Home Blog Page 815

വീണ്ടും പാമ്പു കടിയേറ്റ് മരണം… ശുചിമുറിക്കുള്ളിൽ വച്ച് വീട്ടമ്മയ്ക്ക് കടിയേറ്റു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെ മരണം സംഭവിക്കുകയായിരുന്നു.

ആന്റിവനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

മറക്കാനാവാത്ത ചരിത്രം – മലനട മലക്കുട മഹോത്സവം

മലനട വെടിക്കെട്ട് ദുരന്തം: ഒരു കരിപുരണ്ട ഓർമ്മ

Rajaneesh Mynagappally

1990 മാർച്ച് 23 | പുലർച്ചെ 2:30

1990 മാർച്ച് 23. കൊല്ലം ജില്ലയിലെ പോരുവഴി ഗ്രാമം ഒന്നാകെ ഉറക്കമൊഴിഞ്ഞ് മലനടയിലെ കുന്നിൻ ചെരിവിലായിരുന്നു. കേരളത്തിലെ തന്നെ അപൂർവ്വമായ ദുര്യോധന ക്ഷേത്രത്തിലെ ‘മലക്കുട’ മഹോത്സവം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്നു. ആബാലവൃദ്ധം ജനങ്ങളും കാത്തിരുന്നത് പുലർച്ചെ നടക്കാനിരിക്കുന്ന ആവേശകരമായ മത്സരക്കമ്പത്തിന് വേണ്ടിയായിരുന്നു.

മാവേലിക്കര ചെറുകോൽ വൈക്കം മണിയും കോട്ടുക്കൽ ദേവദാസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം. ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ ടൺ കണക്കിന് വെടിമരുന്നാണ് കമ്പപ്പുരയിൽ ഒരുക്കിവെച്ചിരുന്നത്.

ആ നിമിഷം: പുലർച്ചെ 2:30

നറുക്കെടുപ്പിന് ശേഷം വെടിക്കെട്ടിന് തിരികൊളുത്തി നിമിഷങ്ങൾക്കകം ലോകം നടുങ്ങിയ ആ സ്ഫോടനം സംഭവിച്ചു. കമ്പപ്പുരയ്ക്കുള്ളിലെ ഒരു വൈദ്യുത ബൾബ് ഹോൾഡറിൽ തട്ടിയ ഒരു ബോർഡ് വരുത്തിവെച്ചത് വലിയൊരു സ്പാർക്കായിരുന്നു. ആ ചെറിയ തീപ്പൊരി പടർന്നത് മലനടയെ ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ള വെടിമരുന്ന് ശേഖരത്തിലേക്കാണ്.

ഭയാനകമായ ഒരു ശബ്ദത്തോടെ മലനട കുലുങ്ങി. വർണ്ണാഭമായ പൂത്തിരികൾക്ക് പകരം ഉയർന്നത് മരണത്തിന്റെ കറുത്ത പുകച്ചുരുളുകളായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രപരിസരത്തെ കെട്ടിടങ്ങൾ തകർന്നു വീണു, കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.

ആകാശത്തുനിന്ന് വീണ മരണദൂതുകൾ

സ്ഫോടനത്തിന്റെ തീവ്രത എത്രത്തോളമായിരുന്നുവെന്ന് പിറ്റേന്ന് വെളുപ്പിന് കണ്ട കാഴ്ചകൾ സാക്ഷ്യം പറഞ്ഞു. മലനടയിൽ നിന്ന് ഏകദേശം ഒന്നരക്കിലോമീറ്റർ അകലെയുള്ള ഇടയ്ക്കാട് ചന്തയിൽ വരെ മനുഷ്യ ശരീരഭാഗങ്ങൾ തെറിച്ചുവീണു. മരക്കൊമ്പുകളിലും വീടിന്റെ മേൽക്കൂരകളിലും ചിതറിക്കിടന്ന അവയവങ്ങൾ കണ്ട ഗ്രാമം വിറങ്ങലിച്ചുപോയി.
33 ജീവനുകളാണ് ആ രാത്രിയിൽ ഹോമിക്കപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും അന്നത്തെ അന്നത്തിന് വേണ്ടി വെടിക്കെട്ട് പുരയിൽ പണിയെടുത്ത തൊഴിലാളികളായിരുന്നു. 80-ലധികം പേർ പരിക്കേറ്റ് മരണത്തോട് മല്ലടിച്ചു.

