Home Blog Page 7

അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഹോർമൂസ് 7 ദിവസത്തിൽ തുറക്കാമെന്ന് ഇറാന്‍റെ പുതിയ ഉപാധി; യുഎൻ സമ്മേളനത്തിനിടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ സജീവം

ടെഹ്റാൻ: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വച്ചതായി റിപ്പോർട്ടുകൾ. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാൽ എവിടെയും എത്തിച്ചേരാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

Also Read: സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

വിശദവിവരങ്ങൾ

ഇറാന് മേലുള്ള അമേരിക്കയുടെ സൈനിക സമ്മർദം കുറച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാം. ഇതാണ് ഇറാൻ മുന്നോട്ട് വച്ച പുതിയ ഉപാധി. തങ്ങളെ വീണ്ടുമാക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നുണ്ടെന്ന ഇന്‍റലിജൻസ് വിവരം ഇറാൻ നേരത്തെ പുറത്തു വിട്ടിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിൽ കുടുങ്ങി നാളെ ഇറാന്റെ യാത്രാ വിമാനക്കമ്പനികൾ നിശ്ചലമാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പും ഇതിനിടെ എത്തിയിട്ടുണ്ട്.

യുദ്ധം തീർക്കാൻ ഏഴ് ഉപാധികൾ ഇറാൻ ഖത്തറിന് കൈമാറിയിരുന്നു. എല്ലാത്തിന്‍റെയും ആകെത്തുകയാണ് പുതിയ റിപ്പോർട്ട്. യു എൻ സമ്മേളനത്തിൽ ഇറാൻ – അമേരിക്ക നേതാക്കൾ തമ്മിൽ കാണുമോ എന്നതിൽ ആകാംക്ഷയേറി. അമേരിക്ക കൈകൊടുത്താൽ, മധ്യസ്ഥർ വഴി ചർച്ചയുണ്ടാകാനാണ് സാധ്യത. ഗൾഫ് വിദേശകാര്യ മന്ത്രിമാർ സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്ച്ച നടത്തി.

അമേരിക്കൻ ഉപരോധത്തിൽ ഇറാൻ വിമാനക്കമ്പനികളുടെ വിദേശ സർവ്വീസ് തടസ്സപ്പെടില്ലെന്ന് ഇറാൻ ആവർത്തിച്ചു. ഗൾഫിൽ ഇറാന്റെ ആക്രമണത്തിൽ താറുമാറായ ഊർജ്ജ മേഖലയിലേക്ക് അമേരിക്ക അഞ്ഞൂറ് കോടി ഡോളർ നിക്ഷേപിക്കും. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. യു കെ ഇതിനിടെ സൗദിയുടെ പോർ വിമാനങ്ങൾക്ക് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണ നൽകും. ഹൂത്തികളെ നേരിടാനാണ് ഇതെന്നാണ് വ്യക്തമാകുന്നത്.

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു.

Also Read: 54-ാമത് കല്ലട ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗും നാളെ

50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.

ജപ്പാനിൽ സിൽവർ വീക്ക് എന്ന പേരിൽ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബർ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയെയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ചിബയിൽ മാത്രം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമ്പത്തൊന്നുകാരൻ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവർ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്. ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയുര എന്നിവിടങ്ങളിൽ തുടർച്ചയായ മണ്ണടിച്ചിലുകൾ ഉണ്ടായി. കാണാതായ നാലുപേർക്കായി പൊലീസ് തെരച്ചിൽ തുടരുകയും ചെയ്യുകയാണ്.

54-ാമത് കല്ലട ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗും നാളെ

ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) രണ്ടാം പാദമത്സരവും 54-ാമത് കല്ലട ജലോത്സവവും നാളെ ഉച്ചയ്ക്ക് രണ്ടിന് ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കല്ലടയാറ്റിലെ മുതിരപ്പറമ്പ് – കാരുത്തറക്കടവ് നെട്ടായത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എ അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എം പി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. ബി ബി ഗോപകുമാര്‍ എം എല്‍ എ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, ടൂറിസം ഡയറക്ടര്‍ അഞ്ജന, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30-ന് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

