Home Blog Page 891

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല

പയ്യന്നൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണൻ രംഗത്ത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബാങ്ക് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം റദ്ദ് ചെയ്യുന്നതാണ്.

Also Read: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; മരിച്ചവരെ പോക്കറ്റ് അടിച്ചു, നേരിട്ട് സംവാദത്തിനില്ലെന്നും സൂചന

രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്. 2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.

‘കണക്കിലെ കള്ളിക്കളി’

2016 ഓഗസ്റ്റ് 16-നാണ് ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ നിധി രൂപീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു. ഇതിൽ നിന്നാണ് 40 ലക്ഷം രൂപ നേതാക്കൾ വകമാറ്റിയത്. കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും, ഇത് ഭവന നിർമ്മാണത്തിന് ചെലവഴിച്ചതായി കള്ള രേഖയുണ്ടാക്കിയെന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; മരിച്ചവരെ പോക്കറ്റ് അടിച്ചു, നേരിട്ട് സംവാദത്തിനില്ലെന്നും സൂചന

തിരുവനന്തപുരം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. മാതൃഭൂമി ദിനപത്രത്തിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം ഉണ്ടായത്. വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.

Also Read: നേരിയ ആശ്വാസം, രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, പേർഷ്യൻ ഗൾഫിലേക്ക് ഇനി കപ്പലുകൾ അയക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

അതേസമയം വികസനത്തിൽ സംവാദം തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് മുതൽ പ്രതിപക്ഷവുമായി സംവാദം തുടങ്ങി കഴിഞ്ഞു. അതിൽ തർക്കം ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ വെല്ലുവിളിക്കുന്നു. അതിനുശേഷം സംവാദം ആകാം. എന്നാൽ നേരിട്ടുള്ള സംവാദം ഉണ്ടാവില്ലെന്നാണ് സൂചന. സംവാദം തുടരാം എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടൊപ്പം പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നും നുണയൻ ആണെന്നും മുഖ്യമന്ത്രി പിന്നെയും വിമർശിച്ചു.

സപ്ലൈകോയുടെ വിഷുക്കൈനീട്ടം… 1250 രൂപയ്ക്ക് 17 കൂട്ടം സാധനങ്ങള്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും. നാളെ മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സ്ഗിനേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുക. കൂടാതെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും എഫ്എംസിജി ഉത്പന്നങ്ങളും പ്രത്യേക നിരക്കില്‍ ലഭ്യമാക്കും.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.




1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾ പ്രവർത്തിക്കില്ല.

നേരിയ ആശ്വാസം, രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, പേർഷ്യൻ ഗൾഫിലേക്ക് ഇനി കപ്പലുകൾ അയക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി രണ്ട് എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും. രണ്ട് ടാങ്കർ കപ്പലുകളിലായി 94000 ടൺ എൽപിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. ബി ഡബ്ല്യു എൽമ്, ബിഡബ്ല്യു ടൈർ എന്നീ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോർമുസ് കടക്കാനുള്ളത്.

പേർഷ്യൻ ഗൾഫിലേക്ക് എണ്ണ കൊണ്ടുവരാൻ ഇനി കപ്പലുകൾ അയക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കിയിട്ടുള്ളത്. കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾ കൺട്രോൾ റൂമുകൾ തുടങ്ങണം എന്ന് കേന്ദ്രം ആവർത്തിച്ചു. പല സംസ്ഥാനങ്ങളും ഇപ്പോഴും ജനങ്ങളോട് നിരന്തരം സമ്പർക്കം നടത്തുന്നില്ല. പാർലമെൻ്റിൽ ഊർജ പ്രതിസന്ധി ചർച്ച വേണം എന്ന് പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. രാജ്യം ഇക്കാര്യത്തിൽ ഒറ്റക്കെട്ട് എന്നും പ്രിയങ്ക ഗാന്ധി വിശദമാക്കി.