നിശബ്ദമായ ആകാശങ്ങൾ

അടുത്ത ദിവസം പുറത്തിറങ്ങിയ മനോരമയും മാതൃഭൂമിയും, കേരളകൗമുദി, ജനയുഗവും ആ ദുരന്തത്തെ ‘മലനടയിലെ മഹാപ്രളയം’ പോലെയാണ് വിശേഷിപ്പിച്ചത്. ചോരയിൽ കുതിർന്ന പത്രത്താളുകൾ കേരളത്തെയാകെ നടുക്കി. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും മത്സരക്കമ്പത്തിന്റെ അപകടസാധ്യതയും വലിയ ചർച്ചയായി.

ഈ ദുരന്തത്തിന് ശേഷം മലനടയിൽ മത്സരക്കമ്പം എന്നെന്നേക്കുമായി നിരോധിക്കപ്പെട്ടു. വർഷങ്ങൾക്കിപ്പുറം പുറ്റിങ്ങൽ ദുരന്തം ഉണ്ടായപ്പോൾ കേരളം ആദ്യം ഓർത്തത് 1990-ലെ ആ മാർച്ച് രാത്രിയെയായിരുന്നു. ഇന്നും മലനടയുടെ മണ്ണിൽ ആ സ്ഫോടനത്തിന്റെ കരിപുരണ്ട ഓർമ്മകൾ മായാതെ നിൽക്കുന്നു.

കുന്നത്തൂർ ഇക്കുറിയും ചുവപ്പണിയുമെന്ന് സി.പി.ഐ(എം) അവലോകന റിപ്പോർട്ട്

കുന്നത്തൂർ ഇക്കുറിയും ചുവപ്പണിയുമെന്ന് സി.പി.ഐ(എം) അവലോകന റിപ്പോർട്ട്

കാൽ നൂറ്റാണ്ടായി ഇടതിനൊപ്പം നിൽക്കുന്ന കുന്നത്തൂർ മണ്ഡലം ഇക്കുറിയും ചുവപ്പണിയുമെന്ന് സി.പി.ഐ(എം) തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സിറ്റിംഗ് എം.എ.എൽ കോവൂർ കുഞ്ഞുമോൻ ചുരുങ്ങിയത് 5000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടി വീണ്ടും നിയമസഭയിലെത്തുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. 2021-ലെ കടുത്ത പോരാട്ടത്തിൽ കുറഞ്ഞുപോയ ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ ഫലം കണ്ടെന്നാണ് താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിജയമുറപ്പിക്കാൻ എൽ.ഡി.എഫ് നിരത്തുന്ന പ്രധാന ഘടകങ്ങൾ:

  • ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം: എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാർട്ടികളുടെ വോട്ടുകൾ ഇത്തവണ പൂർണ്ണമായും എൽ.ഡി.എഫ് പാളയത്തിലെത്തിക്കാൻ കഴിഞ്ഞുവെന്നത് വിജയസാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ന്യൂനപക്ഷ വോട്ടുകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പാർട്ടി കണക്കാക്കുന്നു.
  • തദ്ദേശ ഭരണത്തിലെ ആധിപത്യം: മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണത്തിലാണ്. ശാസ്താംകോട്ട, മൈനഗപ്പള്ളി, പൊരുവഴി തുടങ്ങിയ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് നിലവിലുള്ള ശക്തമായ സംഘടനാ സംവിധാനം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
  • ദുർബല ബൂത്തുകളിലെ ‘സർജിക്കൽ’ സ്ട്രൈക്ക്: കഴിഞ്ഞ തവണ വോട്ട് കുറഞ്ഞ ശൂരനാട് വടക്ക്, തെക്ക്, പടിഞ്ഞാറേ കല്ലട, കിഴക്കേ കല്ലട, മൺറോതുരുത്ത്, പവിത്രേശ്വരം തുടങ്ങിയ പഞ്ചായത്തുകളിലെ യു.ഡി.എഫ് കോട്ടകളിൽ ഇത്തവണ സി.പി.ഐ(എം) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
  • വോട്ട് വിഭജനവും ബി.ജെ.പി ഘടകവും: ബി.ജെ.പി സ്ഥാനാർത്ഥി രാജി പ്രസാദ് ഇക്കുറി 25,000-ത്തിന് മുകളിൽ വോട്ട് പിടിക്കുമെന്നാണ് സി.പി.ഐ(എം) കണക്കാക്കുന്നത്. ബി.ജെ.പി വോട്ട് വർദ്ധിപ്പിക്കുന്നത് യു.ഡി.എഫിന്റെ വിരുദ്ധ വോട്ടുകളെയാണ് ബാധിക്കുക.
  • ക്ഷേമപദ്ധതികളും വികസനവും: എൽ.ഡി.എഫ് സർക്കാരിന്റെ പെൻഷൻ വിതരണം, കശുവണ്ടി-കാർഷിക മേഖലകളിലെ ഇടപെടലുകൾ എന്നിവ സാധാരണക്കാരായ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പോരാട്ടം കടുത്തത്, പക്ഷേ ജയം സുരക്ഷിതം: 2021-ൽ 2,790 വോട്ടുകൾക്ക് മാത്രം ജയിച്ച മണ്ഡലത്തിൽ, ഇത്തവണ കൂടുതൽ ശാസ്ത്രീയമായ രീതിയിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മെയ് 4-ന് വോട്ടെണ്ണുമ്പോൾ കുന്നത്തൂർ വീണ്ടും ഇടത് കോട്ടയായി തന്നെ നിലനിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രതിപക്ഷ നീക്കം

ന്യൂ ഡെൽഹി : ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോൺഗ്രസ് വക്താവും എം പിയുമായ ജയറാം രമേശിന്റെ നേതൃത്വത്തിൽ 73 പ്രതിപക്ഷ എം പിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി. 2026 മാർച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം ഇംപീച്ച്‌മെന്റ് നടപടികൾക്ക് സമാനമായ നോട്ടീസ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാനുള്ള പ്രമേയമായാണ് നോട്ടീസ് സമർപ്പിച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിഷേധിക്കാനാവാത്ത ഒമ്പതോളം ഗുരുതരമായ കുറ്റങ്ങൾ രേഖാമൂലം നിരത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കി.

ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ ഈ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നീങ്ങുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ നീക്കം പ്രതിപക്ഷം കടുപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് ഇന്നലെയാണ് മല്ലികാർജ്ജുൻ ഖർഗെയും കോൺഗ്രസും മറുപടി നൽകിയത്. ഖർഗെ പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ചെന്ന് കാട്ടി ബി ജെ പി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷന് 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിളിച്ചിട്ടില്ലെന്ന വ്യക്തമാക്കിക്കൊണ്ട് ഖർഗെ നൽകിയ വിശദീകരണം പൊതുമധ്യത്തിൽ ഉണ്ടെന്നും കോൺഗ്രസ് ഇന്ന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിലെ ഒരു വരിമാത്രം അടർത്തിയെടുത്തു നൽകിയ പരാതിയിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ‘നികുതി ഭീകരത’ (Tax Terrorism) ആണ് ഖർഗെ ഉദ്ദേശിച്ചതെന്നും മറുപടിയിൽ വിവരിച്ചിട്ടുണ്ട്. പരാതിക്ക് മറുപടി നൽകാൻ ഖർഗെക്ക് കമ്മീഷൻ അനുവദിച്ചത് 24 മണിക്കൂർ മാത്രമാണെന്നും നോട്ടീസ് നൽകിയത് തിടുക്കത്തിലാണെന്നും കോൺഗ്രസ് വിമർശിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