ഓച്ചിറ ഉത്സവം: കളര്‍ സ്മോക്കും പാര്‍ട്ടി പോപ്പുകളുടെ ഉപയോഗവും നിരോധിച്ചു

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കാളകെട്ട് മഹോത്സവത്തില്‍ കളര്‍ സ്മോക്ക്, പാര്‍ട്ടി പോപ്പുകള്‍ എന്നിവയുടെ ഉപയോഗം ജില്ലാ  കലക്ടര്‍  നിരോധിച്ച് ഉത്തരവായി.
ഉത്സവ സമാപന ദിവസമായ സെപ്റ്റംബര്‍ 23-ന് ക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 സെക്ഷന്‍ 152(1)(എ) പ്രകാരം നിരോധിച്ചതായി  ജില്ലാ കലക്ടര്‍  ഉത്തരവിട്ടു.
കളര്‍ സ്മോക്കുകള്‍, പാര്‍ട്ടി പോപ്പുകള്‍  എന്നിവ വായു-പരിസ്ഥിതി മലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കേരള പഞ്ചായത്ത് രാജ് സെക്ഷന്‍ 219(എന്‍)  പ്രകാരം 5000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. സെപ്റ്റംബര്‍ 23ന് ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും  മദ്യനിരോധിത ഉത്സവമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം. വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവര്‍ യാത്ര. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാന്‍ അനുമതി നല്‍കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്ന് കുര്‍ഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റെഞ്ച് റോവറിന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റേഞ്ച് റോവര്‍ കറക്കത്തില്‍ കെഎം ഷാജിയുടെ വാദങ്ങള്‍ പൊളിയുകയാണ്. മന്ത്രിമാര്‍ക്ക് സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാം, പക്ഷെ പൊതുഭരണവകുപ്പിന്റെ അനുമതി ഉത്തരവ് ആവശ്യമാണ്. നേരത്തെ പലമന്ത്രിമാരും ഇങ്ങനെയാണ് ആഡംബര കാര്‍ ഔദ്യോഗിക കാറാക്കിയത്. യാക്കൂബ് എന്ന ഷാജിയുടെ സുഹൃത്താണ് റേഞ്ച് റോവര്‍ നല്‍കുന്നത്.

വിവാദം ശക്തമായപ്പോള്‍ ഷാജിയുടെ വാദം ഇങ്ങനെ: നല്ല വാഹനങ്ങള്‍ വീട്ടില്‍ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്ക് യാക്കൂബ്ക്കയെ പോലെ പ്രശസ്തന്‍ ആകാന്‍ ആഗ്രമുണ്ടെങ്കില്‍ എനിക്ക് തരാം. ആവശ്യമായ അനുമതി വാങ്ങി ഞാന്‍ ഉപയോഗിച്ചോളാം.

എന്നാല്‍, റേഞ്ച് റോവര്‍ ഉപയോഗത്തിന് ഷാജിക്ക് അനുമതി കിട്ടിയിട്ടില്ല. ആകെ അനുമതി നല്‍കിയത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്നും കൂര്‍ഗിലേക്ക് പോകാന്‍ മാത്രമാണ്. ആഡംബര കാര്‍ വിവാദത്തില്‍ ശക്തമായ കടന്നാക്രണം തുടരുകയാണ് പ്രതിപക്ഷം. ആര്‍ക്കും വേണ്ടാത്ത 13 ആം നമ്പര്‍ ഏറ്റെടുത്ത മാതൃകയായ ഷാജിയാണ് ഇപ്പോള്‍ റേഞ്ച് റോവറില്‍പ്പെട്ടത്. ആഡംബര കാര്‍ വിവാദത്തില്‍ പക്ഷെ വിചിതരമായ വാദങ്ങള്‍ നിരത്തിയാണ് മന്ത്രിമാര്‍ ഷാജിയെ ന്യായീകരിക്കുന്നത്. വിവാദം തുടരുന്നതിനിടെ മന്ത്രി യൂറോപ്യന്‍ ടൂറിലാണ്.

ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം. ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കി.

മണ്ഡലം കമ്മിറ്റിയും എംഎല്‍എയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും ഇരുവരോടും കെപിസിസി നിര്‍ദേശിച്ചു. ഹസന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ നടപടി. അതേസമയം, പ്രശ്‌നപരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലോട് രവി, എം വിന്‍സെന്റ്, നെയ്യാറ്റിന്‍കര സനല്‍, കെ എസ് ശബരീനാഥന്‍ എന്നിവരാണ് സമിതിയിലുള്ളത്. ഇരുപക്ഷത്തെയും സമവായത്തില്‍ എത്തിക്കും. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടും.

