പുളിക്കീഴ്: മൂന്ന് വർഷം മുൻപ് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹം കൊലപാതകത്തിന്റേതെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അമ്മയുടെ കാമുകനായി തിരച്ചിൽ തുടരുകയാണ്.
2023ലാണ് പുളിക്കീഴിലെ ചതുപ്പിൽ കൈപ്പത്തിയും കാലും ഇല്ലാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിയാനോ സംഭവവുമായി ബന്ധപ്പെട്ട് പരാതിയോ മിസിങ് കേസോ കണ്ടെത്താനോ കഴിയാതിരുന്നതോടെ അന്വേഷണം വഴിമുട്ടി. സിസിടിവി ദൃശ്യങ്ങളോ മറ്റ് നിർണായക തെളിവുകളോ ലഭിക്കാത്തതും അന്വേഷണത്തിന് തിരിച്ചടിയായി.
അതിനിടെ പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലെത്തിയ മറ്റൊരു കേസാണ് വർഷങ്ങൾ പഴക്കമുള്ള കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നാടോടികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുണ്ടായ തർക്കത്തിനിടെ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നതോടെയാണ് പുളിക്കീഴിലെ കേസുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയിലേക്ക് പൊലീസ് എത്തിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴയ സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന നാടോടി സംഘത്തിലെ അംഗങ്ങളാണ് കുഞ്ഞിന്റെ കുടുംബം. ആലപ്പുഴയിൽ താമസിക്കുമ്പോഴാണ് കുഞ്ഞിന്റെ അമ്മ കാമുകനെ പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ഇരുവരും ചങ്ങനാശ്ശേരിയിലെത്തി.
ഇവിടെവച്ച് മാതാവും കാമുകനും ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കാമുകൻ കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിക്കുകയും കഴുത്തുഞെരിക്കുകയും ചെയ്തതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിരുന്നു.
കുഞ്ഞിന്റെ മരണത്തിനുശേഷം കാമുകൻ സഹോദരനെ വിളിച്ചുവരുത്തിയെന്നും മൃതദേഹം പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിലെത്തിച്ച് കുഴിച്ചുമൂടിയെന്നുമാണ് വിവരം. രണ്ടു ദിവസത്തിനുശേഷം മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പരാതി ലഭിക്കാതിരുന്നതും കുട്ടിയെ കാണാതായതായി കേസുകളൊന്നും രജിസ്റ്റർ ചെയ്യാതിരുന്നതും അന്വേഷണത്തെ സങ്കീർണമാക്കി. കഴിഞ്ഞ ദിവസം കേസ് വീണ്ടും അന്വേഷിച്ചപ്പോഴാണ് പാലക്കാട് പൊലീസിന് ലഭിച്ച വിവരങ്ങളും പുളിക്കീഴിലെ കുഞ്ഞിന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
അറസ്റ്റിലായ കുഞ്ഞിന്റെ അമ്മയുമായി കഴിഞ്ഞ ദിവസം രാത്രി പൊലീസ് മൃതദേഹം മറവുചെയ്ത സ്ഥലത്ത് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കാമുകനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.



