വ്യക്തമായ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യമാണ്. ബി ജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്നു നടിച്ചെന്നും കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കവെ ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിൽ പരാതി നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. ആഭ്യന്തരമന്ത്രി അമിത് ഷാ ആനുകൂല്യം പ്രഖ്യാപിച്ച് ചട്ടലംഘനം നടത്തിയില്ലേ എന്നും ചോദ്യമുണ്ട്. ഖർഗെക്കെതിരെ നടപടിയെടുക്കുമെന്ന കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഭീഷണിയെ ശക്തമായ എതിർക്കുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി.

’13-ാമത് കേരള മുഖ്യമന്ത്രി’; കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തിൽ വിവാദം

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കിടെയിലെ മുഖ്യമന്ത്രി പോരിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ച് വിക്കിപീഡിയ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. വിമർശനമുയർന്നതോടെ വിവരണം നീക്കം ചെയ്യപ്പെട്ടു.അതേസമയംമുഖ്യമന്ത്രി ചർച്ചകളോട് താത്‌പര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

താത്‌പര്യമില്ലായ്‌മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ചർച്ച ചെയ്യുന്നവർ ചെയ്യട്ടേയെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്നുവിശേഷിപ്പിച്ച് ഫ്ലക്‌‌സ് ബോർഡുകൾ ഉയർന്നത് വിവാദമായിരുന്നു. മലപ്പുറം കാലടി പഞ്ചായത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. പാറപ്പുറം കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലെക്‌സ് വച്ചിരിക്കുന്നത്. ‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നാണ് അതിൽ എഴുതിയിരിക്കുന്നത്.

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല നേതാക്കളുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിലും അല്ലാതെയും പോസ്റ്ററുകൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ്‌കാസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേരള യാത്ര എന്ന പേരിലാണ് പോഡ്‌കാസ്റ്റ് തുടങ്ങിയത്. കെഎസ്‌യു കാലം മുതലുള്ള രമേശ് ചെന്നിത്തലയുടെ ജീവിതമാണ് വീഡിയോയിൽ അവതരിപ്പിച്ചിരുന്നത്. ‘കേരളത്തെ ആർസി നയിക്കട്ടെ’ തുടങ്ങിയ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു. ലോക പുസ്തകദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. എം. എസ്. ശ്രീലാറാണി പുസ്തകാവതരണം നടത്തി. ജ.ക.സ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ. എം. എ. മുംതാസ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായൺ, സി. എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. ആർ. മനോജ്, ജ.ക.സ സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള , എ . കെ . ജോസഫ് , കുന്നത്തൂർ ജെ പ്രകാശ് , പ്രമോദ് തുരുത്തിക്കര എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് കവി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചു.

 മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് സുപ്രീംകോടതിയില്‍,പക്ഷേ ഇക്കാര്യങ്ങളില്‍ നിര്‍ബന്ധം പാടില്ല

ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് (എഐഎംപിഎൽബി) സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകൾ പള്ളിയിൽ വന്നുതന്നെ നമസ്കരിക്കണമെന്ന് നിർബന്ധമില്ലെന്നും വീട്ടിൽ നമസ്കരിക്കുന്നത് പുരുഷൻ പള്ളിയിൽ നമസ്കരിക്കുന്നതിനു തുല്യമാണെന്നും എഐഎംപിഎൽബിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എംആർ ഷംസാദ് കോടതിയെ അറിയിച്ചു.

എന്നാൽ പള്ളിക്കുള്ളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നമസ്‌കരിക്കണമെന്നോ പ്രധാനകവാടം വഴിതന്നെ അകത്തുപ്രവേശിക്കണമെന്നോ നിർബന്ധം പിടിക്കാനാവില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാഹർജികൾ പരിശോധിക്കുന്ന സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ബോർഡ് നിലപാടറിയിച്ചത്. പള്ളിക്കകത്തു പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട പരമ്പരാഗത രീതികളുണ്ടെന്നും പ്രധാന കവാടംവഴി പ്രവേശിക്കാനോ പുരുഷന്മാരുമായി വേർതിരിക്കുന്ന മറ നീക്കംചെയ്യാനോ സാധിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് കോടതിയിൽ വ്യക്തമാക്കി.

