Home Blog Page 880

രാഹുൽ മാങ്കൂട്ടത്തിലിന് രാഷ്ട്രീയം പറയാം, അതിൽ ആർക്കാണ് ഇത്ര കുഴപ്പം? പിന്തുണയുമായി കെ സി വേണുഗോപാൽ

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനോട് ആർക്കാണ് ഇത്ര അസ്വസ്ഥതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്ന് വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. ലൈംഗികാരോപണക്കേസുകളെത്തുടർന്ന് പുറത്താക്കപ്പെട്ട രാഹുൽ, സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ് കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്.

ഇടതു സർക്കാരിന്റെ പ്രകടനപത്രികയെയും വികസന അവകാശവാദങ്ങളെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. പത്ത് വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വാഗ്ദാനം ചെയ്യുന്നത്. സമ്പൂർണ്ണ ദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം വെറും തട്ടിപ്പാണെന്നും 2021-ലെ പ്രകടനപത്രികയിൽ പറഞ്ഞ പെൻഷൻ തുക പോലും നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കൈരളി ന്യൂസിനെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കെപിസിസി കൃത്യമായി വ്യക്തമാക്കുമെന്നും, ചോദ്യം ചോദിക്കുന്നവരെ സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടെമിസ്: ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി

ഫ്ലോറിഡ:ചന്ദ്രനിലേക്കുള്ള യാത്രയില്‍ ആര്‍ട്ടെമിസ് 2 ഭൗമ പരിക്രമണപഥം വിടാന്‍ പേടകത്തിലെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ചു ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:19 നായിരുന്നു ടിഎല്‍ഐ ജ്വലനം. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു.

മുംബൈയിൽ അക്രമികളെ വെടിവെച്ച സംഭവം: മലയാളി അറസ്റ്റിൽ

മുംബൈ:മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച അക്രമികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റിലായി. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയില്‍ വെടിവെച്ച മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരാണു പിടിയിലായത്.

ഐപിഎല്ലിൽ ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന്

ചെന്നൈ:ഐപിഎല്ലില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ പോരാട്ടത്തിനിറങ്ങുമെന്നതാണു മറ്റൊരു സവിശേഷത.

പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി ഞാൻ ഏറ്റെടുത്തശേഷം ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം ∙ നേമം മണ്ഡലത്തിൽ ബിജെപി വിതരണം ചെയ്ത നോട്ടിസിനു മറുപടിയുണ്ടെന്നും കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു താൻ തയാറാണെന്നും നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി താൻ ഏറ്റെടുത്തശേഷം പിന്നെ ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല. നേമത്തെ ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൂർണതോതിലുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി നടന്നുവരികയാണ്.

ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപ ചെലവിട്ടുള്ള വികസനമാണു പൂർത്തീകരണത്തിലേക്കു നീങ്ങുന്നത്. ഡയാലിസിസ് അടക്കമുള്ള എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമാകുന്ന ഒരു മികച്ച ആശുപത്രിയായാണു മാറ്റുന്നതതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നോട്ടിസിലുള്ള ഓരോ ആരോപണത്തിനും തന്റെ പക്കൽ മറുപടിയുണ്ട്. ഏകപക്ഷീയമായി നോട്ടിസ് വിതരണം ചെയ്യാതെ സംവാദത്തിനു തയാറാകാൻ ശിവൻകുട്ടി വെല്ലുവിളിച്ചു.

വെള്ളാപ്പള്ളി നടേശന്റെ  പ്രസ്താവനകൾ താൻ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് ചിന്തിക്കണമെന്ന് എം.എ ബേബി

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ചില പ്രസ്താവനകൾ താൻ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് ചിന്തിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി വണ്ടിയിൽ കയറ്റിയത് സ്വജന മര്യാദയുടെ പേരിലാണെന്നും എം.എ ബേബി പറഞ്ഞു.




സിപിഎമ്മും ബിജെപിയും ഡീൽ ഉണ്ടെന്ന് രാഷ്ട്രീയ സാക്ഷരതയുള്ള ആരും പറയില്ലെന്നും എം.എ ബേബി പറഞ്ഞു. പേരാമ്പ്രയിലെ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ടി.പി രാമകൃഷ്ണൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അറിവോടെയല്ലെന്നും ഇടതുമുന്നണിക്ക് വോട്ട് പിടിക്കാൻ ഇതിന്റെ ആവശ്യമില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി പറഞ്ഞതായി ബേബി വ്യക്തമാക്കി.

മതമാണ് മതമാണ് പ്രശ്നം എന്നൊരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടിൽ നടക്കുന്നുണ്ട്. എസ്ഡിപിഐയുമായി നീക്കുപോക്ക് നടത്തിയിട്ടില്ല. ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഏതെങ്കിലും പാർട്ടി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചാൽ സ്വഭാവം ശുദ്ധിയില്ലാത്ത വോട്ട് സ്വീകരിക്കരുത് എന്ന് പറയുന്നത് ബിജെപിയുമായി ബന്ധമുണ്ടാക്കിയവരാണ്. എസ്ഡിപിഐയുടെ പല പ്രവർത്തനങ്ങളുമാണ് ആർഎസ്എസിന്റെ അജണ്ടകൾക്ക് ന്യായീകരണമാകുന്നത് എന്ന് എം.എ ബേബി പറഞ്ഞു.

Also Read:

പെരുമാറ്റച്ചട്ടം ലംഘിച്ചു; സ്‌പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്കുവേണ്ടി സ്‌പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി.

