Home Blog Page 952

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ, ഡിആര്‍ എന്നിവ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ഗഡു ഡിഎ (ക്ഷാമബത്ത), ഡിആര്‍ (ക്ഷാമാശ്വാസം) എന്നിവ അനുവദിച്ചു. ജീവനക്കാരുടെ ഡിഎയിലും പെന്‍ഷന്‍കാരുടെ ഡിആറിലും ഏഴ് ശതമാനം വര്‍ദ്ധനവാണ് ഇതോടെ ഉണ്ടാകുന്നത്.

ഇതിനാവശ്യമായ 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡുക്കള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോര്‍പറേഷന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം ഇതുവരെ 1,574 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.

ഇതില്‍ 1,439 കോടി രൂപ പ്രത്യേക സഹായമായും പുതിയ ബസുകള്‍ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകള്‍ക്കായി 135 കോടി രൂപയും കൈമാറി. ബജറ്റില്‍ വകയിരുത്തിയ 1035 കോടി രൂപയ്ക്ക് പുറമെ 539 കോടി രൂപ അധിക സഹായമായും നല്‍കി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ആകെ 9,015 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനും വികസനത്തിനുമായി അനുവദിച്ചത്.

9 മാസം മുൻപ് വിവാഹം, അഞ്ച് മാസം ഗർഭിണി, ഗാർഹിക പീഡനം താങ്ങാനായില്ല, തീ കൊളുത്തി ജീവനൊടുക്കി 19കാരി

രാമനഗര: ഒൻപത് മാസം മുൻപ് വിവാഹം, അഞ്ചുമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിലാണ് ഗർഭിണിയായ 19കാരി ജീവനൊടുക്കിയത്. നയന എന്ന യുവതിയാണ് കുടുംബ വഴക്കിനെ തുടർന്ന് ഡീസലൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. 9 മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം ഗർഭിണിയായിരുന്നു നയന.

ചെറിയ കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയും നയനയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വഴക്കിൽ മനംനൊന്ത് നയന രാത്രി ഡീസലൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നയന മരിച്ചു. സംഭവത്തിൽ ഗർഭസ്ഥ ശിശുവും മരിച്ചു. രാമനഗര റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നയനയുടെ മാതാപിതാക്കൾ മകളുടെ ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. വിവാഹ ശേഷം സമാനതയില്ലാത്ത മാനസിക പീഡനമാണ് മകൾ നേരിടേണ്ടി വന്നതെന്നാണ് വീട്ടുകാരുടെ ആരോപണം.നയനയുടെ മരണത്തെ തുടർന്ന് ഭർത്താവ് നാഗരാജു, ഭർതൃപിതാവ് ജയറാം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഹോർമുസ് കടലിടുക്കിൽ കപ്പൽ ആക്രമിക്കപ്പെട്ടു; കപ്പലിൽ തീപ്പിടുത്തം, ജീവനക്കാരെ ഒഴിപ്പിച്ചു

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു.

Also Read: മൂന്നരവയസുകാരന്റെ ജീവനെടുത്ത് അച്ഛനോട് വാശി പിടിച്ച് വാങ്ങിയ മിഠായി

അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങികിടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാൻ ഇറാനുമായി ആശയവിനിമയം ശക്തമാക്കി ഇന്ത്യ. തീരുമാനമായാൽ കപ്പലുകളെ അനുഗമിക്കാൻ നാവികസേന തയ്യാറെടുത്ത് നിൽക്കുന്നുവെന്നാണ് സൂചന. ഇറാൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ രാജ്യത്തെ ഊർജ്ജപ്രതിസന്ധിയെ കുറിച്ച് ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഈ യുദ്ധത്തിൽ സ്വീകരിച്ച നയം ക്രിയാത്മകം എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് സുരക്ഷിതപാത എന്ന ആവശ്യം ഇറാൻ പരിഗണിച്ചേക്കുമെന്ന് വിവരം.

