ബംഗളൂരു : കന്നഡ നടി രുക്മിണി വസന്തിന്റെ എ ഐ വീഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ബാഗൽകോട്ട് ജില്ലയിലെ ചിലകമുഖി ഗ്രാമത്തിൽ താമസിക്കുന്ന രവികുമാർ (24) ശിവമോഗ സ്വദേശി ചന്ദ്രകാന്ത് (33), ബംഗളൂരു സ്വദേശി രഞ്ജിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും ബിഎൻഎസിയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് തന്റെ സ്വകാര്യതയെ ബാധിച്ചെന്നും മാനസിക പീഡനത്തിന് ഇരയായെന്നും പൊതുജനങ്ങൾക്ക് മുന്നിൽ തന്നെ തെറ്റായി ചിത്രീകരിച്ചുവെന്നും നടി പരാതിയിൽ പറയുന്നു.
പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നതായും സൈബർ കമാൻഡ് സിഐഡി ഡിജിപി പ്രണബ് മൊഹന്തി പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കന്നഡ, തമിഴ്, തെലുഗു ഭാഷകളിൽ വിവിധ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രുക്മിണി വസന്ത്. സപ്ത സാഗരാച്ചേ എല്ലോ- സൈഡ് എ, സൈഡ് ബി, ബഗീര, എയ്സ്, കാന്താര എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
നടി രുക്മിണി വസന്തിന്റെ എ ഐ വീഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി… മൂന്ന് പേർ അറസ്റ്റിൽ
നീറ്റ്: സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ നാളെ
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസി (NTA) യാണ് നാളെ രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. മറ്റന്നാള് ( ജൂണ് 21- ഞായറാഴ്ച) ആണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്.
മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി മോക് ഡ്രിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്.
ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കത്തി തുരുമ്പ് എടുത്തതാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
ന്യൂഡൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന കത്തികളും പീലറുകളും തുരുമ്പ് എടുത്തതാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കർശന മുന്നറിയിപ്പ്. രാജ്യത്തെ മുഴുവൻ ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും പുതിയ മാർഗനിർദേശം കർശനമായും പാലിക്കണം. ഭക്ഷണസാധനങ്ങൾ മുറിക്കുന്നതിനും തൊലി കളയുന്നതിനും തുരുമ്പെടുക്കാത്ത, ഗുണനിലവാരമുള്ള കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂൾ 4 പ്രകാരം, ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ മെറ്റീരിയലുകൾ കൊണ്ട് നിർമിച്ചതായിരിക്കണം. ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ, രാജ്യത്തെ പല ഹോട്ടലുകളിലും ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും തുരുമ്പെടുത്തതും, കേടുപാടുകൾ സംഭവിച്ചതും, പെയിന്റടിച്ചതുമായ കത്തികളും ബ്ലേഡുകളുമാണ് ഉപയോഗിക്കുന്നതെന്ന് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
തുരുമ്പിച്ചതോ അരികുകൾ ഒടിഞ്ഞതോ ആയ കത്തികൾ ഉപയോഗിക്കുന്നത് വഴി ഭക്ഷണത്തിൽ അവയുടെ ഭാഗങ്ങൾ വീഴാനും, രാസവസ്തുക്കളും അണുക്കളും കലരാനും സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിലുള്ള അനാസ്ഥകൾ നിയമവിരുദ്ധമാണെന്നും അതോറിറ്റി ഓർമിപ്പിക്കുന്നു.
യുവരാജ് സിങ് പരിശീലക കുപ്പായം അണിയുന്നു
ന്യൂഡൽഹി: യുവരാജ് സിങ് ഐ.പി.എല്ലിലൂടെ തന്റെ പരിശീലക കരിയറിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലക സംഘത്തിനൊപ്പം യുവരാജ് ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഡൽഹി ടീമിലേക്ക് തിരിച്ചെത്തുന്നതോടെ, യുവരാജിനെയും ഒപ്പം കൂട്ടാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് സൂചന. യുവരാജ് ടീമിന്റെ ഭാഗമാകുമെന്ന കാര്യം ഡൽഹി ക്യാപിറ്റൽസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മാനേജ്മെന്റിൽ വരുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അഴിച്ചുപണി നടക്കുന്നത്. ഡൽഹി ടീമിന്റെ ഉടമസ്ഥാവകാശം ജി.എം.ആർ ഗ്രൂപ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ് എന്നിവർ രണ്ട് വർഷം വീതമുള്ള കാലാവധിയിലാണ് മാറിമാറി നിയന്ത്രിക്കുന്നത്. കഴിഞ്ഞ 2025, 2026 വർഷങ്ങളിൽ ജി.എം.ആർ ഗ്രൂപ്പാണ് ടീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ, 2027 സീസൺ മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ജെ.എസ്.ഡബ്ല്യു ഗ്രൂപ് ടീമിന്റെ ഭരണം ഏറ്റെടുക്കും. മുമ്പ് ഇവർ ടീം നിയന്ത്രിച്ചിരുന്ന സമയത്ത് ക്രിക്കറ്റ് ഡയറക്ടറായിരുന്ന സൗരവ് ഗാംഗുലി ഇതോടെ വീണ്ടും പദവിയിലേക്ക് തിരിച്ചെത്തും. നിലവിലെ ഹെഡ് കോച്ച് ഹേമാങ് ബദാനിക്കൊപ്പം യുവരാജിനെയും ഉൾപ്പെടുത്തി സപ്പോർട്ട് സ്റ്റാഫ് ശക്തമാക്കാനാണ് ഗാംഗുലിയുടെ നീക്കം.
സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന 3 കാര്യങ്ങൾ; ജീവിതശൈലിയിൽ നിർബന്ധമായും വരുത്തേണ്ട ചില മാറ്റങ്ങൾ
സ്തനാർബുദ സാധ്യതയെക്കുറിച്ച് ചിന്തിക്കുമ്പോൾ പലപ്പോഴും ജനിതകപരമായ കാരണങ്ങളെക്കുറിച്ചോ കുടുംബപാരമ്പര്യത്തെക്കുറിച്ചോ മാത്രമാണ് നാം ആശങ്കപ്പെടാറുള്ളത്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതശൈലിയും ഭക്ഷണരീതികളും സ്തനാർബുദ സാധ്യതയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. രോഗത്തെ തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
- മദ്യപാനം
ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് മദ്യപാനമാണ്. കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് പോലും സ്തനാർബുദ സാധ്യത ഉയർത്തുന്നു. പൂർണ്ണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും അളവ് കുറയ്ക്കുന്നത് ഗുണം ചെയ്യും.
- അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ
വല്ലപ്പോഴും പായ്ക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് വലിയ പ്രശ്നമല്ല. എന്നാൽ ദൈനംദിന ഭക്ഷണക്രമത്തിൽ സംസ്കരിച്ച ഭക്ഷണങ്ങൾ സ്ഥിരമാക്കുന്നത് അപകടസാധ്യത കൂട്ടും. ക്യാൻസർ പ്രതിരോധത്തിന് സഹായിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.
- വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നത്
ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിനപ്പുറം, കൃത്യമായ വ്യായാമങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് നിയന്ത്രിക്കാനും, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും, ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
- ശ്രദ്ധിക്കേണ്ടത്
പ്രായോഗികമായ ഭക്ഷണരീതിയും വ്യായാമവും ശീലമാക്കുന്നതിനൊപ്പം, നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള കൃത്യമായ മെഡിക്കൽ സ്ക്രീനിംഗുകളും പരിശോധനകളും നടത്തുന്നത് സ്തനാർബുദത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്.
വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്നിയമനങ്ങള് റദ്ദാക്കുന്നു; ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ റദ്ദാക്കി തുടങ്ങി സംസ്ഥാന സർക്കാർ. ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. മന്ത്രിസഭ തീരുമാന പ്രകാരമാണ് നടപടി. പിണറായി സര്ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിക്കാനാണ് സർക്കാരിന്റെ നീക്കം.
വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സർക്കാർ ഇഷ്ടപദവികൾ നൽകുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു ഉഷ ടൈറ്റസിന്റെ നിയമനം. ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളി ഉഷ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയാക്കിയതെന്നും ആക്ഷേപം ഉയര്ന്നിരുന്നു. 2021 ല് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്.
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില് ആശ്വാസം, നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു
തിരുവനന്തപുരം: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവാണ്.
അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണ്. രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് നാല് പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 56 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 88 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 118 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 10 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് 1 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (36), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7), പാലക്കാട് (1)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
‘തൊഴിലാളി എന്ന പദം ഒരിടത്തും ഇല്ലാത്ത ബജറ്റ്, സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റം’; വിമർശിച്ച് സിഐടിയു
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ഇടക്കാല ബജറ്റ് ജനപക്ഷ ബദലിനെ തകർക്കുന്ന സ്വകാര്യവൽക്കരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് സിഐടിയു. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ച ജനപക്ഷ ബദൽ നയങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമിയും ജലവും മനുഷ്യവിഭവ ശേഷിയും സ്വകാര്യമേഖലയ്ക്ക് കയ്യടക്കാനുള്ള എല്ലാ മാർഗവും ബജറ്റിലൂടെ തുറന്നുവെക്കുകയാണെന്ന് സിഐടിയു വിമർശിച്ചു.
മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരമേഖലയെ പിപിപി മാതൃകയിൽ സ്വകാര്യ കച്ചവടക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ്. ഭൂപരിഷ്കരണം എന്ന പേരിലുള്ള നിർദേശം കേരളക്കരയുടെ വിലപ്പെട്ട ഭൂമി സ്വകാര്യ മുതലാളിമാർക്ക് സ്വന്തമാക്കാനുള്ള മാർഗമാണ്. പൊതുമേഖലയിലുള്ള കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ബദലായി കേരളത്തിൽ സ്വകാര്യ കപ്പൽ നിർമ്മാണത്തിന് ബജറ്റ് അനുവാദം നൽകുന്നുവെന്നും സിഐടിയു ആരോപിച്ചു.
1500 കോടി രൂപ ചെറുകിട, വൻകിട, ഐടി വ്യവസായങ്ങൾക്കാകെ വകയിരുത്തുമ്പോൾ, സംസ്ഥാന പൊതുമേഖലയ്ക്കായി ബജറ്റിൽ ഒരു നയാപൈസയും പ്രത്യേകമായി വകയിരുത്തുന്നില്ല. ഇതാദ്യമായാണ് പൊതുമേഖലാ വ്യവസായങ്ങൾക്ക് ചില്ലി കാശ് മാറ്റിവെക്കാത്ത ബജറ്റ് അവതരിപ്പിക്കുന്നത്. യുഡിഎഫ് ധവള പത്രത്തിലെ പൊതുമേഖലയെ അടച്ചുപൂട്ടാനും സ്വകാര്യവൽക്കരിക്കുവാനുമുള്ള വിരൽ ചൂണ്ടൽ, വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് വ്യക്തമാകുന്നുവെന്നും സിഐടിയു അഭിപ്രായപ്പെട്ടു.
ബജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലും ലാഭത്തിൽ പ്രവർത്തിക്കുന്ന ടെൽക്, കെഎംഎംഎൽ, ടിസിസി, ട്രാക്കോ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ വസ്തുതപരമല്ലാത്ത ആരോപണങ്ങളുമായി രംഗത്തെത്തി. മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന മേൽ സ്ഥാപനങ്ങളടക്കം 30 ഓളം സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങൾ എൽഡിഎഫ് ഭരണകാലത്ത് മികച്ച ലാഭത്തിൽ ആവുകയും ഉൽപാദനം വർദ്ധിപ്പിച്ചതും പുതിയ ഓർഡറുകൾ കരസ്ഥമാക്കിയതും വിറ്റ് വരവിൽ റെക്കോർഡ് ഭേദിച്ചതും ഇവിടങ്ങളിൽ തൊഴിലാളി നേതാവ് ആണെന്ന് മേനിനടിക്കുന്ന വി ഡി സതീശൻ അറിഞ്ഞില്ലെന്നാണോ എന്നും സിഐടിയു ചോദിച്ചു.
ഓർഡിനറി ബസുകളുടെ സൗജന്യത്തിന് 800 കോടി വേണമെന്ന മന്ത്രിയുടെ ആവശ്യം തള്ളി 600 കോടി മാത്രം വകയിരുത്തിയത്, സ്ത്രീകളുടെ സൗജന്യ യാത്ര മുട്ടിക്കാനോ ഓർഡിനറി ബസ്സുകൾ കുറയ്ക്കാനോ കെഎസ്ആർടിസി കട്ട പുറത്താക്കാനോ ആണ്. ജല അതോറിറ്റിക്കും വൈദ്യുതി ബോർഡിനും എൽഡിഎഫ് സർക്കാർ അനുവദിച്ച പണം പോലും അനുവദിച്ചിട്ടില്ല. പരമ്പരാഗത മേഖലയായ കശുവണ്ടി, കയർ, കൈത്തറി, തോട്ടം, മത്സ്യബന്ധനം, തുടങ്ങിയ മേഖലകൾക്കാകെ എൽഡിഎഫ് സർക്കാർ നൽകിയ പരിഗണനയോ പര്യാപ്തമായ ഫണ്ടോ യുഡിഎഫ് ബജറ്റുകളിൽ നീക്കിവെച്ചിട്ടില്ല, മാത്രമല്ല, എൽഡിഎഫ് സർക്കാർ നൽകിയ ഇൻകം സപ്പോർട്ട് സ്കീം തുടരുമെന്നല്ലാതെ പണം വകകൊള്ളിച്ചിട്ടില്ലെന്നും സിഐടിയു പറഞ്ഞു.
