ധത്തിന്റെ വൈകാരികത പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചനകള്‍. വിധവയായ അമ്മയായാണ് സ്വാസിക ചിത്രത്തിലെത്തുന്നത്. അതിവൈകാരിക അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ സ്വാസികയുടെ പ്രകടനം തന്നെയാണ് വേറിട്ടുനില്‍ക്കുന്നത്. വിജയ് ആന്റണി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
ബിഎംഡബ്ല്യു ഇന്ത്യയിൽ വാഹനങ്ങൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു
വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. കമ്പനി തങ്ങളുടെ മുഴുവന്‍ ശ്രേണിയിലും രണ്ട് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുന്നു. ഈ പുതിയ വിലകള്‍ 2026 ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകളുടെ എല്ലാ മോഡലുകള്‍ക്കും ഈ വില വര്‍ദ്ധനവ് ബാധകമാകും. ഇന്ത്യയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന കാറുകളെ മാത്രമല്ല, വിദേശത്ത് നിന്ന് വരുന്ന പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് മോഡലുകളെയും ഈ വിലവര്‍ദ്ധനവ് ബാധിക്കും. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാറുകളില്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ് ലോംഗ് വീല്‍ബേസ്, 5 സീരീസ് ലോംഗ് വീല്‍ബേസ്, 7 സീരീസ് എന്നിവ ഉള്‍പ്പെടുന്നു. ഇലക്ട്രിക് വിഭാഗത്തിലെ എക്സ് 1, എക്സ് 3, എക്സ് 5, എക്സ് 7, ഐഎക്സ് 1 ലോംഗ് വീല്‍ബേസ് തുടങ്ങിയ ജനപ്രിയ എസ്യുവികളും ഉള്‍പ്പെടുന്നു.
എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഏറ്റവും പുതിയ ബാലനോവൽ ‘അങ്ങനെ കുട്ടപ്പൻ സിനിമാനടനായി’
കുട്ടികള്‍ എഴുന്നേറ്റു നിന്നു. സന്തോഷത്തോടെ കൈകൊട്ടി പലരുടെയും കണ്ണു നനഞ്ഞിരുന്നു. കുട്ടപ്പന്‍ ഫഹദ് ഫാസിലിനോടൊപ്പം താഴേയ്ക്കിറങ്ങി. കുറച്ചകലെ നിന്നിരുന്ന കരുണാകരന്റെ അടുത്തേയ്ക്കു കുട്ടപ്പന്‍ നടന്നു. അച്ഛനെ കെട്ടിപ്പിടിച്ചു. ഉമ്മവെച്ചു. കരിയാത്തന്‍പാറയുടെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിന്റെയും ഏഴ് ബി ക്ലാസിലെ കുട്ടപ്പന്‍ സിനിമാനടനായതിന്റെയും രസികന്‍ കഥയാണിത്. പ്രശസ്ത എഴുത്തുകാരന്‍ എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഏറ്റവും പുതിയ ബാലനോവല്‍. ‘അങ്ങനെ കുട്ടപ്പന്‍ സിനിമാനടനായി’. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 152 രൂപ.
ആരോഗ്യം: ശരീരത്തിന് ഊർജ്ജവും ദഹനശേഷിയും നൽകാൻ കഞ്ഞിവെള്ളം
ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, ചില വിറ്റാമിനുകള്‍ എന്നിവ ലഭ്യമാക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. പ്രത്യേകിച്ച് ക്ഷീണം, ദഹനപ്രശ്നങ്ങള്‍, നിര്‍ജലീകരണം തുടങ്ങിയ അവസ്ഥകളില്‍ ഇതൊരു മികച്ച പ്രകൃതിദത്ത പാനീയമാണ്. പനി, ജലദോഷം, വൈറല്‍ രോഗങ്ങള്‍ എന്നിവയ്ക്കു ശേഷം ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കാന്‍ കഞ്ഞിവെള്ളം സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ഇത് വയറിന് വളരെ ലൈറ്റ് ഫീലിങ് ഉണ്ടാക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ ദഹിക്കുന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് സുരക്ഷിതമാണ്. ചോറില്‍ വേവിക്കുമ്പോള്‍ അതിന്റെ സത്ത് കൂടി കഞ്ഞിവെള്ളത്തിലേക്ക് ഇറങ്ങുകയും അത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതുമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്നതിനാല്‍ മലബന്ധം കുറയ്ക്കുന്നതില്‍ ഗുണം ചെയ്യാം. അമിതമായ ചൂട്, അസിഡിറ്റി, വയറിലെ അസ്വസ്ഥത എന്നിവ അനുഭവപ്പെടുമ്പോള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് വലിയ ആശ്വാസം നല്‍കും. കഞ്ഞിവെള്ളത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലായതിനാല്‍, പ്രമേഹരോഗികള്‍ അളവില്‍ നിയന്ത്രണം പാലിക്കണം. പഴകിയ കഞ്ഞിവെള്ളം ഉപയോഗിക്കരുത്.
