എണ്ണക്കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ കപ്പലുകൾ ഹോർമുസിലുണ്ട്. മറ്റുകപ്പലുകൾ കടലിടുക്ക് കടക്കാൻ അനുമതി ലഭിച്ചാൽ അനുഗമിക്കാൻ നാവികസേന സജ്ജമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓയൽ ടാങ്കറായജഗ പ്രകാശ് ഹോർമുസ് കടലിടുക്ക് പിന്നിട്ടു എന്ന് കേന്ദ്രം സ്ഥീരീകരിച്ചു. എന്നാല്‍, കപ്പലുകൾ കടത്തി വിടില്ലെന്ന് ഇറാൻ പറഞ്ഞതായുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകൾ കേന്ദ്രം തള്ളി.

മൂന്നരവയസുകാരന്റെ ജീവനെടുത്ത് അച്ഛനോട് വാശി പിടിച്ച് വാങ്ങിയ മിഠായി

മേൻപുരി: സഹോദരിക്കൊപ്പം കടയിലെത്തിയപ്പോൾ വാശി പിടിച്ച് വാങ്ങിയ മിഠായി മൂന്നര വയസുകാരന്റെ ജീവനെടുത്തു. ഉത്തർപ്രദേശിലെ മേൻപുരിയിലാണ് സംഭവം. സഹോദരിക്കൊപ്പം കടയിലെത്തിയ സമയത്ത് വാങ്ങിയ മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മൂന്നരവയസുകാരൻ മരിച്ചത്.

മിഠായി വായിൽ ഇട്ട് നുണയാൻ തുടങ്ങിയതിന് പിന്നാലെ കുട്ടി ശ്വാസം മുട്ടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയായിരുന്നു. ഭയന്നുപോയ മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബോഗോൻ കോട്വാലിയിലെ ചാഛാ ഗ്രാമത്തിലെ മനിഷീന്റെ മകനായ ആനന്ദ് ആണ് മിഠായി വിഴുങ്ങിയതിന് പിന്നാലെ പിടഞ്ഞുവീണ് മരിച്ചത്.

Also Read: വാർഡ് കൗൺസിലറെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്

ഏഴ് വയസ്സുള്ള സഹോദരി ഷഗുനൊപ്പം ഗ്രാമത്തിലെ പലചരക്ക് കടയിൽ നിന്ന് ഉപ്പിലിട്ടത് വാങ്ങാൻ പോയതായിരുന്നു ഇരുവരും. കടയിലിരുന്ന് അവർ അത് കഴിക്കുകയും ചെയ്തു. ഈ സമയം കുട്ടിയുടെ അച്ഛൻ മനീഷും കടയിലുണ്ടായിരുന്നു. കടയിൽ വച്ച് അച്ഛനെ കണ്ടപ്പോൾ ആനന്ദ് മിഠായി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. മകന്റെ നിർബന്ധത്തിന് വഴങ്ങി മനീഷ് മിഠായി വാങ്ങി നൽകി. മിഠായി കിട്ടിയ സന്തോഷത്തിൽ ആനന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിലെത്തി അത് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയത്.നിമിഷങ്ങൾക്കകം നില വഷളായി മിഠായി തൊണ്ടയിൽ കുടുങ്ങിയ ഉടൻ ആനന്ദിന് ശ്വാസതടസ്സം തുടങ്ങി.

കുട്ടി വേദനകൊണ്ട് പുളയുന്നത് കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആനന്ദ്. സംഭവത്തിന് ശേഷം പോലീസിനെ അറിയിക്കാതെ കുടുംബം കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടത്തി.

വാർഡ് കൗൺസിലറെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർഡ് കൗൺസിലറെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. അമ്പലത്തറ കൗൺസിലർ സിമി ജ്യോതിഷിനെ ശുചീകരണ തൊഴിലാളി സതീഷ് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. സിമിയാണ് ജാതിയധിക്ഷേപം നടത്തി ആക്രമിച്ചതെന്ന് ആരോപിച്ച് സതീഷും പരാതി നൽകിയിട്ടുണ്ട്.

Also Read: ‘ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു’; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്

അമ്പലത്തറ കൗൺസിലറും ബിജെപി നേതാവുമായ സിമി സുരേഷിനെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ വീട്ടിൽ കയറി ആക്രമിച്ചെന്നാണ് പരാതി. സതീഷ് കുമാറും ഭാര്യയും നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ ഭാര്യയെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഹരിതകർമ്മ സേനയുടെ കമ്മിറ്റി യോഗം കൗൺസിലർ ഓഫീസ് കൂടിയായ സിമി ജ്യോതിഷിന്റെ വീട്ടിൽ വെച്ച് നടന്നിരുന്നു. യോഗത്തിന് പിന്നാലെ വീട്ടിൽ കയറി വന്ന സതീഷ് കുമാർ ഹെൽമറ്റ് കൊണ്ട് മർദിച്ചെന്നാണ് പരാതി.