സ്കീം വർക്കർമാരായ ആശ, അംഗൻവാടി, സ്കൂൾപാചകം തുടങ്ങിയവയ്ക്ക് ബജറ്റിന് മുൻപ് പ്രഖ്യാപിച്ച പരിമിതമായ ഓണറേറിയത്തിന്റെ പണമല്ലാതെ ആശാ സമരകാലത്ത് വി ഡി സതീശൻ തന്നെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രഖ്യാപിച്ചതും യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചതുമായ 21,000 രൂപ ഓണറേറിയമോ, വിരമനാനുകൂല്യമോ ബജറ്റിൽ പരിഗണിച്ചിട്ടില്ല. സിഐടിയു സംഘടനയായ അംഗൻവാടി വർക്കേഴ്സ് ഫെഡറേഷൻ ഹൈക്കോടതിയിൽ പോയി നേടിയതും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുവദിക്കാം എന്ന് പറഞ്ഞതുമായ ഗ്രാറ്റിവിറ്റി തുക 26000ത്തോളം വരുന്ന അംഗൻവാടി പെൻഷൻകാർക്ക് എന്ന് നൽകുമെന്ന് ഒരു സൂചനയും ബജറ്റിലില്ല. അംഗൻവാടി പെൻഷൻ കുടിശ്ശിക അടയ്ക്കാനുള്ള പണം അനുവദിച്ചിട്ടില്ലെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്ക് സാധാരണ ബജറ്റിൽ അഞ്ച് ശതമാനം വേതനം എൽഡിഎഫ് സർക്കാർ വർധിപ്പിച്ചിരുന്നു. സതീശൻ സർക്കാർ കരാർ തൊഴിലാളികൾക്കായി ബജറ്റിൽ ഒരു തുകയും വർദ്ധിപ്പിച്ചിട്ടില്ല. സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പണം ബജറ്റിലില്ല. ലൈഫ് മിഷന് മരണവാറണ്ട് പുറപ്പെടുവിക്കുന്ന സൂചനകളും ബജറ്റിലുണ്ട്. സംസ്ഥാന പ്ലാനിങ് ബോർഡിനെ, കേന്ദ്രത്തിലെ നീതി ആയോഗ് പോലെ തിങ്ക് താങ്ക് ആക്കി ഏകാധിപത്യവൽക്കരിക്കുമെന്നും മൂലധന നിക്ഷേപത്തിന് ഏറെ സഹായകമായ കിഫ്ബിയെ പൊളിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരിക്കുന്നുവെന്ന് സിഐടിയു പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യവും ബജറ്റിൽ സൂചിപ്പിക്കുന്നില്ല. നിലവിലെ 21000 മിനിമം വേതനം തൊഴിലാളികൾക്കായി 26000 രൂപയാക്കണം എന്നതടക്കം സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഒരു പരിഗണനയും നൽകിയിട്ടില്ല. ബിജെപി ബജറ്റ് എന്നപോലെ തൊഴിലാളി എന്ന ഒരു പദം പോലും ഒരിടത്തും ഇല്ലാത്ത ബജറ്റ് പൊതുമേഖല വിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്നും സിഐടിയു കുറ്റപ്പെടുത്തി.
വിജയ്യുടെ നിലപാടിൽ കടുത്ത എതിർപ്പ്, വി.ഡി. സതീശനെ കാണാൻ മുല്ലപ്പെരിയാർ സമര സമിതി, ബജറ്റിൽ പുതിയ ഡാമിനെക്കുറിച്ച് പരാമർശമില്ലാത്തതിൽ ആശങ്ക
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര സമിതി. അണക്കെട്ടിൽ സുപ്രീം കോടതി നിർദ്ദേശിച്ച കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ ഉടൻ നടത്തണം.