സ്‌പീക്കർ നടത്തിയത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചാരണ പരിപാടിയിൽ നിന്ന് സ്‌പീക്കറെ വിലക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്.അതേസമയം, ആർ.എസ്.പിയുടെ കരുത്തുറ്റ മണ്ണും ഇടതുകോട്ടയുമായ ചവറയിൽ ശക്തമായ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. 1977ൽ രൂപീകൃതമായ മണ്ഡലത്തിൽ ബേബി ജോണിലൂടെ തുടങ്ങിയ രാഷ്ട്രീയ ചരിത്രം നിർണായക ഘട്ടത്തിലാണ്.

​ 1977 മുതൽ 1996 വരെ ബേബി ജോൺ എന്ന അതികായൻ അടക്കിവാണ മണ്ഡലമാണ് ചവറ.2001ൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച ഷിബു ബേബി ജോൺ വിജയിച്ചെങ്കിലും 2006ൽ എൻ.കെ. പ്രേമചന്ദ്രനിലൂടെ ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രനും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്.

2016ൽ ആർ.എസ്.പി വിട്ടെത്തിയ എൻ. വിജയൻ പിള്ള എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് കോട്ട പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ ചലനമായി. വിജയൻ പിള്ളയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം നടന്ന 2021ലെ തിരഞ്ഞെടുപ്പിൽ മകൻ ഡോ. സുജിത്ത് വിജയൻ പിള്ളയിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിറുത്തി. മുൻ മന്ത്രി ഷിബു ബേബി ജോണിനെ 1,096 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദത്തിൽ സാദിഖലി തങ്ങൾ

മലപ്പുറം: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. മത സൗഹാർദത്തെ തകർത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും. ഏറെ അപകടകരമായ ഒന്നാണ് ഉണ്ടായത്. അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം, പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.

അനൗൺസ്മെൻറ് ശബദം സിപിഎം നേതാവിൻറേതെന്ന് ആരോപിച്ച് യുഡിഎഫ് രം​ഗത്തെത്തി. അനൗൺസ്മെൻറ് വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ അടക്കം നൽകി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിൻറേത് അല്ല എന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞെങ്കിലും പരാതി നൽകാൻ സിപിഎം തയ്യാറായിട്ടില്ല.

സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെൻറ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.

അസാധാരണ വിവാദങ്ങൾ ഉയർന്നതോടെ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം ആവുകയാണ് പേരാമ്പ്ര. ഇരുമുന്നണികളെയും ജയിപ്പിച്ച ചരിത്രമുള്ള പേരാമ്പ്ര പക്ഷെ, 1980 മുതൽ ഇടതുമുന്നണിയുടെ കുത്തക സീറ്റാണ്. കഴിഞ്ഞതവണ ടി പി രാമകൃഷ്ണൻ 22,592 വോട്ടിൻറ് ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്. 2016 ലെ 4101 എന്ന ഭൂരിപക്ഷത്തിൽ നിന്ന് വലിയ വർധനയാണ് കഴിഞ്ഞ തവണ ഉണ്ടായത്.

പക്ഷെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് 19,085 വോട്ടിൻറെ ഭൂരിപക്ഷം പേരാമ്പ്ര മണ്ഡലത്തിൽ കിട്ടിയത് സിപിഎമ്മിനെ ഞെട്ടിച്ചു. പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി സിപിഎമ്മിന് ഏൽക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തിൽ ആറും ഇപ്പോൾ ഭരിക്കുന്നത് യുഡിഎഫാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിൽ എട്ടായിരത്തിലേറെ വോട്ടിൻറെ മുൻ‌തൂക്കം യുഡിഎഫിന് കിട്ടിയിട്ടുണ്ട്.

അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടി മത്സരിക്കുന്ന 27 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പട്ടികയില്‍ ഇല്ല.

കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാഷി സീറ്റില്‍ നിന്ന് ജനവിധി തേടുന്നു. മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍ നിന്നും മത്സരിക്കും. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസന്‍ കോയമ്പത്തൂര്‍ (നോര്‍ത്ത്) ല്‍ നിന്ന് മത്സരിക്കും. കോയമ്പത്തൂര്‍ നോര്‍ത്ത് സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്നായിരുന്നു അണ്ണാമലൈയുടെ ആവശ്യം. മോഡക്കുറിച്ചിയില്‍ കീര്‍ത്തിക ശിവകുമാര്‍, വിളവന്‍കോട് മണ്ഡലത്തില്‍ എസ് വിജയധരണി, തള്ളി സീറ്റില്‍ നാഗേഷ് കുമാറും മത്സരിക്കും.


എഐഎഡിഎംകെ സഖ്യത്തിലാണ് ബിജെപി തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സീറ്റ് ധാരണ പ്രകാരം 234 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപിക്ക് 27 സീറ്റുകളാണ് നീക്കിവച്ചിട്ടുള്ളത്. അന്‍ബുമണി രാമദോസ് നയിക്കുന്ന പിഎംകെ 18 സീറ്റിലും, ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 11 സീറ്റുകളിലും മത്സരിക്കും. എഐഎഡിഎംകെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 170 സീറ്റുകളില്‍ എഐഎഡിഎംകെക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പിഷാരടിയെ തടഞ്ഞതിന് നഗരസഭാംഗം ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ടു ചോദിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.

പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷിന്റെ പരാതിയിലാണു നടപടി. കേസെടുത്ത വിവരം പൊലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ അറിയിക്കും. സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടി. ബുധനാഴ്ച രാത്രിയാണു വടക്കന്തറ മനയ്ക്കൽത്തൊടിയിൽ രമേഷ് പിഷാരടിയെ തടഞ്ഞത്.