Home Blog Page 748

‘എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ, പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും’; വാഴ്ത്തി റിനി ആൻ ജോർജ്

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ആൾക്ക് വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്ന് റിനി ആൻ ജോർജ് ഫേസ് ബുക്കിൽ കുറിച്ചു. പദ്മനാഭന്‍റെ മണ്ണിൽ ഇനി തന്‍റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി കുറിച്ചു.

Also Read: ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും

പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണമുന്നയിച്ച വ്യക്തിയായിരുന്നു റിനി.

റിനിയുടെ വാക്കുകൾ
“നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ

നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ

നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ

വനവാസമല്ല ഇനി പട്ടാഭിഷേകം

പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും”

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയപ്പോഴും പ്രതികരണവുമായി റിനി രംഗത്തെത്തിയിരുന്നു. വി ഡി സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യനാണ് സതീശനെന്നും റിനി കുറിച്ചു. സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ നേതാവാണ് വി ഡി സതീശൻ. മറ്റാരുണ്ട് വിഡിഎസ് അല്ലാതെ എന്നും റിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘ലീഗ് ഭരിക്കും കേരള മണ്ണില്‍…. ലീഗ് പറയും നിയമങ്ങള്‍….. പെരുന്നയിലുള്ളോരു നായരേ…..ആലപ്പുഴയിലെ വെള്ളാപ്പള്ളീ..; തൊടുപുഴയില്‍ മുസ്ലിംലീഗിന്റെ ആഹ്ലാദപ്രകടന റാലിയില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ മുദ്രാവാക്യം വിളി

തൊടുപുഴ: മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയില്‍ മുസ്ലിംലീഗ് നടത്തിയ ആഹ്ലാദ പ്രകടനം വിവാദത്തില്‍. തൊടുപുഴയില്‍ യൂത്ത് ലീഗ് ആഹ്‌ളാദപ്രകടത്തില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്.

‘അഭിമാനത്തിന്‍ അസ്തിത്വം ആരുടെ മുമ്പില്‍ പണയം വയ്ക്കാന്‍ ആവില്ലെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. വിഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ.. എന്നു തുടുങ്ങി മുദ്രാവാക്യം കടുപ്പിക്കുകയാണ് ചെയ്യുന്നത്.

നേരത്തെ വി.ഡി. സതീശനെ അഭിനന്ദിച്ചു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. നല്ല രീതിയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് 100 സീറ്റാണ് പറഞ്ഞതെങ്കില്‍ പോലും 102 സീറ്റ് നേടുവാന്‍ സാധിച്ചു. രമേശനായാലും സതീശനായാലും വേണുഗോപാലായാലും എല്ലാവരും ഒരേമനസ്സോടുകൂടി തന്നെ യുഡിഎഫിനെ നയിച്ചു. ഭരണം പിടിച്ചെടുക്കുവാനുള്ള അവരുടെ പരിശ്രമത്തില്‍ ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം നേടാന്‍ സാധിച്ചു.

ഒടുവില്‍ സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുക്കുന്നു. അദ്ദേഹത്തിന് നല്ല രീതിയില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കെ.സി. വേണുഗോപാല്‍ മോശക്കാരനല്ല, ഇത്തവണത്തെ വിജയത്തിന്റെ രാജശില്‍പി വേണുഗോപാല്‍ തന്നെയായിരുന്നു. ആളുകൊണ്ട് അര്‍ഥം കൊണ്ടും നയരൂപീകരണത്തിലും തന്ത്രങ്ങളിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം എംപി ആയിരുന്നു. എംപി ആയ ആള്‍ ഇങ്ങനെ ഒരു മത്സരം ആഗ്രഹിക്കുന്നു എന്ന് നമ്മള്‍ ആരും പ്രതീക്ഷിച്ചിട്ടില്ല.