കഴിഞ്ഞ ആഴ്ചയിൽ ജാഗ് വസന്ത്, നന്ദ ദേവി, ഷിവാലിക് എന്നീ കപ്പലുകളിൽ എൽപിജി രാജ്യത്ത് എത്തിയിരുന്നു. നിലവിൽ ഹോർമൂസ് കടലിടുക്കിലുള്ള കപ്പലുകളുടെ നീക്കം കേന്ദ്രം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. അറബിക്കടലിൽ അടക്കം നാവിക സേന നിർണായ പങ്കാണ് ഈ കപ്പലുകളുടെ നീക്കത്തിൽ വഹിക്കുന്നത്. ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുടെ ഭാഗമായി ഹോർമൂസ് കടലിടുക്കിലും കപ്പലുകൾക്ക് നാവിക സേന നിർദ്ദേശം നൽകുന്നത്. നേരത്തെ ഓപ്പറേഷൻ സങ്കൽപിലും ഇന്ത്യൻ നാവിക സേന കൃത്യമായ പങ്ക് വഹിച്ചിരുന്നു.

സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്തി

മലപ്പുറം: സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എൻ വി പത്മനാഭൻ പരപ്പനങ്ങാടി എസ്ബിഐ ബാങ്കിലെത്തി ടിക്കറ്റ് കെെമാറി. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്. എടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് പത്മനാഭൻ പറഞ്ഞു. പത്ത് കോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ SE 660573 എന്ന നമ്പറും സ്വന്തമാക്കി.

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

മലപ്പുറം: പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പൊന്നാനി എംഎ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്‍ലം (19), പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പൊന്നാനി ബർളി കുളത്തിനു സമീപമുള്ള ദേശീയപാത സർവീസ് റോഡിൽ വച്ചാണ് എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇരുവരുടേയും മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മന്ത്രി ഗണേശ്കുമാറും സരിതയും ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നത് കണ്ടു, നിര്‍ണായക മൊഴി കോടതിയില്‍

കൊട്ടാരക്കര. മന്ത്രി ഗണേശ്കുമാറും സരിതയും ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നത് കണ്ടു എന്ന് ഗണേശിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്.
സോളാര്‍ കേസുംമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ഗണേശ്കുമാറിന്റെ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് അഡ്വ. സുധീര്‍ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക മൊഴി.
മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് പുനലൂര്‍ കോടതിയിലെ അഭിഭാഷകനായ സഞ്ജയ്ഖാനാണ് ഇന്ന് കൊട്ടാരക്കര ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത്.
ഗണേഷ്‌കുമാര്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു സഞ്ജയ്ഖാന്‍, പിവന്നീടും ബന്ധം തുടര്‍ന്നുവന്നു. അതിനിടെ സഞ്ജയ്ഖാന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയപ്പോഴും നല്ല അടുപ്പമുണ്ടായിരുന്നു.

മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിലും പത്തനാപുരത്തെ വീട്ടിലും എംഎല്‍എ ഓഫിസിലും വച്ച് സരിതാ എസ് നായരെ കണ്ടുപരിചയമുണ്ട്. പിന്നീട് ഭാര്യയുമായി ചില പിണക്കങ്ങള്‍ ഉണ്ടാവുകയും ഭാര്യ പൊലീസ് കേസുകൊടുക്കുകയും പ്രതിപക്ഷത്തെ സമരത്തെതുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടമാതും അറിയാം. അതിനിടെ 2015 മേയ് ആദ്യവാരം ഗണേഷിന്റെ പിഎ വിളിച്ച് അത്യാവശ്യമായി സംസാരിക്കാന്‍ മന്ത്രിക്ക് കൊടുത്തുവെന്നും അടിയന്തരമായി കാണണമെന്ന് പറയുകയുെ ചെയ്തു . അതുപ്രകാരം മന്ത്രിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ അവിടെ സരിതയെ കാണുകയും ഉമ്മന്‍ചാണ്ടിയെക്കൂടി ഈ കേസില്‍ ഉള്‍പ്പെടുത്തണം അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകത്തില്ല, ബാക്കിയെല്ലാം തന്‍റെ കയ്യിലാണ് എന്ന് പറഞ്ഞത് താനും ഒപ്പമുള്ള സിആര്‍ നജീബും കേട്ടു. സരിത ഒകെ എന്ന് പറഞ്ഞ് പോയി.

