ന്യൂഡൽഹി: രാജ്യത്തിന്റെ താത്പര്യത്തിനായി എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി ഐ.പി. എക്സ്റ്റൻഷനിലെ ഡിഡിഎ ഉത്സവ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
നീതിയിലും സമത്വത്തിലും ജനക്ഷേമത്തിലും അധിഷ്ഠിതമായ ‘രാമരാജ്യം’ എന്ന ആശയമാണ് മികച്ച ഭരണത്തിന്റെ മാതൃകയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർക്കും പക്ഷപാതമില്ലാതെ നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതാണ് രാമരാജ്യമെന്നും, അധികാരത്തിന്റെ ലക്ഷ്യം ഭരിക്കുകയല്ല മറിച്ച് ജനങ്ങളെ സേവിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സേവനത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ താത്പര്യത്തിനായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും, രാജ്യത്തെ ദ്രോഹിക്കുന്നതിനും സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനും സംസ്കാരത്തെ വെറുക്കുന്നതിനുമെതിരെയുള്ള ശക്തികൾക്കെതിരെ ഒത്തൊരുമിച്ച് പൊരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

