അദ്ദേഹം വളരെ ആത്മാര്‍ത്ഥമായി സമ്പത്ത് കൊണ്ടും ബുദ്ധി കൊണ്ടും ഈ വിജയത്തിന്റെ പ്രധാന ശില്‍പിയായി. അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നുകൊണ്ട് ഭരണപക്ഷത്തെ വിമര്‍ശിച്ച് കേരളത്തിലെ ജനങ്ങളെ കൈയ്യിലെടുക്കുവാന്‍ സതീശിന് സാധിച്ചു എന്നത് ചെറുതായി കാണാന്‍ സാധിക്കില്ല’ -വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം സതീശനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതില്‍ കീഴ്വഴക്കങ്ങളോ ജനാധിപത്യ രീതിയോ സ്വീകരിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വി ഡി സതീശന് പൂർണ പിന്തുണ, എന്നും പാർട്ടിക്കൊപ്പം നിൽക്കുന്ന ശക്തനായ വക്താവായി തുടരും -കെ.എസ്

തിരുവനന്തപുരം: വി ‌ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഹൈക്കമാൻ‍ഡിന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കിൽ പാർട്ടിയിൽ തുടരുന്നതിൽ എന്താണർത്ഥം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിയെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചിരുന്നില്ലേ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കെ.സി വേണുഗോപാലും വി ‌ഡി സതീശനും പാർട്ടിയുടെ രണ്ട് തൂണുകളാണെന്നായിരുന്നു മറുപടി. ഹൈക്കമാൻഡ് ആരെ തിര‍ഞ്ഞെടുത്താലും ഒരുപോലെയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി തീരുമാനത്തെ തുടർന്ന് രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിൽ നിന്നുമാറി നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പാർട്ടി ഒരുപാട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അത് തുടർന്നും ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ഏത് തീരുമാനത്തിനൊപ്പവും ശക്തനായ ഒരു വക്താവായി താൻ ഉണ്ടാകുമെന്നും പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് സമർദ്ദം ചെലുത്തിയതായി തോന്നിയിട്ടില്ലെന്നും അവർ അവരുടെ അഭിപ്രായമാണ് പറഞ്ഞതെന്നും കെ സുധാകരൻ പ്രതികരിച്ചു. എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സിയെ പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം അറിഞ്ഞിട്ടില്ലെന്നും ഒരുമിച്ചെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും താൻ കൂടെയുണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

‘യോഗ്യൻ രമേശ് ചെന്നിത്തല, വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനം മുസ്ളീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’_ എൻ എസ് എസ്

കോട്ടയം: മുസ്ളീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെയായിരുന്നു തിരഞ്ഞെടുക്കേണ്ടത്. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും സുകുമാരൻ നായർ പറ‌ഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തീരുമാനം എടുക്കാനാണെങ്കിൽ ജനങ്ങളെ ഇത്രയും കഷ്ടപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. കീഴ്‌വഴക്കങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കോൺഗ്രസ് ലീഗിന് കീഴടങ്ങി. അത് വളരെ കഷ്ടമായിപ്പോയി. ജനാധിപത്യ മര്യാദ അനുസരിച്ചുള്ള തീരുമാനമായിരുന്നുവെങ്കിൽ ഇത് ഇങ്ങനെയായിപ്പോകുമായിരുന്നില്ല. ഇതിനായിരുന്നെങ്കിൽ ഇത്രയും താമസിക്കേണ്ട കാര്യമില്ലായിരുന്നു. ഘടകകക്ഷികളിൽ നിർണായകമായി നിന്നത് മുസ്ളീം ലീഗാണ്.

ലീഗ് നടത്തിയ സമ്മർദ്ദം ശരിയായില്ല. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും ഈ സമ്മർദ്ദംതന്നെ ഉണ്ടാകുമല്ലോ.മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല. മൂന്നുപേരും യോഗ്യരായതുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ഘടകകക്ഷികളുടെ അഭിപ്രായമാണ് നോക്കുന്നതെങ്കിൽ പിന്നെ എംഎൽഎമാരുടെ ഭൂരിപക്ഷം അനുസരിച്ചാണ് തീരുമാനമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഘടകകക്ഷികൾ എവിടെ നിന്നോ കൊണ്ടുവന്ന വോട്ടാണോ?

ഈ വോട്ടൊക്കെ തന്നെയല്ലേ അതും? അത് വാങ്ങിയ നിലയ്ക്ക് കോൺഗ്രസിനെ അതിന്റെ സ്വാതന്ത്ര്യത്തിന് വിടണമായിരുന്നു.നല്ല നാളേക്കായി വി ഡി സതീശൻ നയിക്കുമെന്നത് സാദിക്കലി തങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ ആരുടെയും വിശ്വാസമല്ല. ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. മാനദണ്ഡങ്ങൾ നോക്കുമ്പോൾ എല്ലാതരത്തിലും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെയായിരുന്നു തിരഞ്ഞെടുക്കേണ്ടത്.സതീശൻ നയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ജനങ്ങളുടെ എണ്ണം ആരാണെടുത്തത്? അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ?