മന്ത്രിയുടെ ഉദ്ദേശ്യമറിഞ്ഞ് അവമതിപ്പ് തോന്നിയെന്നും എന്നാല്‍ തങ്ങളോടും തന്നെ മന്ത്രിസഭയില്‍ തിരികെ എടുത്തില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സാറിനെ അടക്കം പീഡനക്കേസില്‍ നാറ്റിക്കും എന്നുപറഞ്ഞതായി സഞ്ജയ് ഖാന്‍ പറയുന്നു. പിന്നീട് തങ്ങള്‍ ഇടപെട്ട് ഇത് അദ്ദേഹത്തെ അറിയിച്ച് വേണ്ടത് ചെയ്യണമെന്നും അല്ലെങ്കില്‍ താന്‍ എല്‍ഡിഎഫ് മുന്നണിയില്‍പോയി അവിടെനിന്നും എംഎല്‍എയും മന്ത്രിയുമൊക്കെ ആവുമെന്നും പറഞ്ഞുവത്രേ.
ഈ വിവരം ഉമ്മന്‍ചാണ്ടിയോട് നേരിട്ട് അറിയിക്കാന്‍ വിളിച്ചെങ്കിലും സാധിക്കാതിരുന്നതിനാല്‍ പിഎ ആര്‍കെയോട് വിവരം ധരിപ്പിച്ചതായും സഞ്ജയ്ഖാന്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയെയും മറ്റ് ചില നേതാക്കളെയും കേസില് പെടുത്തുന്നതിന് വ്യാജ കത്ത് തയ്യാറാക്കി സോളര്‍ കമ്മീഷന്‍മുമ്പാകെ എത്തിച്ചതായി തനിക്ക് അറിയാനായെന്നും മൊഴിയില്‍ പറഞ്ഞു.
സരിതയുടെ അഭിഭാഷകനായ ഫെനി ഗൂഡാലോചന സംബന്ധിച്ചും 21 പേജിന്റെ കത്ത് 25 പേജ് ആക്കി വര്‍ധിപ്പിച്ചതായും നേരത്തേ കോടതിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

താരറാണി ഖുശ്ബുവിന്‍റെ റോഡ് ഷോ ശാസ്താംകോട്ടയില്‍ ആവേശം വിതറി

​ശാസ്താംകോട്ട: തെന്നിന്ത്യൻ സിനിമയിലെ താര റാണി ഖുശ്ബുവിന്‍റെ റോഡ് ഷോ കുന്നത്തൂരിൽ ആവേശം പരത്തി. നൂറുകണക്കിന് പ്രവർത്തകരാണ് കുശ്ബു വിൻ്റെ റോഡ് ഷോയിൽ പങ്കെടുത്തത്.


ബിജെപി സ്ഥാനാർത്ഥി രാജി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബിജെപി ദേശീയ സമിതി അംഗമായ ഖുശ്ബു ഇന്നലെ വൈകിട്ടോടെയാണ് ശാസ്താംകോട്ടയിൽ എത്തിയത്.


​ആഞ്ഞിലിമൂട്ടിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഭരണിക്കാവ് ജംഗ്ഷനിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. ഹരിപ്പാട് നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കൊട്ടാരക്കരയിൽ എത്തിയ ഖുശ്ബു, അവിടെ നിന്നും കാർ മാർഗ്ഗമാണ് ശാസ്താംകോട്ടയിൽ എത്തിയത്. പ്രിയ താരത്തെയും സ്ഥാനാർത്ഥിയെയും കാണാൻ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.