Also Read: ഫാറ്റി ലിവർ സ്ഥിരീകരിച്ചോ? നിങ്ങളുടെ ഭക്ഷണരീതിയിൽ നിർബന്ധമായും വരുത്തേണ്ട മാറ്റങ്ങൾ
പുതിയ ഡാം നിർമ്മിക്കുന്ന കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിലെത്തണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കാണുമെന്നും സമര സമിതി കൺവീനർ ഷാജി പി ജോസഫ് പറഞ്ഞു. സംസ്ഥാന ബജറ്റിൽ പുതിയ അണക്കെട്ടിനേക്കുറിച്ച് പരാമശമില്ലാത്തത് നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. അറ്റകുറ്റപണികളുമായി മുന്നോട്ടുപോകുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി. സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് സി ജോസഫ് വിജയ്യും. നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം. സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
‘പൊറോട്ടക്കൊപ്പം ഗ്രേവി ഫ്രീയായി നൽകണം’; പരാതി തള്ളി കളഞ്ഞ ജില്ലാ ഫോറത്തിന്റെ ഉത്തരവ് ഉപഭോക്തൃ കമ്മീഷൻ റദ്ദാക്കി
പൊറോട്ടക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ലെന്ന ഉപഭോക്താവിന്റെ പരാതി തള്ളിക്കളഞ്ഞ എറണാകുളം ജില്ലാ ഫോറത്തിന്റെ ഉത്തരവ് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റദ്ദാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ജില്ലാ കമ്മീഷൻ, ഈ വിഷയത്തിൽ ഉപഭോക്തൃ സൗഹൃദപരമായ സമീപനമല്ല സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മീഷൻ ശക്തമായി നിരീക്ഷിച്ചു. കേരളത്തിലെ പൊറോട്ട പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഈ തീരുമാനം വഴിതുറന്നിരിക്കുന്നത്.
സംഭവത്തിന്റെ തുടക്കം 2024 നവംബർ 9-നാണ്. എറണാകുളത്തെ ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ ഷിബു എസ്. തന്റെ സുഹൃത്തിനൊപ്പം കോലഞ്ചേരിയിലുള്ള ‘പെർഷ്യൻ ടേബിൾ റെസ്റ്റോറന്റിൽ’ ഭക്ഷണം കഴിക്കാൻ പോയിരുന്നു. അവർ പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തെങ്കിലും, അതിന്റെ കൂടെ ഗ്രേവി നൽകാൻ ഹോട്ടലധികൃതർ തയാറായില്ല. ഇതിനെതിരെ ഷിബു താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുകയും, തുടർന്ന് നവംബർ 20-ന് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി ഗ്രേവി നൽകിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
എന്നാൽ, 2025 മേയ് 19-ന് ജില്ലാ കമ്മീഷൻ ഈ പരാതി പ്രാരംഭ ഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞു. ഹോട്ടലുകളിൽ ഭക്ഷണം നൽകുമ്പോൾ ഒപ്പം ഗ്രേവി നൽകണമെന്ന് നിയമപരമോ കരാർപരമോ ആയ യാതൊരു ബാധ്യതയുമില്ലെന്നായിരുന്നു ജില്ലാ ഫോറത്തിന്റെ കണ്ടെത്തൽ. ഈ ഉത്തരവിനെതിരെ ഷിബു സംസ്ഥാന കമ്മീഷനിൽ അപ്പീൽ നൽകി. ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ (പ്രസിഡന്റ്), കെ.ആർ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംസ്ഥാന കമ്മീഷൻ ബെഞ്ച്, ജില്ലാ കമ്മീഷന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടെത്തി.
രണ്ട് പ്രധാന കാരണങ്ങളാണ് സംസ്ഥാന കമ്മീഷൻ ഇതിനായി ചൂണ്ടിക്കാണിച്ചത്. ഒന്ന്, പരാതി ഫയൽ ചെയ്ത് നിയമപ്രകാരമുള്ള 21 ദിവസത്തെ പരിധിക്കുള്ളിൽ ജില്ലാ കമ്മീഷൻ ഇത് തള്ളിയില്ല, അതിനാൽ ഇത് നിയമപരമായി സ്വീകരിക്കപ്പെട്ടതായി കണക്കാക്കണം. രണ്ട്, പൊറോട്ടയോ ബീഫോ പോലെയുള്ള വരണ്ട ആഹാരസാധനങ്ങൾക്കൊപ്പം ഗ്രേവി നൽകുക എന്നത് കാലങ്ങളായുള്ള ഹോട്ടൽ വ്യവസായ ശീലങ്ങളുടെ ഭാഗമാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ വേളയിൽ പരിശോധിക്കേണ്ട കാര്യമാണ്. അതിനു മുമ്പേ പ്രാരംഭ ഘട്ടത്തിൽ പരാതി തള്ളിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കി. കേസ് കൃത്യമായി പരിശോധിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാൻ ജില്ലാ കമ്മീഷനോട് നിർദ്ദേശിച്ച സംസ്ഥാന കോടതി, പരാതിക്കാരനോട് വരുന്ന ജൂലൈ 8-ന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.



