പാര്‍ട്ടിക്ക് നാണക്കേടായ ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉയര്‍ന്നിട്ടും എംഎല്‍എക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്‌നം ഒതുക്കുകയായിരുന്നു. എതിര്‍ചേരിയുടെ എതിര്‍പ്പ് തണുപ്പിക്കാന്‍ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിര്‍ദ്ദേശം രമ്യക്ക് നല്‍കാനും ധാരണയായി. കയ്യാങ്കളിയില്‍ രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോണ്‍ഗ്രസ് കൂന്തല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയ്ക്ക് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു,എം എ ബേബി


ന്യൂഡെല്‍ഹി: ഇഡി ശുപാര്‍ശയില്‍ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയ്ക്ക് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

മോദിയും ഇ ഡിയും വി ഡി സതീശനും ചേര്‍ന്ന പുതിയ സഖ്യം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു വെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം. സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാര്‍ ബി ടീമാണെന്നും കൊ ലി ബി സഖ്യകാലം മുതല്‍ പ്രകടമായ ബി ജെ പി – യു ഡി എഫ് കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മോദിയും ഇ ഡിയും വി ഡി സതീശനും ചേര്‍ന്ന പുതിയ സഖ്യമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്താകെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബി ജെ പി നിലപാടിന് യു ഡി എഫ്. പിന്തുണ നല്‍കുകയാണ്. മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ ഡി യുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യു ഡി എഫ് കുടപിടിക്കുന്നത്. അതുകൊണ്ടാണ് ഇ ഡിയുടെ കത്തില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി ജി പിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇ ഡി ഭീഷണിപ്പെടുത്തിയാണ് കേസില്‍ പല മൊഴികളും രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം നേതാക്കളെ രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ മുന്‍പ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവര്‍ വ്യക്തമാക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ച ഇവര്‍ തിരഞ്ഞെടുപ്പ് കണക്കുകളില്‍ ഇത് എങ്ങനെ ഉള്‍പ്പെടുത്തിയെന്ന് വ്യക്തമാക്കണം. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ അഴിമതികള്‍ക്കാണ് പിന്തുണ നല്‍കുന്നത്. ഇ ഡി നീക്കത്തിനെതിരെ രാജ്യത്തെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ ആ പാര്‍ട്ടിക്ക് തന്നെ പരിഹാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് യാത്രക്കും വിമര്‍ശനം
മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയെയും സി പി എം സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തില്‍ യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആരുടെയെങ്കിലും സൗജന്യത്തില്‍ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണ്. മന്ത്രിമാര്‍ മറ്റാരാലും സ്വാധീനിക്കപ്പെടാതിരിക്കാനാണ് സര്‍ക്കാരിന്റെ ചെലവില്‍ വീടും വാഹനവും നല്‍കുന്നത്. മുന്‍പ് ഹെലികോപ്റ്റര്‍ യാത്രയെ ധൂര്‍ത്ത് എന്ന് വിമര്‍ശിച്ചവരാണ് ഇപ്പോള്‍ അഴിമതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എം ഷാജി മന്ത്രിയുടെ ആഡംബര വാഹനം മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ പോലും ലംഘനമാണ്. കെ പി സി സി പ്രസിഡന്റ് പറഞ്ഞ വിശദീകരണം പരിഹാസ്യമാണ്. വലിയ അഴിമതിക്കാണ് ഈ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഓച്ചിറ കാളകെട്ട് ഉത്സവം; പ്രാദേശിക അവധി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ (സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി അനുവദിച്ചത്. 

ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് മാവുള്ളതിൽ കിഴക്കതിൽ ശിവരാമൻ അന്തരിച്ചു

ശൂരനാട് വടക്ക് .പടിഞ്ഞാറ്റകിഴക്ക് മാവുള്ളതിൽ കിഴക്കതിൽ ശിവരാമൻ (67) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് . ഭാര്യ പരേതയായ ഓമന മക്കൾ വിനോദ് , വി പിൻ. സഞ്ചയനം 27 ഞായറാഴ്ചരാവിലെ 8 ന്