​നൂറുകണക്കിന് ബൈക്കുകളും കാറുകളും അണിനിരന്ന റാലിയിൽ ഉടനീളം ജനങ്ങൾ കൈവീശി അഭിവാദ്യം അർപ്പിച്ചു. പ്രവർത്തകരുടെ ആവേശം മണ്ഡലത്തിലെ വിജയപ്രതീക്ഷ ഇരട്ടിയാക്കുന്നതാണെന്ന് റോഡ് ഷോയ്ക്ക് ശേഷം ഖുശ്ബു പ്രതികരിച്ചു. കേന്ദ്ര പ്രതിനിധിയായ ദീപക് മിശ്ര, ഇലക്ഷൻ കൺവീനർ ജി ഗോപിനാഥ്, മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം, ധനേഷ് പുളിന്താനം എന്നിവർ ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു

കുന്നത്തൂരിൽ ‘ഉല്ലാസം’ വിതച്ച് ഉല്ലാസ് കോവൂർ

കുന്നത്തൂർ അമ്പുവിള ഉന്നതിയിലെത്തിയ ഉല്ലാസ് കോവൂരിന് സ്കൂൾ വിദ്യാർത്ഥി താൻ വരച്ച ഉല്ലാസിൻ്റെ ചിത്രം സമ്മാനിക്കുന്നു

കുന്നത്തൂർ:കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന് കുന്നത്തൂർ പഞ്ചായത്തിലെ 40 ഓളം കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി.രാവിലെ ഏഴാംമൈൽ ജംഗ്ഷനിലെ ഇന്ദിരാജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണം ആരംഭിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.റ്റി.എ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് കൊച്ചുപ്ലാമൂട്ടിലേക്ക്.ഇവിടെയും മാണിക്യമംഗലം ഉന്നതിയിലും കാത്തു നിന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർ ഉല്ലാസിനെ പൂക്കൾ നൽകിയാണ് വരവേറ്റത്.ഉല്ലാസ് കോവൂരിനെ കാത്ത് ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കാത്തു നിന്നു..തുറന്ന വാഹനത്തിൽ നിറചിരിയുമായി കൈ കൂപ്പിയെത്തിയ ഉല്ലാസ് ഓരോ വോട്ടറുടെയും ഹൃദയം കവരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.നാട്ടിശേരി കശുവണ്ടി ഫാക്ടി,തലയാറ്റ് കശുവണ്ടി ഫാക്ടി എന്നിവിടങ്ങളിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചു.ഉച്ചയോടെ അമ്പുവിള
ഉന്നതിയിൽ എത്തിയപ്പോൾ കാത്തു നിന്നവർക്കിടയിൽ നിന്നും ‘അങ്കിളേയെന്നൊരു വിളി,ഒരു ചെറു ബാലൻ,അവൻ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ട് വരച്ച ഉല്ലാസിൻ്റെയൊരു ചിത്രം.അവനെയും ആ ചിത്രവും നെഞ്ചോട് ചേർത്തൊരു സ്നേഹാലിംഗനം.

ഉല്ലാസ് കോവൂരിന്റെ ഇലക്ഷൻ പ്രചരണാർത്ഥ് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയറാലി
പടിഞ്ഞാറെ കല്ലടയില്‍ ഉല്ലാസ് കോവൂരിന്റെ സ്വീകരണം

അലങ്കരിച്ച നിരവധി ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ കുന്നത്തൂരിൻ്റെ ഗ്രാമാന്തരങ്ങളിൽ നിന്നും ലഭിച്ച ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിൽ പര്യടനം സമാപിച്ചു.

