കോട്ടയം: മുസ്ളീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെയായിരുന്നു തിരഞ്ഞെടുക്കേണ്ടത്. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തീരുമാനം എടുക്കാനാണെങ്കിൽ ജനങ്ങളെ ഇത്രയും കഷ്ടപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. കീഴ്‌വഴക്കങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കോൺഗ്രസ് ലീഗിന് കീഴടങ്ങി. അത് വളരെ കഷ്ടമായിപ്പോയി. ജനാധിപത്യ മര്യാദ അനുസരിച്ചുള്ള തീരുമാനമായിരുന്നുവെങ്കിൽ ഇത് ഇങ്ങനെയായിപ്പോകുമായിരുന്നില്ല. ഇതിനായിരുന്നെങ്കിൽ ഇത്രയും താമസിക്കേണ്ട കാര്യമില്ലായിരുന്നു. ഘടകകക്ഷികളിൽ നിർണായകമായി നിന്നത് മുസ്ളീം ലീഗാണ്.
ലീഗ് നടത്തിയ സമ്മർദ്ദം ശരിയായില്ല. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും ഈ സമ്മർദ്ദംതന്നെ ഉണ്ടാകുമല്ലോ.മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല. മൂന്നുപേരും യോഗ്യരായതുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ഘടകകക്ഷികളുടെ അഭിപ്രായമാണ് നോക്കുന്നതെങ്കിൽ പിന്നെ എംഎൽഎമാരുടെ ഭൂരിപക്ഷം അനുസരിച്ചാണ് തീരുമാനമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഘടകകക്ഷികൾ എവിടെ നിന്നോ കൊണ്ടുവന്ന വോട്ടാണോ?
ഈ വോട്ടൊക്കെ തന്നെയല്ലേ അതും? അത് വാങ്ങിയ നിലയ്ക്ക് കോൺഗ്രസിനെ അതിന്റെ സ്വാതന്ത്ര്യത്തിന് വിടണമായിരുന്നു.നല്ല നാളേക്കായി വി ഡി സതീശൻ നയിക്കുമെന്നത് സാദിക്കലി തങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ ആരുടെയും വിശ്വാസമല്ല. ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. മാനദണ്ഡങ്ങൾ നോക്കുമ്പോൾ എല്ലാതരത്തിലും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെയായിരുന്നു തിരഞ്ഞെടുക്കേണ്ടത്.സതീശൻ നയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ജനങ്ങളുടെ എണ്ണം ആരാണെടുത്തത്? അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ?
കോൺഗ്രസിന്റെ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചതുകൊണ്ടാണ് എൻഎസ്‌എസ് ഈ കാര്യങ്ങൾ പറയുന്നത്. ഇടതുപക്ഷം അത് തെറ്റിക്കാതെ അവരുടേതായ രീതിയിൽ പോകുന്നു.ഇവിടെ ജനാധിപത്യ മര്യാദ പാലിച്ചിട്ടില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊന്നും എൻഎസ്‌എസ് പ്രതികരിച്ചിരുന്നില്ല. വർഗീയത രൂക്ഷമായ ഭാവത്തിൽ വന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചത്.
വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. അദ്ദേഹം തുടർച്ചയായി അവഗണിക്കപ്പെടുകയാണ്. മാനദണ്ഡങ്ങൾ നോക്കുമ്പോൾ അദ്ദേഹമാണ് മുൻപന്തിയിൽ നിൽക്കുന്നത്’- ജി സുകുമാരൻ നായർ വ്യക്തമാക്കി.




