എന്നാൽ, സിമി ജ്യോതിഷ് ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും മുഖത്തടിച്ചെന്നും ആരോപിച്ച് സതീഷ് കുമാറും ഫോർട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിമി ജ്യോതിഷും ആശുപത്രിയിൽ ചികിത്സ തേടി.

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകി

അടൂർ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകിയെന്ന് പരാതി.ഫ്രീസർ തകരാറാണ് കാരണം.ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ.അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിൻ്റെ മൃതദേഹമാണ് അഴുകിയത്

മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആകണോ, ജി സുധാകരന്റെ നാക്കിനു പിടിച്ച് കോണ്‍ഗ്രസ്

ആലപ്പുഴ. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആകണമെന്ന ജി സുധാകരന്റെ പ്രഖ്യാപനം തിരുത്തണമെന്ന നിർദ്ദേശവുമായി യുഡിഎഫ് .അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ പിന്തുണയ്ക്കണമെങ്കിൽ നിലപാട് തിരുത്തണമെന്ന് സുധാകരനോട് യുഡിഎഫ് ആവശ്യപ്പെടും.
അതേസമയം ജി സുധാകരന് എതിരായ പ്രതിരോധം ബ്രാഞ്ച് തലം മുതൽ ശക്തമാക്കാൻ ആണ് സിപിഐഎം തീരുമാനം. ജി സുധാകരനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ മാവേലിക്കര ചാരുംമൂട്ടിൽ ഇന്നലെ രഹസ്യ യോഗവും ചേർന്നു

പാർട്ടിയിലേക്ക് ജി സുധാകരൻ മടങ്ങി വരാനുള്ള സാഹചര്യം തീർത്തും ഇല്ലാതായതോടെയാണ് ജി സുധാകരനെതിരായ പ്രതിരോധം ശക്തമാക്കാൻ സിപിഐഎം തീരുമാനിച്ചത്.ബ്രാഞ്ച് കമ്മിറ്റി യോഗങ്ങൾ മുതൽ ജി സുധാകരനെ വർഗ്ഗ വഞ്ചകൻ എന്ന അവതരിപ്പിക്കാനാണ് സിപിഎം നീക്കം.അനുഭാവികൾ പോലും ജി സുധാകരനൊപ്പം നിൽക്കരുത് എന്ന ശക്തമായ തീരുമാനത്തിലാണ് സിപിഎം.

also read:

നാളെ വിഎസ് അച്യുതാനന്ദൻറെ വീടിൻറെ മുന്നിൽ നിന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനവും പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ ജീ സുധാകരന്റെ വീടിനു മുന്നിൽ വീണ്ടും പ്രതിഷേധ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലീസ് സുധാകരന്റെ വസതിക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ മാവേലിക്കര ചാരുംമൂട്ടിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ രഹസ്യ യോഗവും നടന്നു. ബ്രാഞ്ച് തല മുതൽ പ്രചരണം ശക്തമാക്കുന്നതിലൂടെ തിരഞ്ഞെടുപ്പിന് ജി സുധാകരൻ ഫാക്ടർ ഉണ്ടാകാതെ നോക്കുകയാണ് സിപിഐഎം തീരുമാനം

തെക്കുംഭാഗം പൂണാട്ട് പാടശേഖരം -മൂന്നാംഘട്ടം 40 ലക്ഷം, ഭരണാനുമതിയായി

കോവില്‍ത്തോട്ടം 132 കടല്‍ഭിത്തി നിര്‍മ്മാണം –
50 ലക്ഷം ഭരണാനുമതിയായി

ചവറ. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ കച്ചേരികടവ് – പൂണാട്ട് പാടശേഖരവും പാണ്ടാംകുളം ഓടയും നടപ്പാതയും രണ്ടാംഘട്ടം നിര്‍മ്മാണത്തിന് ശേഷം മൂന്നാം ഘട്ടം നിര്‍മ്മാണത്തിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു

കോവില്‍ത്തോട്ടം 132 കടല്‍ഭിത്തി നിര്‍മ്മാണം –
50 ലക്ഷം ഭരണാനുമതിയായി

ചവറ ഗ്രാമപഞ്ചായത്തില കോവില്‍ത്തോട്ടം 132 ല്‍ തകര്‍ന്നുകിടന്ന കടല്‍ഭിത്തി പുനര്‍നിര്‍മ്മാണം നടത്തുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

also read :

മനോവികാസിൽ കമ്പ്യൂട്ടർ നൈപുണി വികസനകേന്ദ്രം

ശാസ്താംകോട്ട. ചവറ ഐ. ആർ. ഇയുടെ സി. എസ്. ആർ പദ്ധതിയിൽ ഉൾപ്പെടുത്തി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിർമ്മിച്ച കമ്പ്യൂട്ടർ നൈപുണി വികസനേ ന്ദ്രത്തിൻ്റെ ഉൽഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മനോവികാസിൽ വച്ച്ശ്രീ . കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവ്വഹിക്കും.

also read :


കമ്പ്യൂട്ടറുകളുടെ സ്വിച്ച്ഓൺ കർമ്മം , സംസ്ഥാന വയോജന കമ്മീഷൻെ ചെയർപേഴ്സൺ അഡ്വ. കെ. സോമ പ്രസാദ് നിർവ്വഹിക്കും.
കോവൂർ കുഞ്ഞുമോൻ എം.എൽ ഏ യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഐ. ആർ. ഈ ജനറൽ എൻ.എസ്. അജിത്ത് മുഖ്യാതിഥി ആയിരിക്കും.

അധ്യാപകര്‍ക്ക് സമൂഹം കൂച്ചുവിലങ്ങിട്ടിരിക്കുന്നു, സി ആര്‍ മഹേഷ് എംഎല്‍എ

കെഎസ്എം ഡിബി കോളജില്‍ പ്രഫ.ടി വിജയകുമാരി അനുസ്മരണവും ഇന്‍റര്‍കോളിജിയറ്റ് ക്വിസ് മല്‍സരവും വയോജന കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു, സിആര്‍ മഹോഷ് എംഎല്‍എ, പ്രിന്‍സിപ്പല്‍ ഡോ. കെഎസ് അനില്‍കുമാര്‍ സമീപം

ശാസ്താംകോട്ട. അധ്യാപകര്‍ക്ക് ഇന്ന് സമൂഹം കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്നും ഉപാധികളില്ലാതെ മക്കളെ അധ്യാപകര്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയെങ്കിലേ നാടു നന്നാവുകയുള്ളുവെന്നും സി ആര്‍ മഹേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു.കെഎസ്എം ഡിബി കോളജില്‍ പ്രഫ ടി. വിജയകുമാരി അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം


അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ശകാരങ്ങളെപ്പോലും ജാതി രാഷ്ട്രീയ ചിന്തകളില്‍കുടുക്കി വന്‍ വിവാദമാക്കുകയും അധ്യാപകര്‍ വിദ്യാര്‍ഥികളെയും സമൂഹത്തെയും ഭയപ്പെടുന്ന തലത്തിലാക്കുകയുമാണ് ഇന്ന്.
കുട്ടികളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും ചോദിച്ച് മനസിലാക്കുകയും അതിന് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്ന വിജയകുമാരി ടീച്ചറെപ്പോലുള്ളവര്‍ എന്നും സ്മരിക്കപ്പെടുമെന്ന് മഹേഷ് പറഞ്ഞു.

also read :


വയോജന കമ്മീഷന്‍ ചെയര്‍മാന്‍ കെ സോമപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രഫ ആര്‍ അരുണ്‍കുമാര്‍,പഞ്ചായത്ത്അംഗം എസ് ദിലീപ്കുമാര്‍, ഹരികുറിശേരി, അഡ്വ ദീപക് അനന്തന്‍, ഡോ. രമ്യജിആര്‍,ഡോ.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
ഡോ.ബി പ്രേലറ്റ് ക്വിസ് മല്‍സരം നയിച്ചു.