കുന്നത്തൂരിന്‍റെ ഇടംചങ്കായി കുഞ്ഞുമോന്‍

മുതുപിലാക്കാട് സെന്റ് മേരിസ് കാഷ്യു ഫാക്ടറിയിൽ കശുവണ്ടി തൊഴിലാളികൾ കുഞ്ഞുമോനെ സ്വീകരിച്ചപ്പോൾ

ശാസ്താംകോട്ട : സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ ആവേശം നേടി കുന്നത്തൂരിലെ ഇടതു സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍. കുന്നത്തൂരില്‍ ഇത്രയും ജനപിന്തുണയുള്ള ആരുണ്ട് എന്ന ചോദ്യമായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നിറഞ്ഞു നിന്ന ജനക്കൂട്ടം ചോദിച്ചത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ കാരാളിമുക്കിൽ നിന്നുമായിരുന്നു തിങ്കളാഴ്ചത്തെ പര്യടനത്തിന് തുടക്കം. ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി കെ ഗോപി ഉദ്ഘാടനം ചെയ്തു.അച്ഛൻകുഞ്ഞ് അധ്യക്ഷനായി. കല്ലടയുടെ പ്രധാന പ്രശ്നമായിരുന്നു കുടിവെള്ള പ്രശ്നം പരിഹരിച്ച് പടിഞ്ഞാറെക്കളുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കിയ കഥ നേതാക്കള്‍ വിവരിച്ചു. കോതപുരത്തും,വിള ന്തറയിലും,വി കെ എസ് ലും ഉള്ളൂരിപ്പിലും പൂക്കളും രക്തഹാരങ്ങളും നൽകി സ്ത്രീകളും കുട്ടികളും അടക്കം കുഞ്ഞുമോനെ വരവേറ്റു.

ഉച്ചതിരിഞ്ഞ് ശാസ്താംകോട്ട പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം തുടർന്നു. രണ്ടു കോടി രൂപയോളം ചെലവാക്കി ശാസ്താംകോട്ട പഞ്ചായത്തിൽ നിർമ്മിച്ച യുഐടി കെട്ടിടം സ്വീകരണ കേന്ദ്രങ്ങളിൽ ചർച്ചയായി. മുതുപിലാക്കാട് സെന്റ് മേരിസ് കാഷ്യു ഫാക്ടറിയിൽ കശുവണ്ടി തൊഴിലാളികൾ സ്ഥാനാർത്ഥിയെ ഹാരമണിയിച്ചു.ഊക്കൻ മുക്കിലും, സിനിമാ പറമ്പിലും സ്ഥാനാർത്ഥിക്ക് ഉജ്ജല സ്വീകരണങ്ങളുമായി പ്രവര്‍ത്തകര്‍ എത്തി. പൊയ്കയിൽ മുക്കിലും, വള്ളോന്നിൽ ഉന്നതിയിലും രാത്രി വൈകിയും സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ മുദ്രാവാക്യം വിളിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

പൊയ്കയിൽ കുറ്റിയിൽ മുക്കിൽ തിങ്കളാഴ്ചത്തെ പര്യടനം സമാപിച്ചു.കെ. ശിവശങ്കരൻ നായർ, ഡോ. പി കെ. ഗോപൻ,റ്റി ആർ. ശങ്കരപിള്ള, ഉഷാലയംശിവരാജൻ.ഗോപാലകൃഷ്ണപിള്ള എൻ. യശ്പാൽ, അനിൽ, ഓമനക്കുട്ടൻ, തൊപ്പിൽനിസാർ,കലാദേവി, ജെ. അംബികകുമാരി, തുടങ്ങിയവർ സംസാരിച്ചു. കെ ശിവശങ്കരൻ നായർ, പി കെ ഗോപൻ,റ്റി ആർ ശങ്കരപിള്ള,സി ജി ഗോപുകൃഷ്ണൻ,ഉഷാലയംശിവരാജൻ.ഗോപാലകൃഷ്ണപിള്ള,എൻ യശ്പാൽ, വി അനിൽ, ഓമനക്കുട്ടൻ, തൊപ്പിൽനിസാർ,കലാദേവി, ജെ അംബികകുമാരി, കെ കെ രവികുമാർ, കെ ശോഭന, കെ സനിൽകുമാർ,പി രാധാകൃഷ്ണൻ, ഡി ശ്രീകുമാർ,ഇസഡ് ആന്റണി, കെ ബി ഓമനക്കുട്ടൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.