“സ്ത്രീകൾ പള്ളിക്കകത്തു പ്രവേശിക്കുന്നതു തടയരുതെന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ സ്ത്രീകൾ പള്ളിയിൽ വന്നു നമസ്കരിക്കണമെന്ന നിർബന്ധമില്ല. അവർ വീട്ടിലിരുന്നു നമസ്കരിച്ചാലും പുരുഷൻ പള്ളിയിൽ നമസ്‌കരിക്കുമ്പോൾ ലഭിക്കുന്ന അതേ പ്രതിഫലമാണ് ലഭിക്കുക” എന്നാണ് ബോർഡ് കോടതിയെ അറിയിച്ചത്.

പള്ളികളിൽ ഗർഭഗൃഹം എന്ന സങ്കൽപ്പം ഇല്ലെന്നും അതിനാൽ ഒരു പ്രത്യേക സ്ഥലത്തുനിന്ന് തന്നെ പ്രാർത്ഥിക്കണമെന്ന് ആർക്കും വാശിപിടിക്കാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തിലും ഔദ്യോഗിക മുദ്രകള്‍ ഉപയോഗിച്ച സംഭവം, ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തിലും ഔദ്യോഗിക മുദ്രകള്‍ ഉപയോഗിച്ച സംഭവത്തില്‍ ഡിജിപി റവഡചന്ദ്രശേഖര്‍   അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം എസ്പിയോടാണ് ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നമ്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്.

നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.

സ്കൂളുകളിലെ പരിശീലനങ്ങള്‍ രാവിലെ 10.30 ന് അവസാനിപ്പിക്കണം, ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടത്തുന്ന പരിശീലനങ്ങള്‍ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ കളികള്‍, എന്‍സിസി, എസ്.പി.സി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്, പരിശീലനം, അസ്സംബ്ലി, വിനോദയാത്രകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍, അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍, ഡോ.വില്‍സണ്‍ എന്നിവരുടെ ഫുള്‍ബഞ്ച് ഉത്തരവായത്.

വിവിധ പരിശിലനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതില്‍ താല്ക്കാലിക ഇളവ് നല്‍കി സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിനും അനുവദിക്കണം. പരിശീലനങ്ങള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമായി കമ്മീഷന്‍ കാണുന്നു.

കനത്തചൂട് കുട്ടികളില്‍ ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിര്‍ജ്ജലീകരണം, തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. നിലവിലെ ചൂട് കുറയുന്നതുവരെ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കരുത്. സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കണം എന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിന്മേലാണ് കമ്മിഷന്‍ ഉത്തരവ്. നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, എസ്.പി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, എന്‍ സി സി അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ചീഫ് കമ്മീഷണര്‍ എന്നിവര്‍ നടപ്പിലാക്കേണ്ടതാണ്. ഉത്തരവില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനുകള്‍ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭിക്കുന്ന ജില്ലയിലെ ആശുപത്രികള്‍

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭിക്കുന്ന ജില്ലയിലെ ആശുപത്രികള്‍:

  1. ജില്ലാ ആശുപത്രി, കൊല്ലം
  2. താലൂക്ക് ആശുപത്രി, കൊട്ടാരക്കര
  3. താലൂക്ക് ആശുപത്രി, പുനലൂര്‍
  4. താലൂക്ക് ആശുപത്രി, ശാസ്താംകോട്ട
  5. താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി
  6. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി
  7. ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി
  8. സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
  9. ഉപാസന ഹോസ്പിറ്റല്‍, കൊല്ലം
  10. ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം
  11. ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം
  12. എന്‍എസ് സഹകരണ ആശുപത്രി