കോൺഗ്രസിന്റെ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചതുകൊണ്ടാണ് എൻഎസ്‌എസ് ഈ കാര്യങ്ങൾ പറയുന്നത്. ഇടതുപക്ഷം അത് തെറ്റിക്കാതെ അവരുടേതായ രീതിയിൽ പോകുന്നു.ഇവിടെ ജനാധിപത്യ മര്യാദ പാലിച്ചിട്ടില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊന്നും എൻഎസ്‌എസ് പ്രതികരിച്ചിരുന്നില്ല. വർഗീയത രൂക്ഷമായ ഭാവത്തിൽ വന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചത്.

വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. അദ്ദേഹം തുടർച്ചയായി അവഗണിക്കപ്പെടുകയാണ്. മാനദണ്ഡങ്ങൾ നോക്കുമ്പോൾ അദ്ദേഹമാണ് മുൻപന്തിയിൽ നിൽക്കുന്നത്’- ജി സുകുമാരൻ നായർ വ്യക്തമാക്കി.

അതും കൂടി വേണമെങ്കിൽ ‍ഞാൻ കൊടുക്കാം, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ,നിരാശയുടെ പടുകുഴിയില്‍ നിന്ന് കെസിയുടെ പ്രതികരണം

 ന്യൂഡെല്‍ഹി.കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ചതിൽ സന്തോഷം അറിയിച്ചെങ്കിലും ചര്‍ച്ചയായി കെ വേണുഗോപാലിന്‍റെ ഒരു പ്രതികരണം. വി ഡിയെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം പോകാറായപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ എന്ന് മാധ്യമങ്ങളിൽ നിന്ന് ചോദ്യം വന്നു. അതും കൂടി വേണമെങ്കിൽ താൻ കൊടുക്കാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ് നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെസി പറഞ്ഞത്.

അതേസമയം, വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സർക്കാർ കേരളത്തിലുണ്ടാകും. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോൺഗ്രസുകാരനായി തുടരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തന്നെ പിന്തുണച്ചവരും ഈ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും വേണുഗോപാൽ പ്രതികരിച്ചു. അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തിന് വേണുഗോപാൽ മറുപടി പറഞ്ഞില്ല.

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്‌തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ രംഗത്തുണ്ട്. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിർമ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു.

2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി,പാഠം പഠിക്കാത്ത നേതാക്കള്‍ ഇരന്നുവാങ്ങുന്ന അടി

കൊച്ചി. വി ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍, രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കുകയും, വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുകയും ചെയ്തു.

ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിന്റെ തിളക്കത്തില്‍ ആര്‍ജ്ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. സമാനമായ സ്ഥിതിവിശേഷമാണ് വിഡി സതീശനും. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കൈമുതല്‍.

ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.

കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.

പക്ഷേ ഇവിടെ ജനങ്ങളുടെ കൈകെട്ടിയ കാലത്തിന്‍റെ കഥയും ഓര്‍ക്കണം. മുഖ്യമന്ത്രിയായ വിഎസിനെ ഇടവും വലവും തിരിയാനനുവദിക്കാതെ സ്വന്തംപാര്‍ട്ടി ചങ്ങലക്കിട്ടു നടത്തുന്നത് നാം കണ്ടു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ അടക്കം കൈയടി നേടിയ പലതീരുമാനങ്ങളും മരവിച്ചുപോകുന്നത് ജനം കണ്ടു. വിഎസിന് സ്വന്തം ഇഷ്ടം നടപ്പാക്കാനായില്ല. വിഡി സതീശന് ഇനിയാണ് ജനപിന്തുണ ഏറെ വേണ്ടി വരുന്നത്.

കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും എഐസിസി തീരുമാനത്തെ അംഗീകരിക്കുന്നു, സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകും

മലപ്പുറം. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് സതീശൻ ഉയർത്തിപ്പിടിച്ച ‘ടീം യുഡിഎഫ്’ എന്ന സങ്കല്പത്തിൽ ഊന്നിയായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോവുക. ഇത് ഒരു ടീം യുഡിഎഫ് ഗവൺമെന്റ് ആയിരിക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളാണ് എഐസിസി സ്വീകരിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. തീരുമാനമെടുക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ഒന്നിലധികം തവണ കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തി. മല്ലികാർജുൻ ഖാർഗെ ഇന്നും തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും ലീഗ് അധ്യക്ഷൻ വെളിപ്പെടുത്തി.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനാണ് സാധ്യത. മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകും. സതീശൻ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാകക്ഷി യോഗത്തിന് ശേഷം മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ച് കോൺഗ്രസ് അറിയിക്കുമെന്നും അതനുസരിച്ചുള്ള നീക്കങ്ങൾ ലീഗ് സ്വീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ രൂപീകരണ നടപടികൾ വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ വീണ്ടും ക്രൂരത; ഓടിക്കൊണ്ടിരുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ യുവതി കൂട്ടബലാംത്സംഗത്തിന് ഇരയായി. ബസ്‌ കണ്ടക്‌ടറും ഡ്രൈവറുമാണ് അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച‌ സ്ലീപ്പർ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്‌ച രാത്രി ഡൽഹിയിലെ റാണി ബാഗ് പ്രദേശത്തുവച്ചാണ് 30 കാരിക്കെതിരെ അതിക്രമം നടന്നത്. പിതാംപുരയിലെ ചേരിപ്രദേശത്തു താമസിക്കുന്ന യുവതി മംഗോൽപുരയിലെ ഫാക്‌ടറിയിൽ ദിവസവേതനതൊഴിലാളിയാണ്. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി സരസ്വതിവിഹാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഇവിടേയ്‌ക്കെത്തിയ പ്രതികൾ യുവതിയെ ബലമായി ബസിനുള്ളിലേക്ക് വലിച്ചുകയറ്റിയെന്നാണ് പരാതി.

യുവതിക്ക് വൈദ്യശുശ്രൂഷ ഉറപ്പുവരുത്തിയെന്നും ബലാംത്സം നടന്നതിന്റെ ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സംഭവസമയത്ത് ബസിനുള്ളിൽ മൂന്ന് പേർ ഉണ്ടായിരുന്നെന്നും അതിൽ രണ്ടുപേരാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി മൊഴി നൽകി. തട്ടികൊണ്ടുപോകൽ, ബലാംത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

‘വി ഡി സതീശന് അഭിനന്ദനം, സർക്കാരിന് വേണ്ട എല്ലാ പിന്തുണയും നൽകും’

ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പല ഘടകങ്ങൾ പരിഗണിച്ചശേഷമായിരിക്കും ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടുണ്ടാവുക. താൻ തികഞ്ഞൊരു കോൺഗ്രസുകാരനാണെന്ന് പറഞ്ഞ അദ്ദേഹം വി ഡി സതീശനെ അഭിനന്ദിക്കുകയും ചെയ്‌തു.

വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ഹൈക്കമാൻഡ് നിലപാടിനെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ വിജയിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള സർക്കാരാവും കേരളത്തിലുണ്ടാവുക. യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

വി ഡി സതീശനെ ഹൃദയത്തിൽ നിന്ന് ഞാൻ അഭിനന്ദിക്കുന്നു.എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അത് ശിരസാവഹിക്കുമെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. ഞാനെന്നും അടിയുറച്ച കോൺഗ്രസുകാരനായിരിക്കും. ത്രിവർണപതാക പുതച്ച് മരിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പാർട്ടിയാണ് എനിക്കെല്ലാം. ഇതിന്റെ പേരിൽ സൈബർ ഇടങ്ങളിൽ ആക്രമണമുണ്ടായാൽ ഞാനത് സഹിച്ചോളാം’ – കെ സി വേണുഗോപാൽ പറഞ്ഞു.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പരിഗണിക്കാനുള്ള ചർച്ചകളിൽ ശക്തമായി ഉയർന്നുകേട്ട പേരായിരുന്നു കെ സി വേണുഗോപാലിന്റേത്. എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ചത് കെ സിയെയാണ്. ഇന്നലെ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തപ്പോഴും കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കമാൻഡ് ജനവികാരം പരിഗണിച്ച് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രി തീരുമാനം: ഹൈക്കമാൻഡ് നടപടിക്കെതിരെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ച ഹൈക്കമാൻഡ് നടപടിക്കെതിരെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും അവഗണനയാണ് നേരിട്ടതെന്നും തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.


11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടത്തിയത്. 70 കാരനായ രമേശ് ചെന്നിത്തല തന്റെ സീനിയോരിറ്റി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് മന്ത്രിസഭയിൽ ചേരില്ലെന്നും ചെന്നിത്തലയുടെ അനുയായികൾ പറയുന്നുണ്ട്.